Politics | എഡിജിപി വിവാദം: ആരോപണങ്ങള്‍ മുഖ്യമന്ത്രിയെ ലക്ഷ്യമാക്കിയെന്ന് റിയാസ് പറഞ്ഞതിന് കാരണമെന്ത്?
* അന്‍വറിനെ തള്ളിപ്പറയാന്‍ സംസ്ഥാന സെക്രട്ടറിയോ, എല്‍ഡിഎഫ് കണ്‍വീനറോ, സിപിഐ സംസ്ഥാന സെക്രട്ടറിയോ തയ്യാറായിട്ടില്ല എന്നതും കാണേണ്ടതുണ്ട്
ആദിത്യൻ ആറന്മുള
(KVARTHA) എഡിജിപി എം.ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസാബളയുമായി കൂടിക്കാഴ്ച നടത്തിയത് വലിയ വിവാദമായതിന് പിന്നാലെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം ഏറെ ശ്രദ്ധേയമാണ്, ലക്ഷ്യം മുഖ്യമന്ത്രിയാണെന്നാണ് പറഞ്ഞത്. അത് പ്രതിപക്ഷത്തെ ഉദ്ദേശിച്ചേയല്ല, കാരണം വിഡി സതീശന്‍ പ്രതിപക്ഷ നേതാവായ ശേഷം എന്ത് സംഭവമുണ്ടായാലും മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങളുന്നയിക്കുകയും ചിലപ്പോള്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ മൗനംപാലിച്ചിരുന്ന മുഹമ്മദ് റിയാസ് എന്തേ പെട്ടെന്ന് മുഖ്യമന്ത്രിക്കെതിരയാണ് പുകിലെന്ന് വ്യാഖ്യാനിച്ചത്.
ഉത്തരം വ്യക്തമാണ്. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുള്ള പാര്‍ട്ടിക്കാര്‍ തന്നെയാണ് ഇതിന് പിന്നില്‍, ഞങ്ങള്‍ക്കിത് മനസ്സിലായി എന്ന് അറിയിക്കുകയാണ് റിയാസ് ചെയ്തത്. സിപിഎമ്മിലെ ഒരു വിഭാഗം മുഖ്യമന്ത്രിയുടെ രീതികളില്‍ തൃപ്തരല്ല. അതുകൊണ്ടാണ് എംവി ഗോവിന്ദന്‍ ഞായറാഴ്ച മാധ്യമങ്ങളോട് ചോദിച്ചത്, ഞാന്‍ സംതൃപ്തനാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ എന്ന്. മുഖ്യമന്ത്രിക്ക് വളരെ വേണ്ടപ്പെട്ടയാളാണ് പിവി അന്‍വര്‍. സിപിഎം എംഎല്‍എമാര്‍ക്ക് നല്‍കാത്ത പരിഗണനയാണ് അന്‍വറിന് നല്‍കിയരുന്നത്.
അങ്ങനെയുള്ള അദ്ദേഹം കഴിഞ്ഞ ദിവസം എം.വി ഗോവിന്ദനെ കണ്ട ശേഷം മാധ്യമങ്ങളോട് പറഞ്ഞൊരു കാര്യമുണ്ട്, പിണറായി വിജയന്‍ വീട്ടില്‍ നിന്ന് വന്നത് മുഖ്യമന്ത്രി കസേരയുമായല്ല, പാര്‍ട്ടിയില്‍ വന്നു കഴിഞ്ഞാണ് അദ്ദേഹം മുഖ്യമന്ത്രിയായതെന്ന്. കഴിഞ്ഞ ഒരു ദാശാബ്ദത്തിനിടെ ഇടതുപക്ഷത്തുള്ള ആരും പിണറായിക്കെതിരെ ഇങ്ങിനെ പ്രതികരിച്ച് കണ്ടിട്ടില്ല. (വിഎസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് പിണറായിക്കെതിരെ ആഞ്ഞടിച്ചിട്ടുണ്ട്).
അന്‍വറിന് എവിടുന്നാണ് ഇങ്ങിനെയൊക്കെ സംസാരിക്കാന്‍ ഊര്‍ജ്ജം കിട്ടിയത്. പാര്‍ട്ടിയിലെ ആരൊക്കെയോ അന്‍വറിനൊപ്പമുണ്ട്. മുഖ്യമന്ത്രി ശൈലിമാറ്റണം അതാണ് അവരുടെ ലക്ഷ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പോടു കൂടി പാര്‍ട്ടി വലിയ പ്രതിരോധത്തിലാണ്. അവര്‍ക്കൊപ്പം ഉണ്ടായിരുന്ന വലിയൊരു വിഭാഗത്തിന്റെ വോട്ട് ചോര്‍ന്നു പോയി. അത് സര്‍ക്കാരിന്റെ പിടിപ്പ് കേടുകൊണ്ടാണ്. സര്‍ക്കാരെന്ന് പറഞ്ഞാല്‍ മുഖ്യമന്ത്രി.
അന്‍വറിനെ തള്ളിപ്പറയാന്‍ സംസ്ഥാന സെക്രട്ടറിയോ, എല്‍ഡിഎഫ് കണ്‍വീനറോ, സിപിഐ സംസ്ഥാന സെക്രട്ടറിയോ തയ്യാറായിട്ടില്ല എന്നതും കാണേണ്ടതുണ്ട്. നയപരമായ കാര്യങ്ങള്‍ സംസ്ഥാന സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമേ മുഖ്യമന്ത്രി ക്യാബിനെറ്റില്‍ അവതരിപ്പിക്കാറുള്ളൂ. എംവി ഗോവിന്ദന്‍ സെക്രട്ടറിയായ ശേഷവും അങ്ങനെയാണെന്ന് അദ്ദേഹം മുമ്പ് വ്യക്തമാക്കിയിട്ടുള്ളത്. അങ്ങനെയെങ്കില്‍ എഡിജിപി എം.ആര്‍ അജിത് കുമാര്‍ ദത്താത്രേയ ഹൊസബാളെ സന്ദര്‍ശിച്ചത് എം.വി ഗോവിന്ദന്‍ അറിഞ്ഞുകാണും.
16 മാസം മുമ്പ് നടന്ന കാര്യമാണ്. എന്തുകൊണ്ട് ഇതുവരെ നടപടി എടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടില്ല. പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയതിനാണ് ഇ.പി ജയരാജനെ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയത്. ബിജെപി-ആര്‍എസ് എസ് ബന്ധമുള്ള ഐപിഎസ് ഉദ്യോഗസ്ഥരായ ടിപി സെന്‍കുമാറിനെയും ജേക്കബ് തോമസിനെയും മാറ്റിയത്. അതുപോലെ ഗുരുതരമായ കാര്യമാണല്ലോ എഡിജിപിയുടെ ഭാഗത്തിന്നും സംഭവിച്ചത്.
അജിത് കുമാറിനെതിരെ നടപടിയെടുക്കേണ്ടത് സര്‍ക്കാരാണെന്ന് പറഞ്ഞ്, പിണറായി വിജയന്റെ കോര്‍ട്ടിലേക്ക് പന്തിട്ട് കൊടുത്തിട്ട് ഗോവിന്ദന്‍മാഷും സംഘവും കളംവിടാനാണ് പദ്ധതിയെങ്കില്‍ അതൊരു താല്‍ക്കാലിക വിജയം മാത്രമാണ്. കാരണം പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അവിടെ സംസ്ഥാന സെക്രട്ടറിക്ക് മറുപടി പറയേണ്ടിവരും.
മുഖ്യമന്ത്രി പിണറായി വിജയന്‍ 2016ല്‍ അധികാരമേറ്റ ശേഷം അന്നത്തെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ആദ്യമായി പിണറായി-മോദി ബന്ധം ആരോപിക്കുന്നത്. ടിപി സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് നീക്കി ലോക്‌നാഥ് ബഹ്‌റയെ കൊണ്ടുവന്നത് നരേന്ദ്രമോദിക്ക് വേണ്ടിയാണ് എന്നായിരുന്നു ആക്ഷേപം. ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മോദിയേയും ഷായേയും രക്ഷിച്ചത് അന്നത്തെ എന്‍ഐഎ മേധാവിയായിരുന്ന ബെഹ്‌റയായിരുന്നെന്ന് മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന മുല്ലപ്പള്ളി ചൂണ്ടിക്കാണിച്ചു. പിണറായി ബഹ്‌റയെ കൊണ്ടുവന്നതിന് പിന്നില്‍ ലാവ്‌ലിന്‍ കേസില്‍ നിന്ന് രക്ഷപെടാനുള്ള വഴിയാണെന്നും പറഞ്ഞു.
പിന്നീട് സ്വര്‍ണക്കടത്, ലൈഫ് മിഷന്‍ കോഴ, ഡോളര്‍ കടത്ത്, എക്‌സാലോജിക്, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് അങ്ങനെ എല്ലാ കേസുകളിലും കോണ്‍ഗ്രസ്, സിപിഎം-ബിജെപി അന്തര്‍ധാര ആരോപിച്ചു. ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കുന്നതിനെ സിപിഎം സംസ്ഥാന ഘടകം എതിര്‍ക്കുന്നത് അതിന്റെ ഭാഗമായി ആണെന്നും പറഞ്ഞു. ബിജെപി ഇതര മുഖ്യമന്ത്രിമാരെ മോഡി വേട്ടയാടുമ്പോള്‍ , പിണറായി വിജയനെ മാത്രം സംരക്ഷിക്കുന്നത് എന്തുകൊണ്ടാണെന്ന് രാഹുല്‍ഗാന്ധിയും ചോദിച്ചു. അതും ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത്.
അങ്ങനെയിരിക്കുമ്പോഴാണ് ഇപി ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുണ്ടാകുന്നത്. താന്‍ ജാവഡേക്കറെ കണ്ടെന്ന് ഇപിയും സമ്മതിച്ചു. അതോടെ സിപിഎം ബിജെപി അന്തര്‍ധാരയുണ്ടോ എന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് സംശയം ഉണ്ടായി. അത് ഇതുവരെ ദുരീകരിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. എഡിജിപിക്കെതിരെ നടപടിയെടുക്കുകയും പൂരം കലക്കിയത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിടുകയും ചെയ്താലെ ഒരുപരിധി വരെ അത് മാറൂ.
മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എം.ആര്‍ അജിത് കുമാര്‍ ചെയ്ത കാര്യങ്ങള്‍ അറിയാവുന്ന സിപിഎം നേതാക്കള്‍ തന്നെയാണ് ആ വിവരങ്ങള്‍ പിവി അന്‍വറിന് ചോര്‍ത്തി കൊടുത്തതും അന്‍വറിനെ കൊണ്ട് വാര്‍ത്താസമ്മേളനം നടത്തിച്ചതും പാരാതി കൊടുപ്പിച്ചതുമെന്നാണ് അഭ്യൂഹങ്ങൾ. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയും അദ്ദേഹത്തിനൊപ്പം ഉള്ളവരും മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് ലക്ഷ്യം മുഖ്യമന്ത്രിയാണെന്ന് മുഹമ്മദ് റിയാസ് തുറന്നടിച്ചത്.
#ADGPControversy #MuhammadRiaz #ChiefMinisterAllegations #KeralaPolitics #CPIStance #GovernmentDispute