CM Pinarayi | 'പുരോഹിതര്‍ക്കിടയിലും വിവരദോഷികള്‍', തിരിച്ചടിച്ച് പിണറായി; ഗീവർഗീസ് മാർ കൂറിലോസ് - മുഖ്യമന്ത്രി പോര് 

 
pinarayi
pinarayi


കേരളത്തിലെ ഇടതുപക്ഷത്തിന്‌ ബംഗാളിലെയും ത്രിപുരയിലെയും അവസ്‌ഥ വരുമെന്നായിരുന്നു മാർ കൂറിലോസിന്റെ വിമർശനം 

തിരുവനന്തപുരം:  (KVARTHA) തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയ യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ അധ്യക്ഷൻ ഡോ. ഗീവർഗീസ് മാർ കൂറിലോസിനെതിരെ തിരിച്ചടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പുരോഹിതർക്കിടയിലും വിവരദോഷികളുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. സര്‍ക്കാരിന്റെ കഴിഞ്ഞ ഒരുവർഷത്തെ  പ്രവര്‍ത്തനങ്ങളുടെ പ്രോഗ്രസ് കാര്‍ഡ് പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പ്രളയം ഉണ്ടായതാണ് ഈ സർക്കാറിനെ വീണ്ടും അധികാരത്തിലേറ്റാൻ ഇടയാക്കിയതെന്നും ഇനിയൊരു പ്രളയം ഉണ്ടാകുമെന്ന് ധരിക്കേണ്ടായെന്നും പുരോഹിതൻ പറഞ്ഞതായിട്ട് കണ്ടു. പുരോഹിതന്മാരുടെ ഇടയിലും ചിലപ്പോൾ ചില വിവരദോഷികളുണ്ടാകും എന്നതാണ് ആ വാചകത്തിലൂടെ വ്യക്തമാകുന്നത്.   നമ്മളാരും ഇവിടെ വീണ്ടും ഒരു പ്രളയം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല. പക്ഷെ, നേരിട്ട ദുരന്തത്തെ ശരിയായ രീതിയിൽ അതിജീവിക്കാൻ നാടാകെ ഒറ്റക്കെട്ടായി നിന്നുവെന്നും അത് കേരളത്തിന് മാത്രം കഴിയുന്നതാണെന്നും പിണറായി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ഫേസ്ബുക് പോസ്റ്റിലായിരുന്നു മോര്‍ കൂറിലോസിന്റെ വിമർശനം. ജനങ്ങള്‍ നല്‍കുന്ന തുടര്‍ച്ചയായ ആഘാത ചികിത്സയില്‍നിന്ന്‌ ഇനിയും പാഠം പഠിക്കാന്‍ തയാറായില്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷത്തിന്‌ ബംഗാളിലെയും ത്രിപുരയിലെയും അവസ്‌ഥ വരുമെന്ന്‌ അദ്ദേഹം കുറിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍  കേരളത്തില്‍ ഇടതുപക്ഷത്തിനുണ്ടായ തകര്‍ച്ചയുടെ പ്രധാന കാരണങ്ങളില്‍ ഒന്ന്‌ നിലവിലുള്ള അതിശക്‌തമായ ഭരണവിരുദ്ധ വികാരമാണ്‌. സിപിഎം എത്ര നിഷേധിക്കുവാന്‍ ശ്രമിച്ചാലും അത്‌ ഒരു യാഥാര്‍ത്ഥ്യമാണ്‌. 

സാമ്പത്തിക നയങ്ങളിലെ പരാജയം, അച്ചടക്കമില്ലായ്‌മ, ധൂര്‍ത്ത്‌, വളരെ മോശമായ പൊലീസ്‌ നയങ്ങള്‍, മാധ്യമ വേട്ട, സഹകരണ ബാങ്കുകളില്‍ ഉള്‍പ്പെടെ നടന്ന അഴിമതികള്‍, പെന്‍ഷന്‍ മുടങ്ങിയത്‌ അടക്കം  പാവപ്പെട്ടവരെ അവഗണിച്ചുള്ള നീക്കങ്ങള്‍, എസ്‌എഫ്‌ഐയുടെ അക്രമാസക്‌ത രാഷ്ട്രീയം, വിമര്‍ശനങ്ങളോടുള്ള അസഹിഷ്‌ണുത, മതസാമുദായിക സംഘടനകളെ അതിരുവിട്ട്‌ പ്രീണിപ്പിക്കുവാനുള്ള ശ്രമങ്ങള്‍, വലതുവല്‍ക്കരണ നയങ്ങള്‍, തുടങ്ങിയ നിരവധി കാരണങ്ങള്‍ ഈ തോല്‍വിക്ക്‌ നിദാനം ആണെന്നും അദ്ദേഹം പറയുന്നു.

ധാര്‍ഷ്‌ട്യവും ധൂര്‍ത്തും  ഇനിയും തുടര്‍ന്നാല്‍ ഇതിലും വലിയ തിരിച്ചടികള്‍ ആയിരിക്കും  ഇടതുപക്ഷത്തെ കാത്തിരിക്കുക. എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്‌ക്ക് എത്തണമെന്നില്ല. കിറ്റ്‌ രാഷ്‌ട്രീയത്തില്‍ ഒന്നിലധികം പ്രാവശ്യം ജനങ്ങള്‍ വീഴില്ല, പ്രത്യേകിച്ച്‌ കേരളത്തില്‍. തിരുത്തുമെന്ന്‌ നേതൃത്വം പറയുന്നത്‌ സ്വാഗതാര്‍ഹമാണ്‌. അത്‌ പക്ഷേ തൊലിപ്പുറത്തുള്ള തിരുത്തല്‍ ആവരുതെന്നും മോര്‍ കൂറിലോസ് പരാർശിക്കുകയുണ്ടായി. ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽ‌വിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് തെറ്റുതിരുത്തൽ നടപടികളുമായി മുന്നോട്ട് പോകാൻ ശ്രമിക്കുമ്പോഴാണ് ഗീവർഗീസ് മാർ കൂറിലോസ് - മുഖ്യമന്ത്രി പോര് നടക്കുന്നതെന്നാണ് ശ്രദ്ധേയം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia