Controversy | എഡിജിപി അജിത് കുമാറിന് സംഘ്പരിവാര്‍ ബന്ധമോ? പ്രതിരോധത്തിലായി ബിജെപി; തളളിപ്പറയാന്‍ നേതാക്കളുടെ മത്സരം; സിബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തം
തൃശൂർ പൂരം കലക്കുന്നതിൽ അജിത്ത് കുമാറിന് പങ്കുണ്ടെന്ന് ആരോപണം
കനവ് കണ്ണൂർ
കണ്ണൂര്‍: (KVARTHA) ആരോപണ വിധേയനായ എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ മുഖ്യമന്ത്രിക്കു വേണ്ടി ആര്‍.എസ്.എസ് നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന പി.വി അന്‍വര്‍ എം.എല്‍.എയുടെ ആരോപണത്തില്‍ പ്രതിരോധത്തിലായി ബി.ജെ.പി. തൃശൂര്‍ പൂരം കലക്കുകയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയെ തൃശൂരില്‍ നിന്നും വിജയിപ്പിക്കുന്നതിനുളള രഹസ്യ അട്ടിമറിയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തിയതെന്നായിരുന്നു അന്‍വറിന്റെ ആരോപണം.
ഇതുവിവാദമായതോടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നിഷേധിച്ചുവെങ്കിലും ബി.ജെ.പി സംശയത്തിന്റെ നിഴലിലാണുളളത്. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്ന വാദവുമായി ദേശീയ നിര്‍വാഹക സമിതിയംഗങ്ങളായ പി.കെ കൃഷ്ണദാസും സി.കെ പത്മനാഭനും കണ്ണൂരില്‍ രംഗത്തുവന്നിരുന്നു. സംഘ്പരിവാര്‍ സംഘടനകളുമായി രഹസ്യബന്ധമുണ്ടെന്ന ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എം.ആര്‍ അജിത്ത് കുമാറിനെതിരെ അന്‍വര്‍ ഉന്നയിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ലാവ്‌ലിന്‍ കേസില്‍ നിന്നും പിന്‍മാറാന്‍ നടത്തുന്ന ശ്രമങ്ങളില്‍ എ.ഡി.ജി.പിയുടെ ബി.ജെ.പി ബന്ധം തുണയായിട്ടുണ്ടെന്ന ആരോപണവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
സ്വര്‍ണക്കടത്തും ഫോണ്‍ചോര്‍ത്തലും കൊലപാതകങ്ങളും അടക്കം നിരവധി ആരോപണങ്ങള്‍ തെളിവുസഹിതം അന്‍വര്‍ നിരത്തിയെങ്കിലും പരിവാര്‍ സംഘടനകളുടെ പ്രീതിക്കായി ഒരു ഇടനിലക്കാരനായി അജിത്കുമാര്‍ ഇടപെട്ടുവെന്ന അന്‍വറിന്റെ വെളിപ്പെടുത്തല്‍ സി.പി. എം സംസ്ഥാന നേതൃത്വത്തിന് ഞെട്ടലുണ്ടാക്കി.
അജിത്കുമാര്‍ സംഘ്പരിവാര്‍ പക്ഷപാതിയാണെന്നും തൃശൂര്‍ പൂരം കലക്കുന്നതടക്കമുള്ള സാമൂഹ്യവിരുദ്ധ പ്രവൃത്തികള്‍ക്കുപിന്നില്‍ എ.ഡി.ജി.പിയാണെന്നുമുള്ള കാര്യങ്ങള്‍ അന്‍വര്‍ തെളിവുസഹിതം മുഖ്യമന്ത്രിയെ ധരിപ്പിച്ചുവെങ്കിലും ഒരു ചെവിയിലൂടെ കേട്ടു മറുചെവിയിലൂടെ വിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പാലക്കാട്ട് ഒരു വര്‍ഷം മുമ്പ് ഉന്നത ആര്‍.എസ്.എസ് നേതാക്കള്‍ പങ്കെടുത്ത പരിപാടിയില്‍ അജിത്കുമാര്‍ പങ്കെടുത്തിരുന്നുവെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും അന്‍വര്‍ മുഖ്യമന്ത്രിയോട് സൂചിപ്പിച്ചുവെങ്കിലും ഗൗനിച്ചിട്ടില്ല.
കേരള പൊലീസില്‍ സംഘ്പരിവര്‍ ബാധയുണ്ടെന്നത് പ്രതിപക്ഷം കാലങ്ങളായി ഉന്നയിക്കുന്നതാണ്. പ്രത്യേക വിഭാഗക്കാരായ യുവാക്കളെ കള്ളക്കേസില്‍ കുടുക്കുന്നതിനും കുടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന ജില്ലയെന്ന് മലപ്പുറത്തെ താറടിക്കുന്നതിനും പിന്നിലെ ബുദ്ധികേന്ദ്രം എ.ഡി.ജി.പി അജിത്കുമാര്‍ ആണെന്ന ആശങ്കയും അന്‍വര്‍ മുഖ്യമന്ത്രിയെ ബോധിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനം, എടവണ്ണയിലെ റിദാന്‍ ബാസില്‍ കൊലക്കേസ്, ഇതില്‍ എടവണ്ണ മുണ്ടേങ്ങര കൊളപ്പാടന്‍ മുഹമ്മദ് ഷാനെ ഒന്നാംപ്രതിയാക്കിയത്, താനൂര്‍ കസ്റ്റഡി മരണം എന്നിവയിലൊക്കെ എ.ഡി.ജി.പി അജിത്കുമാറിന് പങ്കുണ്ടെന്ന് അന്‍വര്‍ വെളിപ്പെടുത്തിയിരുന്നു.
സാമ്പത്തിക താല്‍പര്യങ്ങള്‍ക്കപ്പുറം പ്രത്യേക മതത്തില്‍പെട്ടവരെ തെരഞ്ഞുപിടിച്ച് ഇല്ലാതാക്കുന്നതും കള്ളക്കേസില്‍ കുടുക്കുന്നതും എ.ഡി.ജി.പിയുടെ വിനോദമായിരുന്നുവെന്നതും അന്‍വര്‍ വെളിപ്പെടുത്തിയിരുന്നു. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഒപ്പമാണെന്ന് ബോധ്യപ്പെടുത്തുന്നതില്‍ അതിസമര്‍ഥമനായിരുന്നു അജിത്കുമാറെന്ന് അന്‍വര്‍ പറയുന്നു. അതുകൊണ്ടാണ് മുമ്പ് പലതവണ എ.ഡി.ജി.പിയെ പുകഴ്ത്തി മുഖ്യമന്ത്രിക്കു സംസാരിക്കേണ്ടിവന്നത്. അതേസമയം ഭരണപക്ഷ എം.എല്‍.എ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ തുടക്കത്തില്‍ ഏറ്റെടുക്കുന്നതില്‍ പ്രതിപക്ഷവും അറച്ചുനില്‍ക്കുകയായിരുന്നു. പേരിനുപ്രതികരിച്ചെന്നു വരുത്തുകയാണ് ഇപ്പോഴും പ്രതിപക്ഷനേതാവ് വി.ഡി സതീശനെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.