Crisis | ബംഗ്ലാദേശിലെ അസ്ഥിരത വെല്ലുവിളിയാകുന്നതെങ്ങനെ, ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച 500 പേരെ തടഞ്ഞതിന് കാരണമെന്ത്?

 
Crisis

Photo Credit: X / BSF Meghalaya

ഇന്ത്യ ബംഗ്ലാദേശുമായി 4,096 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നു, പശ്ചിമ ബംഗാള്‍, അസം, മേഘാലയ, മിസോറാം, ത്രിപുര എന്നിവയാണ് അതിര്‍ത്തി സംസ്ഥാനങ്ങള്‍

അർണവ് അനിത 

(KVARTHA) ബംഗ്ലാദേശിലെ രാഷ്ട്രീയ അസ്ഥിരതയെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ അതിര്‍ത്തിയായ ജല്‍പായ്ഗുരി ജില്ലയിലൂടെ ഇന്ത്യയിലേക്ക് പ്രവേശിച്ച 500 ഓളം പേരെ അതിര്‍ത്തി സുരക്ഷാ സേന ബുധനാഴ്ച തടഞ്ഞതായി റിപ്പോര്‍ട്ട്. അവാമി ലീഗ് സര്‍ക്കാരിനെതിരായ ജനകീയ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഷേയ്ഖ് ഹസീന രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഇത്തരത്തിലൊരു സംഭവം നടന്നത്. പ്രതിഷേധങ്ങള്‍ക്കിടയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമ സംഭവങ്ങളും ബംഗ്ലാദേശില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

ഇതേ തുടര്‍ന്ന് പലരും രാജ്യം വിടുന്നതായി അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  
ബുധനാഴ്ച രാവിലെ മുതല്‍ 300-ലധികം ആളുകള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ബംഗ്ലാദേശ് ഭാഗത്ത് ഒത്തുകൂടാന്‍ തുടങ്ങിയിരുന്നെന്ന് അതിര്‍ത്തി സുരക്ഷാ സേനയിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്സ്പ്രസ്  റിപ്പോര്‍ട്ട് ചെയ്തു. ഉച്ചകഴിഞ്ഞ് 120 ഓളം പേരും വൈകുന്നേരം 40 പേരും ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചുവെന്നാണ് റിപ്പോർട്ട്. 

എല്ലാവരും സീറോ ലൈന്‍ മറികടക്കാന്‍ ശ്രമിച്ചപ്പോള്‍  ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥര്‍ തടഞ്ഞു.  തുടര്‍ന്ന് ബംഗ്ലാദേശ് ബോര്‍ഡര്‍ ഗാര്‍ഡിലെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പൗരന്മാരോട് മടങ്ങിപ്പോകാന്‍ അഭ്യര്‍ത്ഥിച്ചു. വൈകുന്നേരത്തോടെ, എല്ലാവരും മടങ്ങി. തങ്ങളുടെ ജീവന്‍ അപകടത്തിലാണെന്ന് ഇവരില്‍ പലരും സുരക്ഷാ ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

ഷെയ്ഖ് ഹസീന സര്‍ക്കാരിന്റെ പതനത്തിനുശേഷം, നോബല്‍ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ മുഹമ്മദ് യൂനസ് ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായി. സമരം നടത്തിയ വിദ്യാര്‍ത്ഥി നേതാക്കളുടെ നിര്‍ദ്ദേശപ്രകാരമാണ് അദ്ദേഹം ഈ ചുമതല ഏറ്റെടുത്തത്. ഇടക്കാല സര്‍ക്കാരിന്റെ തലവനായി അദ്ദേഹം വ്യാഴാഴ്ച രാത്രി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബത്തിന് സര്‍ക്കാര്‍ ജോലിയില്‍ സംവരണം ഏര്‍പ്പെടുത്തിയ ഷെയ്ഖ് ഹസീന സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ ജൂലായില്‍ ആരംഭിച്ച പ്രതിഷേധം കലാപത്തില്‍ കലാശിച്ചതോടെയാണ് പ്രധാനമന്ത്രി രാജിവെച്ച് രാജ്യം വിട്ടത്. 

പ്രതിഷേധക്കാര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അക്രമങ്ങളും കൊലപാതകങ്ങളും നടത്തി. അങ്ങനെ രാജ്യം മുഴുവനും അരക്ഷിതാവസ്ഥയിലാണിപ്പോള്‍. ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് ന്യൂനപക്ഷങ്ങളുടെ വ്യാപകമായ വരവുണ്ടായിട്ടില്ലെന്ന് അതിര്‍ത്തി സുരക്ഷാ സേന അറിയിച്ചു. വന്നവരിലേറെയും പ്രാദേശിക സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഭയന്നോടിയവരാണ്. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ എല്ലാ ജില്ലാ പോലീസ് മേധാവികളോടും, പ്രത്യേകിച്ച് ബംഗ്ലാദേശിന്റെ അതിര്‍ത്തിയിലുള്ള പോയിന്റുകളില്‍ ജാഗ്രത വര്‍ദ്ധിപ്പിക്കാന്‍ ഉത്തരവിട്ടു.  ഇന്ത്യ ബംഗ്ലാദേശുമായി 4,096 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നു, പശ്ചിമ ബംഗാള്‍, അസം, മേഘാലയ, മിസോറാം, ത്രിപുര എന്നിവയാണ് അതിര്‍ത്തി സംസ്ഥാനങ്ങള്‍.  

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ അപ്രധാന ജീവനക്കാര്‍ കുടുംബത്തോടൊപ്പം ഇന്ത്യയിലേക്ക് മടങ്ങുകയാണെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ ഇപ്പോഴും വഷളായിക്കൊണ്ടിരിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ അവിടെയുള്ള പൗരന്മാരുമായി ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു.  ബംഗ്ലാദേശിലെ 'അക്രമവും അസ്ഥിരതയും' സംബന്ധിച്ച ആശങ്കകള്‍ അദ്ദേഹം രാജ്യസഭയില്‍ പങ്കുവെച്ചു. ധാക്കയിലെ അധികാരികളുമായി ഡല്‍ഹിയില്‍ നിന്ന് ഇടതടവില്ലാതെ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ബംഗ്ലാദേശില്‍ ഏകദേശം 19,000 ഇന്ത്യന്‍ പൗരന്മാര്‍ ഉണ്ടെന്നും അതില്‍ 9,000-ത്തോളം പേര്‍ വിദ്യാര്‍ത്ഥികളായിരുന്നെന്നും  വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും ജൂലൈയില്‍ തന്നെ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയെന്നും അദ്ദേഹം അറിയിച്ചു.  ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്. അവരുടെ ക്ഷേമം ഉറപ്പാക്കാന്‍ വിവിധ ഗ്രൂപ്പുകളും സംഘടനകളും മുന്‍കൈയെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യ അതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. പക്ഷേ ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതുവരെ സ്വാഭാവികമായും ആശങ്ക നിലനില്‍ക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ബംഗ്ലാദേശിലെ 27 ജില്ലകളില്‍ ഹിന്ദു വീടുകളും വ്യാപാര സ്ഥാപനങ്ങളും ജനക്കൂട്ടം ആക്രമിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചില സ്ഥലങ്ങളില്‍ ഹിന്ദു വീടുകളും വ്യാപാര സ്ഥാപനങ്ങളും കൊള്ളയടിച്ചതായി ദ ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിറ്റഗോംഗ്, രാജ്ഷാഹി, ഖുല്‍ന, സില്‍ഹെത് എന്നിവിടങ്ങളിലെ അസിസ്റ്റന്റ് ഹൈക്കമ്മീഷനുകള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നയതന്ത്ര ഓഫീസുകള്‍ക്ക് ബംഗ്ലാദേശ് ആവശ്യമായ സുരക്ഷാ സംരക്ഷണം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായി വിദേശകാര്യമന്ത്രി പറഞ്ഞു. ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് 'അസാധാരണമായി ജാഗ്രത' പുലര്‍ത്താന്‍ ഇന്ത്യയുടെ അതിര്‍ത്തി രക്ഷാ സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ഷെയ്ഖ് ഹസീനയുടെ പിതാവും ബംഗ്ലാദേശിന്റെ രാഷ്ട്ര പിതാവുമായ ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്‍ രാജ്യത്തെ സ്വതന്ത്ര്യമാക്കിയിട്ട് അര നൂറ്റാണ്ട് പിന്നിടുമ്പോഴാണ് മകള്‍ രാജിവെച്ച് നാടുവിട്ടത്. പാക്കിസ്ഥാനില്‍ നിന്ന് കിഴക്കന്‍ ബംഗ്ലാദേശിനെ മോചിപ്പിക്കുന്നതിന് നേതൃത്വം കൊടുത്തത് ഇന്ത്യന്‍ പട്ടാളമായിരുന്നു. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി എല്ലാ പിന്തുണയും നല്‍കിയിരുന്നു. എന്നാല്‍ നിലവില്‍ ചൈനയും അമേരിക്കയും ബംഗ്ലാദേശില്‍ ഇടപെടല്‍ നടത്തുന്നു. അതിന് പുറമേ പാക്കിസ്ഥാന്‍ പിന്തുണയുള്ള ജമാഅത്തെ ഇസ്ലാമിയും  പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു എന്നാണ് ആക്ഷേപം.

അവരുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥികളാണ് പ്രക്ഷോഭം അഴിച്ചുവിട്ടതെന്ന് രാജ്യാന്തരമാധ്യമമായ അല്‍ജസീറ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബംഗ്ലാദേശിലെ അരക്ഷിതാവസ്ഥ അവിടുത്തെ ജനങ്ങള്‍ക്ക് മാത്രമല്ല ഇന്ത്യയ്ക്കും വലിയ ആശങ്കയായി മാറിയിരിക്കുകയാണ്. രാജ്യം രൂപീകരിച്ച കാലം മുതല്‍ ഇന്ത്യയുമായി നല്ല സൗഹൃദത്തിലാണ് ബംഗ്ലാദേശ്. ഷെയ്ഖ് ഹസീനയെ മുമ്പ് ബംഗ്ലാദേശില്‍ പ്രവേശിപ്പിക്കാതിരുന്നപ്പോള്‍ ഇന്ത്യയില്‍ തങ്ങാന്‍ അനുമതി നല്‍കിയത് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു.
 

Crisis

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia