Allegation | നവീൻ ബാബുവിനെതിരെ ഉയർന്ന കൈക്കൂലി ആരോപണം കെട്ടുകഥയോ, കണ്ണീർ തോരാത്ത ഒരു കുടുംബത്തിൻ്റെ ശാപം ആരെയൊക്കെ വേട്ടയാടും?


● ആരോപണം സംബന്ധിച്ച് പല വിരുദ്ധ വാദങ്ങളാണ് ഉയർന്നിരിക്കുന്നത്.
● പ്രശാന്ത് താൻ 98,500 രൂപ കൈക്കൂലി നൽകിയെന്ന് അവകാശപ്പെടുന്നു.
● നവീൻ ബാബുവിനെ സത്യസന്ധനായ ഉദ്യോഗസ്ഥനായാണ് വിലയിരുത്തുന്നത്
കാർത്തിക് കൃഷ്ണ
(KVARTHA) കണ്ണൂർ എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ ഇനിയും തെളിയാത്ത ചോദ്യങ്ങളിലൊന്ന് അദ്ദേഹം പെട്രോൾ പമ്പിന് എൻ.ഒ.സി അനുവദിക്കുന്നതിനായി വ്യവസായ സംരഭകൻ ടി.വി പ്രശാന്തിൽ നിന്നും കൈക്കൂലി വാങ്ങിയിരുന്നോവെന്നാണ്. താൻ 98,500 രൂപ പണമായി ഇതിലേക്കായി നവീൻ ബാബുവിന് കൈക്കൂലിയായി കൊടുത്തുവെന്നാണ് പ്രശാന്ത് പൊലീസിന് നൽകിയ മൊഴി. കഴിഞ്ഞ 30 വർഷത്തിനിടെ നവീൻ ബാബുവിനെതിരെ കൈക്കൂലി വാങ്ങിയെന്ന പരാതി ജോലി ചെയ്ത ഒരിടത്തു നിന്നും ഉയർന്നിട്ടില്ല. കണ്ണൂരിലേക്ക് വരുന്നതിന് മുൻപ് കാസർകോട് എ.ഡി. എമ്മായിരുന്നു അദ്ദേഹം.
സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്ന് റവന്യു മന്ത്രി രാജൻ അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. നവീൻ ബാബുവിനെ കുറിച്ച് കൈക്കൂലി ആരോപണ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് കണ്ണൂർ കലക്ടറും സഹപ്രവർത്തകരും മൊഴി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അദ്ദേഹം കൈക്കൂലി വാങ്ങിയെന്ന ആരോപണം എങ്ങനെ ഉയർന്നു. പ്രശാന്തൻ കൈക്കുലി കൊടുത്ത ദിവസം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതിൻ്റെ ഉപോൽബലകമായി വീഡിയോ ദൃശ്യം പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ നാലാം തീയ്യതി കണ്ണൂരിൽ നിന്നും ഔദ്യോഗിക സേവനം മതിയാക്കി പത്തനംതിട്ടയിൽ 15ന് എ.ഡി.എമ്മായി ചുമതല ഏൽക്കേണ്ട ഉദ്യോഗസ്ഥന് വീഡിയോ ദൃശ്യപ്രകാരം ആറാം തീയ്യതി കൈക്കൂലി കൊടുത്തുവെന്ന വീഡിയോ ദൃശ്യം എങ്ങനെ വിശ്വസിക്കാനാവും.
ഇനി കൈ കൂലി കൊടുത്തുവെന്ന പ്രശാന്തൻ്റെ വാദം അംഗീകരിച്ചാൽ തന്നെ ഈ പണം എവിടെ നിന്നു ലഭിച്ചുവെന്ന ചോദ്യമാണ് ഉയരുന്നത്. താൻ സഹകരണ ബാങ്കിൽ നിന്നും സ്വർണപണയം വെച്ച പണമാണ് നൽകിയതെന്നാണ് പ്രശാന്തൻ്റെ വാദം. എന്നാൽ ഏതു സഹകരണ ബാങ്കിൽ നിന്നായാലും സ്വർണപണയം വെച്ചാൽ രസീത് കൊടുത്തിരിക്കും. അതു ഹാജരാക്കാൻ ഇതുവരെ പ്രശാന്തിന് കഴിഞ്ഞിട്ടില്ല. പി.പി ദിവ്യയുടെ ഉപദേശപ്രകാരം മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നാണ് പ്രശാന്ത് പറയുന്നത്. മുഖ്യമന്ത്രിക്കുള്ള പരാതി സി.എമ്മിൻ്റെ പോർട്ടൽ വഴിയാണ് പൊതുജനങ്ങൾ നൽകാറുള്ളത്.
ഇങ്ങനെ നൽകുന്ന പരാതിയുടെ നമ്പർ ( Acknowledgement No), തീയ്യതി എന്നിവ രേഖപ്പെടുത്തി രസീത് പ്രിൻ്റായി അപ്പോൾ തന്നെ കിട്ടും. ഇതിനു പകരം തീയ്യതിയും പേരും തെറ്റിച്ചുള്ള ഒരു വെള്ളപേപ്പറിൽ ഡി.ടി.പി ചെയ്ത കത്തു പോലുള്ള പരാതിയാണ് പ്രശാന്തൻ മാധ്യമങ്ങൾക്ക് മുൻപിൽ ഹാജരാക്കിയത്. താൻ കൈക്കൂലി കൊടുത്തുവെന്ന് പ്രശാന്തൻ തറപ്പിച്ചു പറയുമ്പോഴും അതിനുള്ള രേഖകളൊന്നും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. മാനദണ്ഡങ്ങൾ ലംഘിച്ചു തുടങ്ങാനിരുന്ന പെട്രോൾ പമ്പിന് പൊലീസ്, എൻവയർമെൻ്റ്, പൊലീസ് സർട്ടിഫിക്കറ്റുകൾ ആവശ്യമാണെന്ന് നോട്ടായി രേഖപ്പെടുത്തിയാണ് എ.ഡി.എം നവീൻ ബാബു ട്രാൻസ്ഫറായി പോകുന്നതിൻ്റെ തൊട്ടു മുൻപിലുള്ള ദിവസം എൻ ഒ സി അനുവദിച്ചു കൊണ്ടുള്ള ഉത്തരവിൽ ഒപ്പിട്ടത്.
എന്നാൽ തന്നെ നാലു തവണ ഈ കാര്യത്തിനായി ഫോണിൽ വിളിച്ച പി.പി ദിവ്യയോടുള്ള അനുഭാവമായിരുന്നില്ല തൻ്റെ സ്ഥലംമാറ്റം ശരിയാക്കി തന്ന സി.പി.ഐ നേതാക്കൾ പറഞ്ഞതുകൊണ്ടുള്ള ഉപകാരസ്മരണയായിരുന്നു അത്. ഈ കാര്യമാണ് ദിവ്യയെ പ്രകോപിപ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ഇതിനായി കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന് ടി.വി പ്രശാന്ത് ദിവ്യയോട് പറഞ്ഞത് അയഥാർത്ഥമായ കാര്യമാണെന്ന സാധ്യതയാണ് നിലനിൽക്കുന്നത്. കാള പെറ്റുവെന്ന് കേട്ടപ്പോൾ കയറെടുത്ത് ഓടിയ ദിവ്യ സ്വയം കുഴിച്ച വാരി കുഴിയിൽ വീഴുകയും ചെയ്തു.
സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ കൈക്കൂലിക്കാരനായി ചിത്രീകരിച്ച പ്രശാന്തന് കണ്ണൂർ മെഡിക്കൽ കോളജിലെ താൽക്കാലിക ജോലി പോവുകയും പെരുവഴിയിലാവുകയും ചെയ്തു. അനധികൃതമായി തുടങ്ങാനിരുന്ന പെട്രോൾ പമ്പിനെതിരെ മന്ത്രാലയത്തിൻ്റെ ഉൾപ്പെടെ അന്വേഷണം നടന്നുവരികയാണ്. നവീൻ ബാബുവിൻ്റെ ഭാര്യ പറഞ്ഞതുപോലെ മരണമല്ല അഭിമാനമാണ് വലുതെന്ന വാക്കിൽ നടന്ന സംഭവത്തിൻ്റെ രത്നചുരുക്കമുണ്ട്.
വിരഹത്തിൻ്റെ തീയാളുന്ന ഒരു സ്ത്രീ മനസിൽ നിന്നുയർന്ന ചുട്ടുപൊള്ളുന്ന വാക്കുകളാണിത്. തങ്ങൾക്കെതിരെ നിൽക്കുന്നവരെ ഏതു വിധേനെയെങ്കിലും താറടിക്കുകയെന്ന രാഷ്ട്രീയ ശൈലി കണ്ണൂരിലെ സി.പി.എം നേതൃത്വത്തിനുണ്ടെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. ഇതിൻ്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് നവീൻ ബാബുവെന്ന ഉന്നത ഉദ്യോഗസ്ഥൻ എന്നാണ് പറയുന്നത്.
#NaveenBabu, #briberyallegation, #Kerala, #investigation, #justice