Trend | പൂച്ചകൾക്കും പട്ടികൾക്കും പാർട്ട് ടൈം ജോലി!; ചൈനയിൽ സംഭവിക്കുന്നത്


● ഇത്തരം ഒരു അനുഭവത്തിന് 350 രൂപ മുതൽ 700 രൂപ വരെയാണ് ഈടാക്കുന്നത്.
● ദിനംപ്രതി സ്നാക്സും ഉടമയുടെ സുഹൃത്തുക്കൾക്ക് കഫേയിൽ 30 ശതമാനം കിഴിവും
ബീജിങ്: (KVARTHA) ചൈനയിൽ വൻ തരംഗമായി മാറുകയാണ് അവിടത്തെ പെറ്റ് കഫേകൾ. വളർത്തുമൃഗങ്ങളായ പൂച്ചകളും പട്ടികളുമാണ് ഈ കഫേകളിലെ പ്രധാന ആകർഷണം തന്നെ. അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ് ഒരു കഫേ ഉടമ നൽകിയ പരസ്യം. തന്റെ സ്ഥാപനത്തിലേക്ക് ജോലിക്കാരായി പൂച്ചകളെ ആവശ്യമുണ്ടെന്നായിരുന്നു പരസ്യം. ആരോഗ്യമുള്ള, നല്ല സ്വഭാവമുള്ള പൂച്ചകളെയാണ് ജോലിക്കായി ക്ഷണിക്കുന്നതെന്ന് ഉടമ സോഷ്യൽ മീഡിയയിൽ നൽകിയ പരസ്യത്തിൽ പ്രത്യേകം അറിയിക്കുന്നുണ്ട്.
പാർട് ടൈം ജോലിയാണ് പൂച്ചകൾക്ക് ഇവിടെ ഉള്ളത്. ദിനംപ്രതി സ്നാക്സും ഉടമയുടെ സുഹൃത്തുക്കൾക്ക് കഫേയിൽ 30 ശതമാനം കിഴിവും ലഭിക്കും. കഫേയിൽ പൂച്ചകൾക്കുള്ള പ്രധാന ജോലി എന്നത് സന്ദർശകരെ സന്തോഷിപ്പിക്കണം എന്നതാണ്. സംഭവം അവിശ്വസനീയമായി തോന്നിയേക്കാം, എന്നാൽ ചൈനയിൽ ഇത് സർവസാധാരണമാണ്. പല ഉടമകളും തങ്ങളുടെ ബിസിനസ് വർദ്ധിപ്പിക്കാൻ ഈ രീതി സ്വീകരിക്കുന്നു. പൂച്ചകളെ കൂടാതെ നായകളെയും ഇത്തരം കഫേകളിൽ കാണാം.
പെറ്റുകളെ ഇഷ്ടപ്പെടുന്നവർക്ക് ഇത്തരം കഫേകൾ ഒരു പറുദീസയാണ്. പൂച്ചകളുടെ സാന്നിധ്യം മനസ്സിന് ഒരുപാട് സമാധാനം നൽകുമെന്ന് പലരും വിശ്വസിക്കുന്നു. സന്ദർശകർക്കിടയിലൂടെ നടന്നും ഓടിയും അവരുടെ തലോടലുകൾക്കും വാത്സല്യങ്ങളും സ്വീകരിച്ച് അന്തരീക്ഷം കൂടുതൽ സുഖകരമാക്കുകയുമാണ് ഇവ ചെയ്യുന്നത്.
വീട്ടിൽ പെറ്റുകളുള്ളവർക്കും ഈ കഫേകൾ ഒരു വരദാനമാണ്. ജോലിക്കും മറ്റുമായി പുറത്തു പോകുന്ന ഇവർക്ക് താൽക്കാലികമായി തങ്ങളുടെ പെറ്റുകളെ ഇവിടെ വിട്ടുകൊടുക്കാൻ കഴിയും.
ഈ മൃഗങ്ങളുടെ സാന്നിധ്യം അനുഭവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ചൈനയിലെ പെറ്റ് കഫേകൾ ഒരു പ്രിയപ്പെട്ട ഇടമാണ്. എന്നാൽ, ഇത്തരം ഒരു അനുഭവത്തിന് 350 രൂപ മുതൽ 700 രൂപ വരെയാണ് ഈടാക്കുന്നത്.
#catcafe #China #catsofinstagram #uniquebusiness #trending #animallovers