Criticism | മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം: നിയമിക്കപ്പെട്ടത് കോടികൾ പ്രതിഫലം പറ്റുന്ന പിആർ ഏജൻസിയെന്ന് വി ടി ബൽറാം; 'പരാമർശങ്ങൾ ഡാമേജ് ആവോളം ഉണ്ടാക്കി'

 
Congress Leader Alleges PR Agency Altered CM's Interview
Congress Leader Alleges PR Agency Altered CM's Interview

Image Credit: Facebook / VT Balram

● 'സ്ക്രിപ്റ്റിൽ ഇല്ലാത്ത ചില ഡയലോഗുകൾ പിന്നീട് ചേർത്തു
● ഈ ഡയലോഗുകളും അതിലെ കണക്കുകളും മുഖ്യമന്ത്രിയുടേത് തന്നെയാണ്
● ബിജെപി നേതാക്കൾ മുഖ്യമന്ത്രിയെ പിന്തുണച്ചു'

പാലക്കാട്: (KVARTHA) ദി ഹിന്ദു പത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖത്തിനായി നിയമിക്കപ്പെട്ടത് കോടികൾ പ്രതിഫലം പറ്റുന്ന പിആർ ഏജൻസിയെന്ന് കോൺഗ്രസ് നേതാവ് വി ടി ബൽറാം. ഏജൻസിയുടെ സാന്നിധ്യത്തിൽ നടന്ന ഇന്റർവ്യൂവിൽ ആദ്യം തയ്യാറാക്കിയ സ്ക്രിപ്റ്റിൽ ഇല്ലാത്ത ചില ഡയലോഗുകൾ പിന്നീട് ചേർത്തു. ഈ ഡയലോഗുകളും അതിലെ കണക്കുകളും മുഖ്യമന്ത്രിയുടേത് തന്നെയാണ്. അവ മുഖ്യമന്ത്രി മുൻപ് മറ്റൊരു വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങളായിരുന്നുവെന്നും വി ടി ബൽറാം  ഫേസ്‌ബുക് പോസ്റ്റിൽ കുറിച്ചു.

അഭിമുഖം പത്രത്തിൽ പ്രസിദ്ധീകരിച്ചപ്പോൾ, മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ പ്രസ് സെക്രടറിയോ ഇതിനെ തള്ളിപ്പറഞ്ഞില്ല. പകരം, സൈബർ ക്യാപ്സ്യൂൾ നിർമാതാക്കൾ ചുവന്ന വട്ടമിട്ട് മുഖ്യമന്ത്രിയുടെ പോയിന്റ്സ്‌ അണികൾക്കിടയിൽ പ്രചരിപ്പിച്ചു. അപ്പോഴും മുഖ്യമന്ത്രിയോ മാധ്യമ ഉപദേഷ്ടാക്കളോ അതിനെ തള്ളിപ്പറഞ്ഞില്ല. ആർഎസ്എസ് ഭാഷയിലുള്ള മുഖ്യമന്ത്രിയുടെ പരാമർശങ്ങൾക്കെതിരെ മതേതര ബോധ്യമുള്ളവർ പരക്കെ വിമർശനമുയർത്തി.

എന്നാൽ, ബിജെപി നേതാക്കൾ മുഖ്യമന്ത്രിയെ പിന്തുണച്ചു. ഈ വിവാദങ്ങൾക്കിടയിലും മുഖ്യമന്ത്രി നേരിട്ട് ഒരു വിശദീകരണം നൽകിയില്ല. സംസ്ഥാന ഗവർണർ മുഖ്യമന്ത്രിയുടെ പരാമർശങ്ങളെ ഏറ്റുപിടിച്ച്  സർക്കാരിൽ നിന്ന് വിശദീകരണം തേടി. സിപിഎം നേതാക്കൾ വിഷയത്തെ ന്യായീകരിക്കാൻ ശ്രമിച്ചുവെങ്കിലും, ഘടക കക്ഷി മന്ത്രിമാർ കയ്യൊഴിഞ്ഞു.

ഒരു നാടിനേയും ഒരു പ്രത്യേക മതസമൂഹത്തിനേയും അപരവൽക്കരിച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ പരാമർശങ്ങൾ അതിന്റെ ഡാമേജ് ആവോളം ഉണ്ടാക്കിയതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ഇന്റർവ്യൂവിലെ ചില പരാമർശങ്ങളെ തള്ളിക്കളഞ്ഞ് പത്രത്തിന്റെ എഡിറ്റർക്ക് കത്തെഴുതിയതെന്നും ബൽറാം വിമർശിച്ചു.

വി ടി ബൽറാമിന്റെ ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം:

'ക്രോണോലോജി ദേഖിയേ...
1. ഒരു സംസ്ഥാന മുഖ്യമന്ത്രി, സംസ്ഥാനത്തിന് പുറത്ത് പ്രത്യേകിച്ച് യാതൊരു രാഷ്ട്രീയ പ്രസക്തിയുമില്ലാത്ത ഒരു പാർട്ടിയുടെ ഏക മുഖ്യമന്ത്രി, സംസ്ഥാനത്തിന് പുറത്ത് പോയി, രാജ്യ തലസ്ഥാനത്ത് വച്ച്, ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് ഇന്റർവ്വ്യൂ നൽകുന്നു.
2. അതും കല്ലുകൊത്താനുണ്ടോ കല്ലുകൊത്താനുണ്ടോ മോഡലിൽ ഇന്റർവ്വ്യൂ വേണോ ഇന്റർവ്വ്യൂ വേണോ എന്ന് അങ്ങോട്ട് വിളിച്ചു ചോദിച്ച് കൊണ്ട്.
3. അതിനായി നിയമിക്കപ്പെടുന്നതോ കോടികൾ പ്രതിഫലം പറ്റുന്ന ഒരു PR ഏജൻസിയും.
4. എന്നിട്ട് ഈ ഏജൻസിയുടെ രണ്ട് പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ പ്രസ്തുത ഇന്റർവ്വ്യൂ നാടകം ഡൽഹിയിൽ അരങ്ങേറുന്നു.
5. ആദ്യ സ്ക്രിപ്റ്റിലില്ലാത്ത ചില ഡയലോഗുകൾ പിന്നീട് തിരുകിക്കയറ്റാൻ തീരുമാനിക്കുന്നു.
6. ഈ ഡയലോഗുകൾ മുഖ്യമന്ത്രിക്ക് വേണ്ടി എന്ന പേരിൽ PR ഏജൻസി പത്രത്തിന് എഴുതിനൽകുന്നു.
7. ഓർക്കുക, പിന്നീട് തിരുകിക്കയറ്റിയതാണെങ്കിലും ആ ഡയലോഗുകളും അതിലെ കണക്കുകളും മുഖ്യമന്ത്രിയുടേത് തന്നെയാണ്.
കുറച്ച് ദിവസം മുൻപ് മുഖ്യമന്ത്രി മറ്റൊരു പത്രസമ്മേളനത്തിൽ പറഞ്ഞ കണക്കുകളാണ്.
8. നിഷ്പക്ഷ പത്ര പ്രവർത്തനത്തിന്റെ പേരിൽ വിശ്വാസ്യത ഏറെ അവകാശപ്പെടുന്ന പത്രത്തിന്റെ നടുപേജിൽ പിറ്റേന്ന് നെടുങ്കൻ ഇന്റർവ്വ്യൂ പ്രത്യക്ഷപ്പെടുന്നു. 
9. മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയോ മാധ്യമ ഉപദേഷ്ടാക്കളോ ഇന്റർവ്വ്യൂവിനെ ആദ്യം തള്ളിപ്പറയുന്നില്ല.
10. സൈബർ ക്യാപ്സ്യൂൾ നിർമ്മാതാക്കൾ ചുവന്ന വട്ടമിട്ട് മുഖ്യമന്ത്രിയുടെ പോയിന്റ്സ്‌ അണികൾക്കിടയിൽ പ്രചരിപ്പിക്കുന്നു.
11. അപ്പോഴും മുഖ്യമന്ത്രിയോ മാധ്യമ ഉപദേഷ്ടാക്കളോ അതിനെ തള്ളിപ്പറയുന്നില്ല.
12. RSS ഭാഷയിലുള്ള മുഖ്യമന്ത്രിയുടെ പരാമർശങ്ങൾക്കെതിരെ മതേതര ബോധ്യമുള്ളവർ പരക്കെ വിമർശനമുയർത്തുന്നു.
13. മറുഭാഗത്ത് തങ്ങൾ ഇത്രയും നാൾ പറഞ്ഞു കൊണ്ടിരുന്ന കാര്യങ്ങൾ തങ്ങളേക്കാൾ നന്നായി പറയുന്ന മുഖ്യമന്ത്രിക്ക് പിന്തുണയുമായി BJP നേതാക്കൾ രംഗത്ത് വരുന്നു. 
14. അപ്പോഴും മുഖ്യമന്ത്രി നേരിട്ടൊരു വിശദീകരണം നൽകുന്നില്ല.
15. മുഖ്യമന്ത്രിയെ തെരുവിൽ കരിങ്കൊടി കാണിക്കുന്നതടക്കമുള്ള സമര പരിപാടികൾ സംസ്ഥാനത്ത് പലയിടങ്ങളിലായി ഉയർന്നുവരുന്നു.
15. അപ്പോഴും മുഖ്യമന്ത്രി നേരിട്ട് കമാന്ന് ഒരക്ഷരം പറയുന്നില്ല.
16. RSS നോമിനിയായ ഗവർണർ മുഖ്യമന്ത്രിയുടെ പരാമർശം ഏറ്റുപിടിക്കുന്നു. സർക്കാരിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു.
17. മുഖ്യമന്ത്രി പറഞ്ഞതിൽ എന്താണ് തെറ്റ് എന്ന് എകെ ബാലനേപ്പോലുള്ള സിപിഎം നേതാക്കളും 
അതിനേക്കുറിച്ച് വിവാദമുണ്ടാക്കണ്ട എന്ന് മുഹമ്മദ് റിയാസ്, എംബി രാജേഷ് എന്നീ സിപിഎം മന്ത്രിമാരും ന്യായീകരിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞതിനേക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് പറഞ്ഞ് കെ.രാജനേപ്പോലുള്ള ഘടകകക്ഷി മന്ത്രിമാർ കയ്യൊഴിയുന്നു.
18. ഒരു നാടിനേയും ഒരു പ്രത്യേക മതസമൂഹത്തിനേയും അപരവൽക്കരിച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഇന്റർവ്വ്യൂ പരാമർശങ്ങൾ അതിന്റെ ഡാമേജ് ആവോളം ഉണ്ടാക്കിയതിന് ശേഷം മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ഇന്റർവ്യൂവിലെ ചില പരാമർശങ്ങളെ തള്ളിക്കളഞ്ഞ് പത്രത്തിന്റെ എഡിറ്റർക്ക് കത്തെഴുതുന്നു.
19. പത്രം ഇത് PR ഏജൻസിയുടെ പണിയാണെന്ന് പറഞ്ഞ് കയ്യൊഴിയുന്നു. മോഹൻലാലിന്റെ പേരിലുള്ള ലേഖനത്തിന്റെ പേരിൽ ദേശാഭിമാനി മാപ്പ് പറഞ്ഞത് പോലെ ഇന്റർവ്വ്യൂവിന്റെ പേരിൽ "ഇംഗ്ലീഷ് ദേശാഭിമാനി" എന്നറിയപ്പെടുന്ന പത്രവും മാപ്പ് പറയുന്നു.
20. സത്യാനന്തര കൊണവതിയാരം അടുത്താഴ്ച യുട്യൂബിൽ'.


 

#KeralaPolitics #PinarayiVijayan #PRAgency #InterviewControversy #ScriptManipulation #IndianPolitics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia