Protest | എഡിഎമ്മിന്റെ മരണം: കണ്ണൂർ കോർപ്പറേഷനിൽ ബുധനാഴ്ച ബിജെപി ഹർത്താൽ
● ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യം.
● ഒക്ടോബർ 16 ന് രാവിലെ ആറു മുതൽ വൈകുന്നേരം ആറുമണി വരെയാണ് ഹർത്താൽ.
● അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്.
കണ്ണൂർ: (KVARTHA) എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിന് കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ഒക്ടോബർ 16 ന് രാവിലെ ആറു മുതൽ വൈകുന്നേരം ആറുമണി വരെ ബിജെപി ഹർത്താൽ ആചരിക്കും. അവശ്യ സർവീസുകളെയും വാഹനങ്ങളെയും ഹോട്ടലുകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ബി.ജെ.പി കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എൻ ഹരിദാസ് അറിയിച്ചു.
പള്ളിക്കുന്നിലെ വീട്ടിലാണ് ചൊവ്വാഴ്ച രാവിലെ എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ടയിലേക്കുള്ള ട്രാൻസ്ഫർ ലഭിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച ട്രെയിനിൽ നാട്ടിലേക്ക് പോകേണ്ടതായിരുന്നു എഡിഎം നവീൻ ബാബു. എന്നാൽ രാവിലത്തെ ട്രെയിനിൽ കയറിയില്ലെന്ന് കണ്ട് ബന്ധുക്കൾ കണ്ണൂരിൽ വിവരമറിയിക്കുകയായിരുന്നു.
താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ വെച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതിയാരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിയോഗം.
#KannurHartal #BJPProtest #KeralaPolitics #JusticeForNaveenBabu #EDMC