SWISS-TOWER 24/07/2023

Criticism | ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പടിയിറങ്ങുമ്പോള്‍ വിമര്‍ശനങ്ങള്‍ ഉയരുന്നത് എന്തുകൊണ്ട്?

 
Kodakara Hawala Case: Major Revelation by BJP Former Secretary Tiru Satheesh
Kodakara Hawala Case: Major Revelation by BJP Former Secretary Tiru Satheesh

Image Credit: Website / Supreme Court of India

ADVERTISEMENT

● സുപ്രീംകോടതിയില്‍ 33 ജഡ്ജിമാരില്‍ 17 പേരെയും ചന്ദ്രചൂഡ് നിയമിച്ചു
● വനിതാ ജഡ്ജികളെ നിയമിച്ചിട്ടില്ല 
● അഞ്ച് സുപ്രധാനവിധികളാണ് ചന്ദ്രചൂഡ് ഇനി പുറപ്പെടുവിക്കാനുള്ളത്

ആദിത്യൻ ആറന്മുള 

(KVARTHA) ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പടിയിറങ്ങുമ്പോള്‍ വിമര്‍ശനങ്ങള്‍ ഉയരുന്നു. ശ്രദ്ധേയമായ വിധികള്‍ അദ്ദേഹം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ജഡ്ജിമാരുടെ നിയമനത്തിലും മറ്റും കേന്ദ്രസര്‍ക്കാരിന് കൂടുതല്‍ നിയന്ത്രണം വിട്ടുകൊടുത്തത് ചന്ദ്രചൂഡാണെന്ന് നിയമനയ രൂപീകരണ സ്ഥാപനമായ വിധിയുടെ സഹസ്ഥാപകനായ അലോക് പ്രസന്നകുമാര്‍ ആരോപിച്ചു. അതുപോലെ വിനായക ചതുര്‍ത്ഥി ദിവസം പ്രധാനമന്ത്രിയെ വീട്ടില്‍ ക്ഷണിച്ച് പൂജനടത്തിയത് വലിയ രീതിയിലുള്ള എതിര്‍പ്പുകളാണ് സൃഷ്ടിച്ചത്. ജഡ്ജിമാര്‍ക്ക് വിശ്വാസം ആകാമെങ്കിലും അത് പൊതുസമൂഹത്തിന് മുന്നില്‍ പരസ്യമായി അവതരിപ്പിക്കേണ്ട കാര്യമില്ലെന്ന് പ്രമുഖ അഭിഭാഷകരടക്കം ചൂണ്ടിക്കാണിച്ചിരുന്നു.

Aster mims 04/11/2022

കഴിഞ്ഞ രണ്ട് വര്‍ഷമായി കൊളീജിയം നിയമന രീതി മാറ്റി, പകരം 'സെര്‍ച്ച് ആന്റ് സെലക്ഷന്‍ കമ്മിറ്റി' പ്രക്രീയയാണ് പിന്തുടരുന്നത്. അത് കേന്ദ്രസര്‍ക്കാരിനെ സഹായിക്കാനാണ് എന്നാണ് ആരോപണം. കാരണം ഈ സമ്പ്രദായത്തില്‍ കൊളീജിയം ശുപാര്‍ശകള്‍ കേന്ദ്ര സര്‍ക്കാരിന് ബാധ്യസ്ഥമല്ല, നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും അന്തിമ തീരുമാനം സെര്‍ച്ച് ആന്റ് സെലക്ഷന്‍ കമ്മിറ്റിയുടേതാണ്. അത് മാത്രമല്ല ചില നോമിനികളെ നിയമിക്കുമ്പോള്‍ അവരുടെ സീനിയോറിറ്റിയും ഭാവിയില്‍ ഹൈക്കോടതി ജഡ്ജിമാരാകാന്‍ സാധ്യതയുണ്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ അവരെ തെരഞ്ഞെടുക്കും. 

അതേസമയം സര്‍ക്കാരിന് ഇഷ്ടമില്ലാത്തവരുടെ നിയമനം അനിശ്ചിതത്വത്തില്‍ തുടരും. നിയമന, സ്ഥലംമാറ്റ നടപടികളില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിനെതിരായ ചന്ദ്രചൂഡിന്റെ ചെറുത്തുനില്‍പ്പ് വളരെ കുറവായിരുന്നു. കൊളീജിയത്തെ സെര്‍ച്ച് ആന്റ് സെലക്ഷന്‍ കമ്മിറ്റിയാക്കിതിനെ അവസാനകാലത്ത് ചന്ദ്രചൂഡ് നിരസിച്ചെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം നേരെ മറിച്ചായിരുന്നു. ഇത് രണ്ട് പ്രധാന വാദങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നു.

ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള കൊളീജിയത്തിന്റെ ആദ്യ തീരുമാനങ്ങളിലൊന്ന് മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ടി രാജയെ രാജസ്ഥാന്‍ ഹൈക്കോടതിയിലേക്ക് മാറ്റാനുള്ള ശുപാര്‍ശയായിരുന്നു. എന്നാല്‍ എ രാജ പുന:പരിശോധന ആവശ്യപ്പെട്ടപ്പോള്‍ അപേക്ഷ നിരസിച്ചു. ഒരു പക്ഷെ, കേന്ദ്രസര്‍ക്കാരില്‍ അടുത്ത സുഹൃത്തുക്കളുള്ളത് കൊണ്ടായിരിക്കാം സ്ഥലംമാറ്റാനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചു. കൊളീജിയം വീണ്ടും ആവര്‍ത്തിച്ചെങ്കിലും അവഗണിച്ചു. 

ജസ്റ്റിസ് എസ് വി ഗംഗാപൂര്‍വാലെയ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആക്കണമെന്ന് കൊളീജിയം ശുപാര്‍ശ ചെയ്തപ്പോള്‍, രാജയുടെ കാലാവധി അവസാനിക്കുന്നത് വരെ കേന്ദ്രസര്‍ക്കാര്‍ അതിനായി കാത്തിരുന്നു. ഇക്കാര്യത്തില്‍ മാത്രമല്ല കേന്ദ്രം കൊളീജിയം ശുപാര്‍ശ അവഗണിച്ചത്. ചില ജഡ്ജിമാരെ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായി നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിസമ്മതിക്കുകയോ, എതിര്‍ക്കുകയോ ചെയ്തതിനാല്‍ കുറഞ്ഞത് മൂന്ന് തവണയെങ്കിലും ശുപാര്‍ശകള്‍ പരിഷ്‌കരിച്ചു.

ചന്ദ്രചൂഡിന്റെ മറ്റൊരു പ്രത്യേകത, അദ്ദേഹം മുന്‍ഗാമികളെ അപേക്ഷിച്ച് കൊളീജിയം നടപടിയില്‍ കുറച്ച് സുതാര്യമാക്കി എന്നതാണ്. കൊളീജിയം പ്രമേയങ്ങള്‍, ജഡ്ജിയുടെ വരുമാനം, പശ്ചാത്തലം, ലിംഗഭേദം എന്നീ കാര്യങ്ങളെ കുറിച്ച് പൊതുജനത്തിന് അറിയാനായി. എന്നാല്‍ ഇനിവരുന്ന ചീഫ് ജസ്റ്റിസുമാര്‍ ഈ രീതി പിന്തുടരുമോ എന്ന് കണ്ടറിയണം. ജുഡീഷ്യല്‍ നിയമനങ്ങളുടെ കാര്യത്തില്‍ ലോകത്തെ ഏറ്റവും മോശം അവസ്ഥയാണ് ഇതെന്ന വസ്തുതയെ ഈ സുതാര്യത മാറ്റില്ല. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നില്ല, ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമല്ല. എന്നാല്‍ നിയമന നടപടികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരെ യാതൊരു ഇടപെടലും ചന്ദ്രചൂഡ് നടത്തിയില്ല.

നിയമന നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തതില്‍ തുടര്‍ച്ചയായി കൊളീജിയങ്ങളും സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരും ശക്തമായി പ്രതിഷേധിച്ചിട്ടുണ്ടെങ്കിലും, കൊളീജിയത്തെ ഗൗരവമായി കാണുന്നതിന് സര്‍ക്കാരിനെ പ്രേരിപ്പിക്കാന്‍ ജുഡീഷ്യറിയുടെ ഭാഗത്ത് ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. യഥാസമയം നിയമനം നടത്താത്തതിന് ഒരു വര്‍ഷത്തിനിടെ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിയമനങ്ങളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന 'പിക്ക് ആന്‍ഡ് സെലക്ഷന്‍' നയത്തെയും ബെഞ്ച് വിമര്‍ശിച്ചു.
 
എന്നിരുന്നാലും, കൗള്‍ വിരമിക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഈ കേസ് പരിഗണനയ്ക്കുള്ള പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനാല്‍ പെട്ടെന്ന് അവസാനിച്ചു. അന്നുതന്നെ കേസ് ലിസ്റ്റു ചെയ്യാന്‍ താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും കേള്‍ക്കാന്‍  തയ്യാറാണെന്നും കൗള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അപ്പോഴേക്കും വിഷയം അദ്ദേഹത്തിന്റെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായി കൗള്‍ തുറന്ന കോടതിയില്‍ അറിയിച്ചിരുന്നു. ചില കാര്യങ്ങള്‍ പറയാതെ വിടാനാണ് കൗള്‍ ഇഷ്ടപ്പെട്ടതെങ്കിലും ചന്ദ്രചൂഡിന്റെ നിര്‍ദ്ദേശപ്രകാരമാണ് കേസ് ഇല്ലാതാക്കിയതെന്ന് വ്യക്തമാണെന്ന് നിയമ വിദഗ്ധർ പറയുന്നു.

മാസ്റ്റര്‍ ഓഫ് ദി റോസ്റ്ററെന്ന നിലയില്‍, എന്തൊക്കെ കാര്യങ്ങള്‍ ലിസ്റ്റ് ചെയ്യണം, എന്തൊക്കെ ചെയ്യരുത് എന്നതിനെക്കുറിച്ചുള്ള അന്തിമ വാക്ക് ചീഫ് ജസ്റ്റിസിന്റേതാണ്. ഇത്തരമൊരു ഉന്നതമായ കാര്യം ചീഫ് ജസ്റ്റിസിന്റെ അറിവില്ലാതെ സുപ്രീംകോടതി രജിസ്ട്രിയിലെ ആര്‍ക്കെങ്കിലും ആകസ്മികമായി ഇല്ലാതാക്കാന്‍ സാധ്യതയില്ല എന്നാണ് ചൂണ്ടിക്കാട്ടുന്നത്.

സുപ്രീംകോടതിയിലെ 33 ജഡ്ജിമാരില്‍ 17 പേരെയും ചന്ദ്രചൂഡ് അധ്യക്ഷനായ കൊളീജിയം രണ്ട് വര്‍ഷത്തിനിടെ നിയമിച്ചു. മുന്‍ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍ 20 ജഡ്ജിമാരെ നിയമിക്കാന്‍ ശുപാര്‍ശ നല്‍കിയിരുന്നു. ആ റെക്കോഡിന് പിന്നില്‍ ചന്ദ്രചൂഡ് എത്തി. ജസ്റ്റിസ് പിബി വരാലെയെ ജഡ്ജിയായി ഉയര്‍ത്തിയതിലൂടെ സുപ്രീംകോടതിയിലെ ദളിത് ജഡ്ജിമാരുടെ എണ്ണം മൂന്നായി. എന്നാല്‍ രണ്ട് വര്‍ഷമായി ഒരു വനിതാ ജഡ്ജിയെ പോലും നിയമിച്ചില്ല.

മദ്രസാ വിദ്യാഭ്യാസത്തിന്റെ നിയമസാധുത ഉള്‍പ്പെടെ അഞ്ച് സുപ്രധാനവിധികളാണ് ചന്ദ്രചൂഡ് ഇനി പുറപ്പെടുവിക്കാനുള്ളത്. കേസില്‍ വാദം അവസാനിച്ചെങ്കിലും അന്തിമ വിധി ഭരണഘടനാ ബെഞ്ച് മാറ്റിവയ്ക്കുകയായിരുന്നു. അലിഗഡ് സര്‍വകലാശാലയുടെ ന്യൂനപക്ഷപദവി, സ്വത്ത് പുനര്‍വിഭജനം, ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ നേതൃത്വത്തില്‍ നടന്ന അനധികൃത മരംമുറി, ലൈറ്റ് മോട്ടോര്‍ വാഹന ലൈസന്‍സ് എന്നീ കേസുകളിലെ വാദം അവസാനിച്ചെങ്കിലും ചീഫ് ജസ്റ്റിസാണ് വിധി പറയേണ്ടത്. ഈ കേസുകളിലൊക്കെ അദ്ദേഹം വിധി പുറപ്പെടുവിക്കുമോ എന്ന് സംശയം ഉയരുന്നുണ്ട്. അടുത്ത ചീഫ് ജസ്റ്റിസിന് വിധി പ്രഖ്യാപിക്കുന്നതിന് നിയമപരമായ തടസമില്ല.

ഭിന്നശേഷി സംവരണം, വനിതാ സംവരണം, സാമൂഹ്യനീതി, സ്വകാര്യതാലംഘനം എന്നീ കേസുകളില്‍ ഡിവൈ ചന്ദ്രചൂഡ് ഉള്‍പ്പെട്ട ബെഞ്ച് സുപ്രധാന വിധികളാണ് പുറപ്പെടുവിച്ചത്.
 

#ChiefJustice #DYCandrachud #Judiciary #GovernmentControl #LegalReforms #Transparency

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia