Moon Mission | ഇതുവരെ ആരും പോയിട്ടില്ലാത്ത, പോകാൻ ശ്രമിച്ചിട്ടില്ലാത്ത ചന്ദ്രൻ്റെ ഭാഗത്ത് ബഹിരാകാശ പേടകം ഇറക്കി ചൈന


ലക്ഷ്യം കൈവരിച്ചാൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നിന്ന് ശേഖരിച്ച മണ്ണും പാറകളും ഭൂമിയിലേക്ക് തിരികെ കൊണ്ടുവരുന്ന ആദ്യത്തെ ദൗത്യമായിരിക്കും ഇത്
ബീജിംഗ്: (KVARTHA) ചന്ദ്രനിൽ നിന്ന് മണ്ണും പാറകളും ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ ചൈന വിക്ഷേപിച്ച ചാങ്'ഇ-6 ബഹിരാകാശ പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തതായി ചൈന അറിയിച്ചു. ഭൂമിയിൽ നിന്ന് ദൃശ്യമാകാത്ത ചന്ദ്രൻ്റെ ഭാഗത്താണ് തങ്ങളുടെ ആളില്ലാ പേടകം ഇറങ്ങിയതെന്ന് ചൈന വ്യക്തമാക്കി. ഇതുവരെ ആരും പോയിട്ടില്ലാത്ത, ആരും പോകാൻ ശ്രമിച്ചിട്ടില്ലാത്ത ചന്ദ്രൻ്റെ പ്രദേശമാണിത്.
ചൈന നാഷണൽ സ്‌പേസ് അഡ്മിനിസ്‌ട്രേഷനിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച്, ബീജിംഗ് സമയം രാവിലെ 6:23 ന് ദക്ഷിണധ്രുവത്തിലെ-എയ്റ്റ്‌കെൻ ബേസിൻ എന്ന വലിയ ഗർത്തത്തിലാണ് മൊഡ്യൂൾ ഇറങ്ങിയത്. ചന്ദ്രൻ്റെ ഈ പ്രദേശം സൗരയൂഥത്തിലെ ഏറ്റവും വലിയ ഗർത്തങ്ങളിൽ ഒന്നാണ്. ചൈനയിലെ ചന്ദ്രദേവതയുടെ പേരിലുള്ള ചാങ്ഇയിലെ ആറാമത്തെ ദൗത്യമാണിത്. ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ ബഹിരാകാശ പേടകം ഇറക്കുന്നതിൽ വിജയിച്ച ലോകത്തിലെ ആദ്യ രാജ്യമാണ് ചൈന. 2019ൽ ചൈന ചാങ്-ഇ-4 പേടകം ഇവിടെ ഇറക്കിയിരുന്നു.
ലാൻഡർ രണ്ട് ദിവസത്തിനുള്ളിൽ രണ്ട്‍ കിലോഗ്രാം വസ്തുക്കൾ ശേഖരിക്കുന്ന വിധത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ചൈനയുടെ ഇന്നർ മംഗോളിയ മേഖലയിലെ മരുഭൂമിയിൽ ജൂൺ 25 ന് ഭൂമിയിലേക്ക് ശേഖരിച്ച സാമ്പിളുകൾ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ചന്ദ്രൻ്റെ വിദൂര ഭാഗത്തുള്ള ദൗത്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടാണ്. അതേസമയം, 2030ന് മുമ്പ് ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാനുള്ള ഒരുക്കത്തിലാണ് ചൈന.
ഏഴ് കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹത്തിൽ ചന്ദ്രൻ്റെ വിദൂര ഭാഗത്തിൻ്റെ ഫോട്ടോ എടുക്കാൻ കാമറയുണ്ട്. ചൈനീസ് ശാസ്ത്ര ഉപകരണങ്ങൾക്കൊപ്പം, ഫ്രാൻസ്, ഇറ്റലി, യൂറോപ്യൻ ബഹിരാകാശ ഏജൻസി, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള പേലോഡുകളും ദൗത്യത്തിൻ്റെ ഭാഗമാകും. ചാങ്'ഇ-6 ലക്ഷ്യം കൈവരിച്ചാൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നിന്ന് ശേഖരിച്ച മണ്ണും പാറകളും ഭൂമിയിലേക്ക് തിരികെ കൊണ്ടുവരുന്ന ആദ്യത്തെ ദൗത്യമായിരിക്കും ഇത്.