Conference | ഓൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ സമ്മേളനം ജൂലൈ 7ന് അങ്കമാലിയിൽ


അഞ്ച് ലക്ഷം സ്വർണ വ്യാപാരികളെ പ്രതിനിധീകരിച്ച് പതിനായിരത്തോളം ജ്വല്ലറി ഉടമകൾ പ്രതിനിധികളായി പങ്കെടുക്കും
കൊച്ചി: (KVARTHA) ഓൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിലിന്റെ (GJC) നേതൃത്വത്തിലുള്ള ദേശീയ സമ്മേളനം ജൂലൈ ഏഴിന് അങ്കമാലി അഡ്ലക്സ് ഇൻറർനാഷണൽ കൺവെൻഷൻ സെൻററിൽ നടക്കും. ഇന്ത്യയിലെ അഞ്ച് ലക്ഷം സ്വർണ വ്യാപാരികളെ പ്രതിനിധീകരിച്ച് പതിനായിരത്തോളം ജ്വല്ലറി ഉടമകൾ പ്രതിനിധികളായി പങ്കെടുക്കും. കേരളത്തിൽനിന്ന് 5000 ത്തോളം സ്വർണ വ്യാപാരികൾ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കും.
ഇന്ത്യൻ സ്വർണാഭരണ വ്യാപാര മേഖല അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ സമ്മേളനത്തിൽ ചർച്ചയാകും. ഇന്ത്യൻ സ്വർണാഭരണ ഇൻഡസ്ട്രിയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ദേശീയ സമ്മേളനം നടക്കുന്നതെന്ന് ഓൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടർ അഡ്വ. എസ് അബ്ദുൽ നാസർ പറഞ്ഞു. കേന്ദ്ര-സംസ്ഥാന മന്ത്രിമാരും, ഉന്നത ഉദ്യോഗസ്ഥരും, സ്വർണ വ്യാപാര മേഖലയിലെ പ്രമുഖരും സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കും.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ ആറ് മുതൽ എട്ട് വരെ അങ്കമാലി അഡ്ലക്സ് ഇൻറർനാഷണൽ കൺവെൻഷൻ സെൻററിൽ നടക്കുന്ന കേരള ഇൻറർനാഷണൽ ജ്വല്ലറി ഫെയറിനോട് അനുബന്ധിച്ചാണ് ജൂലൈ ഏഴിന് ദേശീയ സമ്മേളനം നടക്കുന്നത്.
സ്വർണാഭരണ പ്രദർശനത്തിൽ 200 ഓളം നിർമ്മാതാക്കൾ 400 ഓളം സ്റ്റാളുകളിലായി സ്വർണാഭരണങ്ങളുടെ പുതിയ ഫാഷൻ അവതരിപ്പിക്കും. ഡയമണ്ട് ആഭരണങ്ങളുടെയും, മെഷിനറികളുടെയും പ്രത്യേക പവിലിയനും ഉണ്ടായിരിക്കുന്നതാണ്. ഇതുസംബന്ധിച്ച് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ഓൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ സോണൽ കമ്മിറ്റി അംഗം ബി പ്രേമാനന്ദ്, യുണൈറ്റഡ് എക്സിബിഷൻ പ്രോജക്ട് ഹെഡ് വി കെ മനോജ്, ഡയറക്ടർ സത്യസായി എന്നിവരും പങ്കെടുത്തു.