Criticism | കേന്ദ്രസർക്കാർ പിൻവലിച്ച 3 വിവാദ കാർഷിക നിയമങ്ങളെ പിന്തുണച്ച് സുരേഷ് ഗോപി; 'കർഷകരുടെ നിലനിൽപ്പിന് ബിജെപിക്ക് വോട്ട് ചെയ്യണം'


● ഇൻഡ്യ മുന്നണിയെ വിമർശിച്ചു.
● കർഷകരുടെ പ്രശ്നങ്ങൾ പരിഹരിച്ചോ എന്നും സുരേഷ് ഗോപി
● 'കേരളത്തിൻ്റെ ഏറ്റവും വലിയ ശാപം പ്രമേയം പാസാക്കൽ നിയമസഭ'
പാലക്കാട്: (KVARTHA) കേന്ദ്രസർക്കാർ പിൻവലിച്ച മൂന്ന് വിവാദ കാർഷിക നിയമങ്ങളെ പിന്തുണച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കാർഷിക നിയമങ്ങൾ തച്ചുടച്ച ഇൻഡ്യ മുന്നണിക്കെതിരെ പാലക്കാട് ഉപതെരഞ്ഞെടുപ്പിലൂടെ പ്രതികാരം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. കർഷകരുടെ നീതിയുക്തമായ നിലനിൽപ്പിന് വേണ്ടിയാണെങ്കിൽ ബി.ജെപിക്ക് വോട്ട് ചെയ്യണം. കേന്ദ്ര സർക്കാർ പിൻവലിച്ച കാർഷിക നിയമം കർഷകരുടെ എല്ലാ പ്രയാസങ്ങൾക്കും പരിഹാരമാകുന്നതായിരുന്നു. മൂന്ന് കാർഷിക നിയമങ്ങൾ നശിപ്പിച്ചപ്പോൾ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിച്ചോ എന്നും സുരേഷ് ഗോപി ചോദിച്ചു.
കേരളത്തിൻ്റെയും ഭാരതത്തിൻ്റെയും അസ്തിത്വം നശിപ്പിക്കുന്നതിന് വേണ്ടി ഇണ്ടി അധമ മുന്നണി ശ്രമിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.പാലക്കാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണ കുമാറിൻ്റെ പ്രചാരണാർത്ഥം പിരായിരി കൊടുന്തിരപ്പുള്ളിയിലും കൽപാത്തിയിലും നടന്ന യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
രാഷ്ട്രീയം എന്നത് അടിമത്വമല്ലെന്ന് തിരിച്ചറിയണമെന്നും വോട്ട് ചെയ്യേണ്ടത് മണ്ണിന് വേണ്ടിയാകണമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിലെ ജനത അത് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിൽ പാലക്കാടും വിദൂരമല്ല. കേരളത്തിൻ്റെ ഏറ്റവും വലിയ ശാപം പ്രമേയം പാസാക്കൽ നിയമ സഭയാണ്. പൗരത്വ നിയമം, കാർഷിക നിയമം, വഖഫ് ഭേദഗതി എന്നിവക്കെതിരെ പ്രമേയം പാസാക്കി.
സി കൃഷ്ണ കുമാറിൻ്റെ ഭരണപരമായ കഴിവും മികവും നാട്ടുകാർക്ക് അറിയാം. പാലക്കാടിൻ്റെ നാമത്തിൽ കേരളത്തിൻ്റെ എംഎൽഎ ആയി കൃഷ്ണകുമാറിനെ അവരോധിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. പാലക്കാട് എടുക്കുക വഴി കേരളം എടുക്കുന്നതിലേക്ക് നീങ്ങും. ജനങ്ങളെ വഞ്ചിച്ച ഇരു മുന്നണികളെയും തിരിച്ചറിയണമെന്നും സുരേഷ് ഗോപി പറഞ്ഞു.
തനിക്കെതിരെ കോഴിക്കോട് നടന്നത് വലിയ ചതിയായിരുന്നെന്നും ചിലരെങ്കിലും അതിൽ വഴിപ്പെട്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ഇത്തരം നീക്കങ്ങൾ ഉണ്ടാകാനിടയുണ്ടെന്നും തൃശൂർ പൂരവുമായി ബന്ധപ്പെട്ട് പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
#SureshGopi #PalakkadElections #NDA #AgriculturalReform #KeralaPolitics #CrisisResponse