Controversy | എഡിജിപി അജിത് കുമാർ വീണ്ടും കുരുക്കിൽ; കോവളത്ത് ആർഎസ്എസ് നേതാവ് റാം മാധവുമായും കൂടിക്കാഴ്ച നടത്തിയെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്
ആർഎസ്എസ് സമ്പർക് പ്രമുഖ് കൈമനം ജയകുമാറാണ് അജിത് കുമാറിനെ കൂട്ടിക്കൊണ്ടുപോയതെന്നാണ് വിവരം
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാറിനെ വീണ്ടും കുരുക്കിലാക്കി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. ആർഎസ്എസ് ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് എത്തിയ ആർഎസ്എസ് നേതാവ് റാം മാധവുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച വിവാദമായതിന് പിന്നാലെയാണ് പുതിയ സംഭവ വികാസം.
2023 ഡിസംബറിൽ കോവളത്തെ ഒരു ഹോട്ടലിൽ വച്ചായിരുന്നു റാം മാധവുമായുള്ള കൂടിക്കാഴ്ച. ആർഎസ്എസ് സമ്പർക് പ്രമുഖ് കൈമനം ജയകുമാറാണ് അജിത് കുമാറിനെ കൂട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. ഇതിന് മുമ്പ്, തൃശൂരിൽവെച്ചാണ് ദത്താത്രേയ ഹൊസബാളെയെ അജിത് കുമാർ സന്ദർശിച്ചിരുന്നത്. ഈ കൂടിക്കാഴ്ചയിലും കൈമനം ജയകുമാർ ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നുവെന്ന് ആക്ഷേപമുണ്ട്.
എഡിജിപിയും ബിജെപി നേതൃത്വവും ഈ കൂടിക്കാഴ്ച സമ്മതിച്ചതിന് ശേഷമാണ് റാം മാധവുമായുള്ള കൂടിക്കാഴ്ച വിവരം പുറത്തുവന്നത്. ദത്താത്രേയ ഹൊസബാളെയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ചോദിച്ചപ്പോൾ അജിത് കുമാർ ഇത് സ്വകാര്യ സന്ദർശനമായിരുന്നുവെന്നാണ് വിശദീകരിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് കാര്യങ്ങൾ തിരക്കിയപ്പോഴാണ് കൂടിക്കാഴ്ച അജിത് കുമാർ സമ്മതിച്ചത്.
ആർഎസ്എസ് പോഷക സംഘടനയായ വിജ്ഞാന ഭാരതിയുടെ മലയാളിയായ ദേശീയ ഭാരവാഹി ഓടിച്ച വാഹനത്തിലാണ് എഡിജിപി ആർഎസ്എസുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയതെന്ന് റിപ്പോർട്ടുണ്ട്.
ക്രമസമാധാന ചുമതലയുള്ള എഡിജിപിയായതിനാൽ അജിത്കുമാറിന്റെ വാഹനത്തിന്റെ ലോഗ്ബുക്ക് പരിശോധിച്ചാൽ എവിടെയെല്ലാം പോയെന്നു വ്യക്തമാകും. അതിനാൽ ഔദ്യോഗിക വാഹനം ഒഴിവാക്കി, പകരം വിജ്ഞാനഭാരതി ഭാരവാഹി സ്വയം ഓടിച്ചുവന്ന കാറിലായിരുന്നു യാത്രയെന്നാണ് ആക്ഷേപം.