Commemoration | ചെറുകാട് ഓർമ്മയായിട്ട് 48 വർഷങ്ങൾ; വിപ്ലവത്തിൻ്റെ തീപ്പന്തമായ എഴുത്തുകാരൻ


● മലയാള സാഹിത്യത്തിലെ പുരോഗമന ചിന്തകളുടെ വക്താവ്
● കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകൻ
● നിരവധി നോവലുകൾ, നാടകങ്ങൾ, കവിതകൾ എന്നിവ രചിച്ചു
● സാമൂഹിക അനീതികളെ രൂക്ഷമായി വിമർശിച്ചു
നവോദിത്ത് ബാബു
(KVARTHA) നാടകകൃത്തും നോവലിസ്റ്റും പുരോഗമന സാഹിത്യ പ്രസ്ഥാന നായകനുമായിരുന്ന ചെറുകാടിന്റെ ഓർമ്മകൾക്ക് 48 വർഷം. മലയാള സാഹിത്യത്തിൽ പുരോഗമനാശയങ്ങൾക്ക് വിത്തുപാകിയ എഴുത്തുകാരൻ. മലയാളത്തിലെ നോവലിസ്റ്റും നാടകകൃത്തും എന്ന് വേണ്ട സാഹിത്യത്തിന്റെ സകല മേഖലകളിലും തന്റേതായ വ്യക്തിത്വം പതിപ്പിച്ച വ്യക്തി. ഉറച്ച കമ്മ്യൂണിസ്റ്റ് സഹയാത്രികനും പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ നായകനുമായിരുന്നു ചെറുകാട് എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ഗോവിന്ദപിഷാരടി.
പട്ടാമ്പി ഗവ. കോളേജിൽ മലയാളവിഭാഗത്തിൽ അദ്ധ്യാപകനായിരുന്നു. പരമ്പരാഗതരീതിയിൽ സംസ്കൃതവും വൈദ്യവും പഠിച്ച ചെറുകാട് പ്രൈമറി സ്കൂൾ അദ്ധ്യാപകനായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. നിരവധി വിദ്യാലയങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രീയപ്രവർത്തനത്തെത്തുടർന്ന് സർവീസിൽ നിന്നും പിരിച്ചുവിട്ടു. സമൂഹത്തിലെ അസമത്വങ്ങളോടും തിന്മകളോടും ഉള്ള ഏറ്റുമുട്ടൽ സ്വന്തം ജീവിതത്തിൽ നിന്ന് തുടങ്ങിയ വ്യക്തിയാണ് ചെറുകാട്. തന്റെ ആത്മകഥയിൽ അദ്ദേഹം ഇത് കൃത്യമായി പറഞ്ഞിട്ടുണ്ട്.
അമ്പലവാസി കുടുംബത്തിൽ ജനിച്ച് മരുമക്കത്തായ സമ്പ്രദായം വഴി ജീവിതം നയിക്കേണ്ടിവന്ന ചെറുകാടിന് ആ സമ്പ്രദായത്തോടും അതിന്റെ കാരണക്കാരോടും ഉള്ള ശക്തമായ എതിർപ്പും അത് ചോദ്യം ചെയ്യാനുള്ള ശക്തി കമ്മ്യൂണിസ്റ്റ് സിദ്ധാന്തം വഴി മാത്രമേ ലഭിക്കു എന്ന ഉറച്ച വിശ്വാസവുമാണ് ജീവിത കാലഘട്ടത്തിൽ ഉറച്ച കോൺഗ്രസുകാരനായിരുന്നു അദ്ദേഹത്തെ കറകളഞ്ഞ കമ്മ്യൂണിസ്റ്റുകാരനാക്കിയത്. ജീവിതപ്പാത എന്ന ആത്മകഥയ്ക്ക് ഇഎംഎസ് നമ്പൂതിരിപ്പാടാണ് അവതാരിക എഴുതിയത് എന്ന് പറയുമ്പോൾ ചെറുകാടിനുള്ള ആഴത്തിലുള്ള കമ്മ്യൂണിസ്റ്റ് ബന്ധം വളരെ വ്യക്തമാണ്. കേന്ദ്ര - കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്.
മലങ്കാടൻ എന്ന പേരിൽ ഹാസ്യകവിതകളും എഴുതിയിരുന്നു. മണ്ണിന്റെ മാറിൽ ഉൾപ്പെടെ ആറ് നോവലുകൾ, സ്നേഹബന്ധങ്ങൾ ഉൾപ്പെടെ 18 നാടകങ്ങൾ, ചെകുത്താന്റെ കൂട് ഉൾപ്പെടെ ആറ് ചെറുകഥ സമാഹാരങ്ങൾ, മനുഷ്യനെ മാനിക്കുക ഉൾപ്പെടെ 15 കവിതാ സമാഹാരങ്ങൾ. ഇതിൽ നിന്നും സാഹിത്യത്തിൽ ചെറുകാട് പിന്നിട്ടതിന്റെ ആഴം വ്യക്തമാണ്.
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ ചെമ്മലശ്ശേരിയിലെ ചെറുകാട് പിഷാരത്താണ് 1914 ഓഗസ്റ്റ് 26-ന് ചെറുകാട് ജനിച്ചത്. കുടിപ്പള്ളിക്കൂടത്തിൽ പ്രാഥമികവിദ്യാഭ്യാസം നേടിയ ഇദ്ദേഹം പിന്നീട് മലപ്പുറം, ചെറുകര, പ്രൈവറ്റായി പഠിച്ച് മലയാളം വിദ്വാൻ പരീക്ഷ വിജയിക്കുകയും ചെയ്തു. ചെറുകര, ചെമ്മലശ്ശേരി സ്കൂളുകളിൽ അദ്ധ്യാപകനായി സേവനനമനുഷ്ഠിച്ചുകൊണ്ടാണ് അധ്യാപനത്തിലേക്ക് കടക്കുന്നത്. പിന്നീട് പാവറട്ടി കോളേജിലും ഗവൺമെന്റ് സംസ്കൃത കോളേജ് പട്ടാമ്പിയിലും അദ്ധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. പകൽ കോളേജ് അദ്ധ്യാപകനും രാത്രി കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനുമായിരുന്നു ചെറുകാട് എന്ന് പറയുന്നു.
1948 ൽ മക്കരപ്പറമ്പ് ജാഥാ കേസിൽ പെട്ട് ഒളിവിൽ പോയ ശേഷം മൂന്നുവർഷം ജയിലിൽ കിടന്നിട്ടുണ്ട്. ഒളിവിൽ പോയ അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാനായി ഭാര്യയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നു എന്നറിഞ്ഞപ്പോഴാണ് ചെറുകാട് കീഴടങ്ങുക ഉണ്ടായത്. 1960-ൽ ജോലിയിൽനിന്നു വിരമിച്ചശേഷം യു.ജി.സി. പ്രൊഫസറായി സേവനമനുഷ്ഠിച്ചു. പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ ആദ്യകാലനേതാക്കളിൽ ഒരാളായിരുന്നു ചെറുകാട്. സമൂഹത്തിന്റെ പുരോഗതിയെ ത്വരിതപ്പെടുത്തുന്നതായിരിക്കണം സാഹിത്യരചന എന്നതായിരുന്നു ചെറുകാടിന്റെ വിശ്വാസപ്രമാണം.
തന്റെ ചുറ്റിലും നടക്കുന്നതും തനിക്ക് സുപരിതവുമായ ജീവിതത്തെയാണ് അദ്ദേഹം സാഹിത്യത്തിലേക്ക് പിടിച്ചുകയറ്റിയത്. 1976 ഒക്ടോബർ 28 നാണ് ചെറുകാട് അന്തരിച്ചത്. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ മുന്നണി നേതാവ് എന്നതിന് ഉപരി നിരവധി സാമൂഹ്യ സാംസ്കാരിക പ്രവർത്തന സ്ഥാപനങ്ങളുമായി ചെറുകാട് ഇടപഴകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്മരണാർത്ഥം പെരിന്തൽമണ്ണയിലെ ചെറുകാട് സ്മാരക ട്രസ്റ്റ് ചെറുകാട് അവാർഡ് എന്ന പേരിൽ സാഹിത്യ അവാർഡ് 1978 മുതൽ നൽകിവരുന്നുണ്ട് .
#Cherukad #MalayalamLiterature #RevolutionaryWriter #SocialReform #LiteraryLegacy #ProgressiveLiterature