Revelation | നമ്മുടെ മുന്നിൽ നിന്ന് വെളുക്കെ ചിരിച്ച പല സ്ത്രീകളും ഉള്ളിൽ കരയുകയായിരുന്നോ? ഇത് കാണാതെ പോകരുത്!


● ഒരു ടൂറിസ്റ്റ് ഗൈഡ് പങ്കുവെച്ച അനുഭവം ചർച്ചയായി
● സ്ത്രീകൾ പലപ്പോഴും തങ്ങളുടെ വികാരങ്ങൾ പുറത്തു കാണിക്കാൻ മടിക്കുന്നു.
● ഒറ്റപ്പെടലും മാനസിക സംഘർഷങ്ങളും സ്ത്രീകളുടെ ജീവിതത്തെ ഗണ്യമായി ബാധിക്കുന്നു.
മിൻ്റാ സോണി
(KVARTHA) ഒരുപാട് നല്ല സെലിബ്രറ്റികളായ അല്ലെങ്കിൽ നല്ല പ്രൊഫഷണൽസ് ആയ മിടുമിടുക്കികളും സുന്ദരികളുമായ സ്ത്രീകളെ നാം നിത്യജീവിതത്തിൽ പലപ്പോഴെങ്കിലും കണ്ടിട്ടുണ്ട്. ടി.വി ഷോകളിൽ ഒക്കെ നമ്മെ രസിപ്പിക്കുന്ന പല സെലിബ്രറ്റി വനിതാ താരങ്ങളും നമുക്ക് സുപരിചിതരുമാണ്. എന്നാൽ ഇവരുടെയൊക്കെ ജീവിതം എത്രകണ്ട് സുന്ദരമായിരിക്കുന്നു എന്നതിനെപ്പറ്റി ആർക്കും ഒരു വിവരവും ഇല്ല. ഇന്ന് വിവാഹമോചനങ്ങൾ അധികം നടക്കുന്നത് ഇങ്ങനെയുള്ളവരുടെ ഇടയിലാണ്. അതിന് കാരണം എന്താണ്?
ശരിക്കും സെലിബ്രേറ്റികൾ അല്ലെങ്കിൽ ഉന്നതസ്ഥാനീയരായ പല സ്ത്രീകളും ഉള്ളിൽ കരയുകയായിരുന്നോ? സായന്ദ് സാരംഗ് എന്ന സാമൂഹ്യ മാധ്യമ ഉപയോക്താവ് എഴുതിയ കുറിപ്പ് ആണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. ഒരു ടൂറിസ്റ്റ് ഗൈഡായി ഒരു സ്ത്രീക്കൊപ്പം പോയ അനുഭവ കഥയാണ് അദ്ദേഹം വിവരിക്കുന്നത്. ഇന്ന് ഒത്തിരി സന്തോഷത്തോടെ ജീവിക്കുന്നു എന്ന് നാം കരുതുന്ന പല സ്ത്രീകളും ഇന്ന് അനുഭവിക്കുന്ന മാനസിക വ്യഥകളാണ് കുറിപ്പിലൂടെ വരച്ചു കാട്ടുന്നത്.
കുറിപ്പിൽ പറയുന്നത്: 'കഴിഞ്ഞ രണ്ടു രാത്രിയും പകലും എന്നോടൊപ്പം മൂന്നു യുവതികൾ ഉണ്ടായിരുന്നു, ബാംഗ്ലൂർ ബേസ്ഡ് മലയാളിസ്. ഇവിടെ നമ്മുടെ എഫ് ബി യിലൊക്കെ അത്യാവശ്യം അറിയപ്പെടുന്നവർ ആയത് കൊണ്ട് ഐഡന്റിറ്റി ഞാൻ പറയുന്നില്ല. സാറ്റർഡേ രാത്രി റിസോർട്ടിൽ ഗസ്റ്റ് ആയി വന്നതായിരുന്നു അവർ മൂന്നു സ്ത്രീകൾ, മൂന്നാളും ബാംഗ്ലൂർ അത്യാവശ്യം ഹൈ പ്രൊഫൈലിൽ ജീവിക്കുന്നവർ, ഓണം കഴിഞ്ഞു കിട്ടിയ രണ്ടു ദിവസത്തെ അവധി ആഘോഷം വയനാട് പ്ലാൻ ചെയ്തു വന്നവർ ആയിരുന്നു. അതിൽ രണ്ട് പേരുടെ, ഫാമിലിയോ ബന്ധുക്കളോ ഇല്ലാതെയുള്ള ആദ്യ യാത്ര ആയിരുന്നുവത്.
ഒരാളുടെ ശരിക്കും ആദ്യ യാത്രയും!! സൺഡേ പകൽ മുഴുവനും അവരെയും കൊണ്ട് കറങ്ങി. കാരാപ്പുഴ ഡാമിലും, അമ്പലവയൽ മ്യൂസിയത്തിലും, മുത്തങ്ങ കാട്ടിലുമൊക്കെയായി ഒരു പകൽ മുഴുവനും... ഡാമിലെ അഡ്വഞ്ചർ ഗെയിമുകളിൽ ഓരോന്നിലും കുട്ടികളെക്കാൾ ഉത്സാഹത്തോടെ അവർ കയറിയിറങ്ങി.. ആർപ്പുവിളികൾ തുള്ളിച്ചാട്ടങ്ങൾ, കെട്ടിപ്പിടുത്തങ്ങൾ.. മുത്തങ്ങ കാടിനുള്ളിലെ തണുത്ത നിശബ്ദതയിൽ, ഓരോ ഇലയനക്കങ്ങളും കാതോർത്തു കൊണ്ട്, ഭീകരതയുടെയും പേടിയുടെയും സൗന്ദര്യം ആസ്വദിച്ചു കൊണ്ട്, മുന്നിൽ കണ്ട ഓരോ പേടമാൻ കൂട്ടങ്ങളെയും പൂമയിലുകളെയും കുട്ടികൊമ്പന്മാരേയും കണ്ടു ശ്വാസമടക്കി ഉള്ളിലെ ആഹ്ലാദത്തിരത്തള്ളൽ അടക്കിക്കൊണ്ട് അവർ ഇങ്ങനെ കണ്ണു നിറയെ കൗതുകവുമായി എന്നൊപ്പം നടന്നു...
രാത്രി.... വയനാട് ഇപ്പോൾ നേർത്ത മഴയും നല്ല മഞ്ഞും തണുപ്പുമുള്ള കാലാവസ്ഥയാണ്, ചാറ്റൽ മഴ കഴിഞ്ഞു, ആകാശം കഴുകിയെടുത്ത പോലെ തെളിയിച്ചു കൊണ്ട് ഒരു നിലാവ് ഉദിച്ചിരുന്നു. പൗർണമി കഴിഞ്ഞിട്ട് രണ്ടോ മൂന്നോ ദിവസങ്ങൾ കഴിഞ്ഞിട്ടേയുള്ളു... ഡാമിന്റെ റിസർവോയറിലെ ആഴമേറിയ തെളിഞ്ഞ ജലത്തിനു മീതെ വെള്ളിയുരുക്കിയൊഴിച്ച പോലെ വീണു കിടക്കുന്ന നിലാവെളിച്ചം കണ്ട് ഇരുന്നപ്പോൾ അതിലൊരാൾ എന്റെയരികിൽ വന്നു.. 'സച്ചു...' യെസ്.. മാഡം പറഞ്ഞോളൂ.. അവർക്കായി ഒരുക്കിയ തീക്കുണ്ഠത്തിലെ വിറകുകൊള്ളികൾ ഒന്നു കൂടി എരിയിച്ച് കൊണ്ട് ഞാനവരെ നോക്കി..
'സച്ചിന്റെ കയ്യിൽ ബൈക്കില്ലേ...' 'ഉവ്വല്ലോ..ബൈക്കല്ല ബുള്ളറ്റാണ് എന്തേ മാഡം, എന്തെങ്കിലും വാങ്ങണോ ടൗണിൽ നിന്നും...' ഞാൻ വാച്ചിൽ നോക്കി, സമയം ഒൻപതരയായി, ഹോട്ട് വല്ലതും വാങ്ങാനാണെങ്കിൽ ഇനി ബാറിൽ തന്നെ പോണം.. 'ഒന്നും വാങ്ങാനല്ല സച്ചു, എനിക്ക്... ഞാൻ പറയുന്നത് കൊണ്ട് വേറൊന്നും തോന്നരുത് ട്ടോ... അവരുടെ കണ്ണിൽ ഒരു അപേക്ഷ ഉണ്ടായിരുന്നു.. 'മാഡം പറഞ്ഞോളൂ.. നിങ്ങൾ ഗസ്റ്റുകളുടെ സന്തോഷമാണ് നമുക്ക് വലുത്... 'സച്ചു എന്നെയൊന്നു പുറത്ത് കൊണ്ട് പോകുമോ ഈ രാത്രി, ഈ നിലാവിൽ എനിക്കീ മഞ്ഞിലൂടെ ഒരു റൈഡ് പോണം.. എക്സ്ട്രാ സർവീസ് ചാർജ് എത്ര വേണമെന്ന് പറഞ്ഞാൽ മതി..'
ഞാൻ ഒരു നിമിഷം ആലോചിച്ചു. മക്കൾ രണ്ടാളും വീട്ടിൽ തനിച്ചാണ്, സാധാരണ ഗസ്റ്റുകൾക്ക് ഫുഡ് കൊടുത്തു പത്തു പത്തര മണിക്ക് മാക്സിമം വീടെത്താറുണ്ട്, ഇതിപ്പോ ഇങ്ങനെയൊരു യാത്ര.. സാരമില്ല,, അല്ലുവിനെ വിളിച്ചു വിവരം പറയാം.. രണ്ടാളും കൂടി ഏതെങ്കിലും അനിമേ കണ്ടിരുന്നോളും.. 'ഓക്കേ മാം, നോ പ്രോബ്ലം, ഞാൻ വരാം കൂടെ.. അവരുടെ മുഖം അപ്പോളൊന്നു തെളിഞ്ഞു.. 'ഫൈവ് മിനുട്ട്സ്, ഞാൻ ഒന്ന് ചേഞ്ച് ചെയ്തു വരാം... സച്ചു റെഡി ആയിക്കോളൂ.. നമുക്ക് എന്തു റെഡി ആവാൻ, വയനാട് മുഴുവനും കറങ്ങാൻ ഒരു കാവി മുണ്ടും ഷർട്ടും തന്നെ ധാരാളം, നേരെ ഓഫിസിൽ കേറി അവിടെ ഇട്ടിരുന്ന ജാക്കറ്റ് കൂടി എടുത്തിട്ടു, ഹെൽമെറ്റ് മാഡത്തിനു കൂടി ഉള്ളത് എടുത്തു പാർക്കിങ്ങിൽ ചെന്നു നിന്നു ഞാൻ..
പാർക്കിങ്ങിലെ വിളക്കുകൾ പൊഴിക്കുന്ന, വിളറിയ മഞ്ഞനിറമുള്ള വെളിച്ചത്തിൽ സുതാര്യമായ മഞ്ഞ് മെല്ലെ പൊഴിഞ്ഞു കൊണ്ടിരുന്നു.. ചേഞ്ച് ചെയ്തു, അങ്ങോട്ട് വന്ന മാഡത്തെ കണ്ട് സത്യത്തിൽ ഞാനൊന്നു ഞെട്ടി, അത് വരെ ജീൻസിലും ടോപ്പിലും കുർത്തിയിലും കണ്ട മാഡം ഇപ്പോൾ മുട്ടിനും മൂന്നിഞ്ചു മീതെ നിൽക്കുന്ന, സ്ലീവ് ലെസ്സ് ആയ നിറയെ പൂക്കൾ തുന്നിയ ഒരൊറ്റ ഫ്രോക്കിലാണ്.. അത് വരെ വളരെ മെച്ചുവേർഡ് ആയി കണ്ടൊരാൾ ഒറ്റയടിക്ക് ഒരു ട്വന്റി ത്രീ, ട്വന്റി ഫോർ എജ്ഡ് ഗേൾ ആയതു പോലൊരു ഫീൽ... ഞാൻ നോക്കുന്ന കണ്ടപ്പോൾ മാഡം ഒന്ന് ചിരിച്ചു.. 'എന്തേ കുഴപ്പമുണ്ടോയീ ഡ്രെസ്.. എനിക്കിത് ചേരുന്നില്ലേ... ശെരിക്കും പുള്ളിക്കാരിക്ക് അത് വളരെ കൃത്യമായി ചേരുന്നുണ്ടായിരുന്നു..
പക്ഷേ വയനാട് പോലെ തണുപ്പുള്ള ഒരിടത്തു രാത്രി ബൈക്ക് റൈഡ് പോകുമ്പോൾ ആ ഡ്രെസ്സിൽ തണുപ്പ് ഭയങ്കരമായി ഫീൽ ചെയ്യും എന്നതായിരുന്നു ഞാൻ ചിന്തിച്ചത്... 'തണുപ്പ് മാത്രേയുള്ളു മാം പ്രോബ്ലം. ഡ്രെസ് കുഴപ്പമില്ല, ശെരിക്കും നിങ്ങൾക്കിത് നന്നായിട്ടുണ്ട്' 'ടൗണിൽ പോയി കറങ്ങി വരണോ അതോ വേറെ എങ്ങോട്ടേലും പോയാൽ മതിയോ.. ഹെൽമെറ്റ് ധരിച്ചു പുള്ളിക്കാരി ഹിമാലയയുടെ പിന്നിലെക്കു കയറിയിരുന്നപ്പോ ഞാൻ ചോദിച്ചു.. 'ടൗണിൽ പോണ്ട സച്ചു, എനിക്കീ രാത്രിയുടെ ഭംഗി മതി, നിലാവെളിച്ചം മതി, അത് നന്നായി കിട്ടുന്ന എവിടെയെങ്കിലും പോയി കുറച്ചു നേരമിരുന്നിട്ട് നമുക്ക് പോരാം.. ആളുകൾ കുറവുള്ള ഒരിടം മതി.. എന്റെ ഓർമ്മയിൽ പെട്ടന്നു തെളിഞ്ഞത് ഞങ്ങൾ ലോക്കൽ പീപ്പിൾസ് മിക്കവാറും അസ്തമയമൊക്കെ കണ്ടിരിക്കുന്ന കുന്നിൻ മുകളാണ്...
ഇടയ്ക്ക് ചിലപ്പോൾ കുറുക്കനോ പന്നിയോ ഒക്കെ കണ്ടേക്കുമെങ്കിലും പൊതുവെ അവിടം സുരക്ഷിതമാണ്.... കുന്നിന് മീതെ നന്നേ തണുത്ത രാക്കാറ്റ് നിർത്താതെ വീശുന്നുണ്ടായിരുന്നു, മഞ്ഞിൽ മുങ്ങി മേലെ തെളിഞ്ഞ നിലാവും തിങ്കളും വെണ് മേഘങ്ങളും, താഴ്വാരത്തു പുതപ്പ് പോലെ പടർന്നു കിടക്കുന്ന മഞ്ഞിന്റെ അപ്പുറം ബത്തേരി ടൗണിലെ വെളിച്ചങ്ങൾ മിന്നാമിനുങ്ങു പോലെ കാണായിരുന്നു, അതിനിടയിൽ കൂടുതൽ തെളിച്ചമോടെ അസംപ്ഷൻ പള്ളിയുടെ ചുവന്ന നിറമാർന്ന കുരിശും.... ഞങ്ങൾ മഞ്ഞ് വീണു നനവാർന്ന പാറയുടെ മീതെയിരുന്നു, ചുറ്റുമുള്ള മരക്കൂട്ടങ്ങളിൽ നിർത്താതെ മുഴങ്ങുന്ന ചീവീടുകളുടെ സംഗീതം.
'സച്ചുനറിയോ ഇന്നെന്റെ സ്വാതന്ത്ര്യത്തിന്റെ ആദ്യരാത്രിയാണ്, ഇനിയെന്റെ ലൈഫിൽ ഇങ്ങനെയൊരു രാത്രി ഉണ്ടാകുമോന്നും എനിക്കറിയില്ല.. മുഖവുരകൾ ഇല്ലാതെയായിരുന്നു മാഡം സംസാരിച്ചു തുടങ്ങിയത്. പത്തനംതിട്ടയിലെ അറിയപ്പെടുന്ന ഒരു കുടുംബത്തിലെ പെൺകുട്ടി, സഹോദരന്റെ സുഹൃത്തിനെ പ്രണയിച്ചു, പതിനെട്ടാം വയസ്സിൽ, രാജകുമാരിയെ പോലുള്ള ജീവിതം വലിച്ചെറിഞ്ഞു കൊണ്ട് കർണാടകയുടെ ഒരതിർത്തി ഗ്രാമത്തിൽ ആരുമറിയാതെ മൂന്നു വർഷം ജീവിച്ച കഥകൾ തൊട്ട്, ഇപ്പോൾ ഒരു വലിയ ഫ്ലാറ്റിൽ പരസ്പരം കാണാതെ മിണ്ടാതെ ജീവിക്കുന്ന ജീവിതം വരെയുള്ള,, തീ പോലെ പൊള്ളുന്ന, കണ്ണീർ വീണു കുഴഞ്ഞ, അമ്പരിപ്പിക്കുന്ന കഥകൾ വരെ!!
വർക്ക് ഫ്രം ഹോം തുടങ്ങിയ 2021 മുതൽ ഈ കഴിഞ്ഞ ദിവസം വരെ അവരാ ഫ്ലാറ്റല്ലാതെ, അതിന്റെ കോൺക്രീറ്റ് മുറ്റവും ഷോപ്പിംഗ് സ്റ്റോറുമല്ലാതെ മറ്റൊന്നും കണ്ടിട്ടില്ല എന്നത് എനിക്ക് സങ്കൽപ്പിക്കാവുന്നതിലും അപ്പുറമായിരുന്നു.. ഒരു ലക്ഷം രൂപയോളം മാസം ഏൺ ചെയ്യുന്ന ഒരു യുവതി, വിവാഹം കഴിഞ്ഞു പത്തു പതിനഞ്ചു വർഷം ആയൊരാൾ, കൂടെ നടക്കാൻ ഒരു കുഞ്ഞു പോലും ഇല്ലാത്തൊരാൾ ഇങ്ങനെ ഒരു അടിമത്തത്തിൽ കഴിഞ്ഞു കൂടുന്നുവെന്ന ചിന്ത, എന്നേ ശെരിക്കും ഷോക്ക് ആക്കിയിരുന്നു.. ആ രാത്രി, ആ കുന്നിൻ മുകളിൽ ഇരുന്നവർ ഉറക്കെ ഉറക്കെ ചിരിച്ചു, കരഞ്ഞു, രാക്കുയിൽ പാട്ടിനൊപ്പം മത്സരിച്ചു മറുപാട്ട് പാടി, കാണാൻ കൊതിക്കുന്ന സിനിമകളേ കുറിച്ച്, കണ്ട സിനിമകളേ കുറിച്ചു, പഠിക്കാൻ ആഗ്രഹിക്കുന്ന വീണയെ കുറിച്ച്, കൈവിട്ട് കളഞ്ഞ നൃത്തത്തെ കുറിച്ച്, പണ്ട് കളിച്ചിരുന്ന ബാഡ് മിന്റണെയും, ഹരമായി കൊണ്ട് നടന്നിരുന്ന ഡ്രൈവിംഗ് നെയും കുറിച്ചൊരു പാട് സംസാരിച്ചു.. എല്ലാ കണക്കുക്കൂട്ടലും പിഴച്ചു പോയ പ്രണയത്തെ കുറിച്ചും!!
ഞങ്ങൾക്ക് ചുറ്റും രാക്കാറ്റ് നിർത്താതെ ചൂളം വിളിച്ചു ചുറ്റിക്കറങ്ങി, മഞ്ഞ് വീണു മുടിയിഴകളും വസ്ത്രങ്ങളും നനവാർന്നു.. നീണ്ട നാല് മണിക്കൂർ അവർ എന്നോട് നിർത്താതെ സംസാരിച്ചു കൊണ്ടിരുന്നു, ഒരു കാറ്റും മഴയും പെയ്തൊഴിയുന്ന പോലെ... കുന്നിറങ്ങുമ്പോൾ നിലാവ് പിറകെ കൂട്ട് വന്നു.. അവർ നിശബ്ദയായിരുന്നു.. കുന്നിറങ്ങി താഴെ മെയിൻ റോഡിൽ വന്നപ്പോൾ അവർ വണ്ടി നിർത്തുമോയെന്ന് ചോദിച്ചു.. ഹസാർഡ് ലൈറ്റ്സ് ഓൺ ആക്കി ഞാൻ ബുള്ളറ്റ് റോഡ് സൈഡിൽ ഒതുക്കി. റോഡ് വിജനമായിരുന്നു, നിരയൊത്തു നിൽക്കുന്ന ഓരോ തെരുവ് വിളക്കിന്റെയും വെളിച്ചത്തിൽ മഞ്ഞ് പൊഴിഞ്ഞു വീഴുന്നത്, ഭംഗിയുള്ള കാഴ്ചയായിരുന്നു. ആ വെളിച്ചത്തിൽ ഞാൻ അവരുടെ കുറച്ചു ചിത്രങ്ങൾ എടുത്തു കൊടുക്കുമോ എന്നതായിരുന്നു അവരുടെ ചോദ്യം..
ഇരുളും വെളിച്ചവും മഞ്ഞും ചേർന്ന് ഒരുക്കിയ മാന്ത്രികമായ ആ പശ്ചാത്തലത്തിൽ ഞാനവരുടെ ചിത്രങ്ങൾ പകർത്തി. സ്വാതന്ത്ര്യം പ്രഖ്യാപിച്ച, നിറഞ്ഞ ചിരിയുള്ള, അഭിമാനം തുളുമ്പുന്ന ഒരു സ്ത്രീയുടെ ചിത്രം. തിരികെ റിസോർട്ടിൽ ചെല്ലുന്ന വരെ അവരൊന്നും സംസാരിച്ചില്ല. അവർ പെയ്തു തോർന്നിരുന്നു.. റിസോർട്ട് മുറ്റത്തെ തീക്കനലുകൾ മഞ്ഞ് വീണണഞ്ഞു തുടങ്ങിയിരുന്നു.. പാർക്കിങ്ങിൽ ബുള്ളറ്റ് നിർത്തി ഇറങ്ങുമ്പോൾ അവർ ഒരു നിമിഷം എന്റെ കണ്ണിൽ നോക്കി, വലതു കൈയെന്റെ അരയിൽ ചുറ്റി പതുക്കെ ഒന്ന് ചേർത്ത് പിടിച്ചു.. ഒരേയൊരു നിമിഷം..
അവരുടെ കണ്ണുകൾ നനഞ്ഞിരുന്നു, ഒന്നും മിണ്ടാതെ തന്നെ അവർ, അവർക്കായി ഒരുക്കിയ കോട്ടജിലേക്ക് നടന്നു പോയി.. മഞ്ഞ് വീണു നനഞ്ഞ വഴിയിലൂടെ, ഫോഗ് ലാമ്പ് തെളിച്ചു കൊണ്ട് വീട്ടിൽ കാത്തിരിക്കുന്ന മക്കളുടെ അടുത്തേക്ക് മടങ്ങവേ എന്തിനോ എന്റെ കണ്ണുകളും നനഞ്ഞിരുന്നു.. ചിലരുടെ സന്തോഷങ്ങൾക്ക് നമ്മൾ ഒരു കാരണമാകുമ്പോഴുള്ള നിറവായിരുന്നുവാ നിറകൺചിരി...'.
ഇങ്ങനെയാണ് ഈ സ്റ്റോറി അവസാനിക്കുന്നത്. ഇത് വായിച്ചു കഴിയുമ്പോൾ ഇതുപോലെയുള്ള പല സ്ത്രീകളും വെളുക്കെ ചിരിയുമായി നമ്മുടെ മുന്നിൽ ജീവിക്കുന്നപോലെ തോന്നും. ആരെയെങ്കിലുമൊക്കെ നമുക്ക് കാണിച്ചു തരാനും ഉണ്ടാവും. പല സ്ത്രീകളും ഇന്ന് അസ്വാതന്ത്ര്യത്തിൻ്റെ പിടിയിൽ അമർന്നു കഴിയുന്നതായി തോന്നപ്പെടും. ആ ചങ്ങല പൊട്ടിച്ച് ഇറങ്ങാൻ ഇതുപോലെ വെമ്പുന്ന ഒരുപാട് സ്ത്രീകൾ ഇനിയും നമ്മുടെ ഇടയിലുണ്ടാകാം. ഈ സ്ത്രീയുടെ കഥ ഏതൊരു ഭർത്താവും മനസ്സിലാക്കേണ്ടത്. ഒരു സ്ത്രീയെ ബലമായി അടിച്ചമർത്തുകയല്ല വേണ്ട. വേണ്ട പ്രോത്സാഹനം കൊടുത്ത് അവരുടെ കഴിവിനൊത്ത് ജീവിക്കാൻ പിന്തുണ നൽകുകയാണ് വേണ്ടത്. പരസ്പര വിശ്വാസവും സ്നേഹവുമാണ് ഏതൊരു ദാമ്പത്യബന്ധത്തിൻ്റെയും അടിത്തറ എന്ന് തിരിച്ചറിയുക.
#womensupportwomen #mentalhealthawareness #womenempowerment #behindthesmile #truecolors #breakthestigma