Criticism | അൻവർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാതെ മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിക്കുന്നുവെന്ന് പിഎംഎ സലാം
● 'രാഷ്ട്രീയ നേട്ടങ്ങൾക്കായി മലപ്പുറത്തെ ഉപയോഗിക്കുന്നു'
● 'ആരോപണങ്ങൾ തെറ്റാണെന്ന് പറയേണ്ടത് അതു തെളിയിച്ചിട്ടാണ്'
കണ്ണൂർ: (KVARTHA) പി വി അൻവർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാതെ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലയെ അവഹേളിക്കുകയാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം കണ്ണൂർ ബാഫഖി തങ്ങൾ മന്ദിരത്തിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഒരു മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹം കേരളത്തിൻ്റെ മുഴുവൻ പ്രതിനിധിയാണ്. സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന തറ രാഷ്ട്രീയക്കാരനിൽ നിന്നും ഉയരാൻ അദ്ദേഹത്തിന് കഴിയണം.
മലപ്പുറം ജില്ലയെ പറയുന്നത് കരിപ്പൂർ വിമാനത്താവളമുള്ളതുകൊണ്ടാണ്. കണ്ണൂർ ജില്ലയിൽ നിന്നു പോകുന്നവരാണ് അവിടെ നിന്നും സ്വർണം തട്ടിയെടുക്കുന്നത്. മുഖ്യമന്ത്രിസ്ഥാനത്തു നിന്നും ഇത്ര ജുഗുപ്സാവഹമായ ആരോപണങ്ങൾ ഉന്നയിക്കുന്ന ആദ്യത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ്. ഒരു പ്രദേശത്തെ ജനങ്ങളെ മുഴുവൻ അവഹേളിക്കുകയാണ് അദ്ദേഹം ചെയ്തത്. അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ചത് സി.പി.എം സഹയാത്രികനായ അൻവറെന്ന മലപ്പുറത്തെ എം.എൽ.എയാണ്.
താൻ ഇപ്പോഴും സി.പി.എമ്മിനൊടൊപ്പമാണെന്നാണ് അൻവർ പറയുന്നത്. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ നിന്നും രക്ഷപ്പെടുന്നതിനാണ് മുഖ്യമന്ത്രി മലപ്പുറത്തിനെ പഴിചാരുന്നത്. ഹവാലപണം രാജ്യദ്രോഹത്തിന് ഉപയോഗിക്കുന്നുണ്ടെങ്കിൽ മുഖ്യമന്ത്രിയെന്ന അദ്ദേഹത്തിൻ്റെ കഴിവുകേടാണ്. എന്തെങ്കിലും ഒരു തെളിവ് അദ്ദേഹത്തിന് കൊടുക്കാനുണ്ടോയെന്നും പിഎംഎ സലാം ചോദിച്ചു.
തിരുവനന്തപുരം എയർപോർട്ടിലൂടെ ഡിപ്ലോമാറ്റിക് ചാനലിൽ സ്വർണം കടത്തിയതിലെ പ്രതികളെ ഇതുവരെ പിടിച്ചോ? ഈ പിടിച്ച സ്വർണവും പണവും എങ്ങോട്ടു പോയി. അധികാരം നിലനിർത്താൻ സ്വന്തം കുറ്റങ്ങളിൽ നിന്നും രക്ഷപ്പെടാൻ നടത്തുന്ന സംവിധാനം മാറ്റിയേ പറ്റൂ. അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ തെറ്റാണെന്ന് പറയേണ്ടത് അതു തെളിയിച്ചിട്ടാണ്, അല്ലാതെ മറ്റാരെയെങ്കിലും അപമാനിച്ചിട്ടല്ലെന്നും പിഎംഎ സലാം പറഞ്ഞു.
#PMASalam, #PinarayiVijayan, #Malappuram, #KeralaPolitics, #Allegations, #PoliticalCriticism