Criticism | കേരളത്തിന് വീണ്ടും കേന്ദ്രത്തിൻ്റെ ലക്ഷ്മണ രേഖ; അതിരു വിടരുതെന്ന മുന്നറിയിപ്പ് അപായ സൂചനയോ?

 
Randhir Jaiswal
Randhir Jaiswal

Image Credit: Randhir Jaiswal (@MEAIndia) / X

വാസുകിയുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഇടഞ്ഞു നിൽക്കുന്ന പശ്ചാത്തലത്തിൽ നയതന്ത്രപരമായി വിഷയം രമ്യതയിൽ പരിഹരിക്കുകയെന്ന പോം വഴി മാത്രമേ സംസ്ഥാനത്തിന് മുൻപിലുള്ളൂ

കണ്ണൂർ: (KVARTHA) കേരളം ഒരു പ്രത്യേക രാജ്യത്തെപ്പോലെ പ്രവർത്തിക്കുകയാണെന്ന ഗുരുതരമായ ആരോപണം കേന്ദ്ര സർക്കാർ ഉന്നയിക്കുമ്പോൾ വരും നാളുകളിൽ ഫെഡറലിസത്തിൻ്റെ ആണിക്കല്ലായ പരസ്പര സഹവർത്തിത്വം ഉലയുമോയെന്ന ആശങ്കയാണ് ഭരണതലത്തിൽ ഉയരുന്നത്. കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെ നേരത്തെയുള്ള അതൃപ്തിയാണ് കേന്ദ്ര സർക്കാരിൽ നിന്നും ഇപ്പോൾ മറനീക്കി പുറത്തുവരുന്നത്. 

കേന്ദ്ര ബജറ്റിൽ കേരളത്തിന് അർഹമായതൊന്നും കൊടുക്കാതെ നിരാശരായി നിൽക്കുന്ന പിണറായി സർക്കാരിന് ഒരു കൊട്ടു കൂടി കൊടുക്കുകയാണ് ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര സർക്കാർ. നേരത്തെ കേരളം വിഭാവനം ചെയ്ത കെ റെയിൽ പദ്ധതിക്ക് പച്ചക്കൊടി കാട്ടിയില്ലെന്നു മാത്രമല്ല നയാ പൈസ പോലും ബജറ്റിൽ വകയിരുത്താൻ മടി കാണിക്കുകയും ചെയ്തു. 

24000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്, എയിംസ്, ടൂറിസം വികസനം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ കേരളത്തിൻ്റെ ആവശ്യങ്ങളായി ഉയർന്നുവന്നുവെങ്കിലും ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ ഈ കാര്യങ്ങളൊക്കെ അവഗണിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിദേശ പ്രതിനിധികളെ സ്വീകരിക്കാനും വിദേശ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുമായുള്ള
കെ വസുകി ഐഎഎസിൻ്റെ നിയമനത്തിൽ സംസ്ഥാന സർക്കാരിന് താക്കീത് നൽകി വിദേശകാര്യ മന്ത്രാലയം രംഗത്തു വന്നത്.

സംസ്ഥാന സർക്കാർ ഭരണഘടന മറികടക്കരുതെന്നാണ് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാളിൻ്റെ മുന്നറിയിപ്പ്. ഭരണഘടന പ്രകാരം വിദേശകാര്യം യൂണിയൻ ലിസ്റ്റിൽപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അധികാരമില്ലാത്ത കാര്യങ്ങളിൽ കൈകടത്തരുതെന്നും വിദേശകാര്യം കേന്ദ്ര പട്ടികയിൽ പെട്ടതാണെന്നും കേരളത്തിന് വിദേശകാര്യ മന്ത്രാലയം താക്കീത് നൽകിയെന്ന വാർത്തയാണ് ഡൽഹിയിൽ നിന്നും പുറത്തുവരുന്നത്. 

വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയം സംസ്ഥാന ലിസ്റ്റിലും കൺകറന്‍റ് ലിസ്റ്റിലുമുള്ളതല്ലെന്നും കേരളത്തെ വിദേശകാര്യ മന്ത്രാലയം ഓർമ്മിക്കുന്നത് ഭീഷണിയുടെ സ്വരത്തിലാണെന്ന് വ്യക്തമാണ്. എന്നാൽ കേരളം വിദേശകാര്യ മന്ത്രാലയത്തിൻ്റെ അധികാര പരിധിയിൽ കടന്നുകയറിയിട്ടില്ലെന്നാണ് കേരളത്തിലെ ചീഫ് സെക്രട്ടറി കെ വേണുവിൻ്റെ വിശദീകരണം. വിദേശ പ്രതിനിധികൾ സംസ്ഥാനത്ത് വന്നാൽ സ്വീകരിക്കേണ്ട ചുമതല മാത്രമേ നൽകിയിട്ടുള്ളുവെന്നാണ് ഔദ്യോഗിക വിശദീകരണമായി കേരളത്തിൻ്റെ ചീഫ് സെക്രട്ടറി ചുണ്ടിക്കാണിക്കുന്നത്. 

വാസുകിയുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഇടഞ്ഞു നിൽക്കുന്ന പശ്ചാത്തലത്തിൽ നയതന്ത്രപരമായി വിഷയം രമ്യതയിൽ പരിഹരിക്കുകയെന്ന പോം വഴി മാത്രമേ സംസ്ഥാനത്തിന് മുൻപിലുള്ളൂ. എന്നാൽ കേരളം അതിര് കടക്കുന്നുവെന്ന തോന്നൽ വിദേശകാര്യ മന്ത്രാലയത്തിന് ഉണ്ടായാൽ മന്ത്രിമാരുടെ വിദേശ യാത്രകൾ ഉൾപ്പെടെ സാങ്കേതിക കുരുക്കിൽ കുടുങ്ങിയേക്കാം. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ നടത്താനിരിക്കുന്ന വിദേശ യാത്രകൾ വരെ ഇഴകീറി പരിശോധിച്ചതിനു ശേഷമായിരിക്കും അനുമതി.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia