Visits | അറബ് പൗരൻ മുത്തപ്പ സന്നിധിയിൽ സന്ദർശനം നടത്തിയത് കൗതുകമായി
അറബ് പൗരൻ മുത്തപ്പ സന്നിധിയിൽ സന്ദർശനം നടത്തിയത് കൗതുകമായി
കണ്ണൂർ: (KVARTHA) പറശ്ശിനിമടപ്പുരയിൽ മുത്തപ്പനെ സന്ദർശിച്ച് അറബ് പൗരൻ. സൈദ് മുഹമ്മദ് ആയില്ലാലാഹി ആല്‍ നഖ്‌വിയാണ് പ്രസാദവും കഴിച്ച് മടങ്ങിയത്. കണ്ണൂർ കീച്ചേരിയിലെ രവീന്ദ്രന്റെ കൂടെയായിരുന്നു അറബ് പൗരന്റെ സന്ദർശനം. അപൂർവമായ ദൃശ്യം കാണാൻ നിരവധി പേർ എത്തിയിരുന്നു. ഇതിൽ ചിലർ വീഡിയോ ദൃശ്യം പ്രചരിപ്പിക്കുകയും ചെയ്തു.
പ്രവാസിയായ രവീന്ദ്രൻ്റെ കൂടെ കണ്ണൂർ കാണാനെത്തിയതായിരുന്നു അറബ് പൗരൻ. ഇതിനിടയിലാണ് മുത്തപ്പനെ കുറിച്ചു രവീന്ദ്രനിൽ നിന്നും കേട്ടറിയുന്നത്. ഉടൻ പറശ്ശിനിക്കടവിലെത്താൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. പറശ്ശിനി പുഴയിൽ കാൽ കഴുകി ഭക്ത്യാദരങ്ങളോടെയാണ് അറബ് പൗരനും രവീന്ദ്രനും വെള്ളാട്ടവും തിരുവപ്പനയും കെട്ടിയാടുന്ന മുത്തപ്പൻ സന്നിധിയിലെത്തിയത്.
അറബ് പൗരനോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞതിനു ശേഷം ദക്ഷിണ സ്വീകരിച്ചു മുടിയിൽ നിന്നും തുളസിയും ചെത്തിപ്പൂവും പറിച്ചെടുത്ത് ഉള്ളം കൈയ്യിൽ വെച്ചു നൽകി തലയിൽ കൈ വെച്ചു എല്ലാ അനുഗ്രഹമുണ്ടാകുമെന്നും വിചാരിച്ച കാര്യങ്ങൾ നടക്കുമെന്നും പറഞ്ഞ് മനസ് കുളിർപ്പിച്ചതിനു ശേഷമാണ് മുത്തപ്പൻ മടക്കി അയച്ചത്. അറബ് പൗരനെയും രവീന്ദ്രനെയും പറശിനി മടപ്പുരയിൽ പി എം സുജിത്ത്, പി എം സുമന്ത്, പി എം വിനോദ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
ഈ സംഭവത്തിൽ നിങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങൾക്ക് പ്രധാനമാണ്. കമൻ്റായി രേഖപ്പെടുത്തുമല്ലോ.