Feature | 30 വർഷം കൊണ്ടു സൗജന്യമായി വിതരണം ചെയ്തത് 19 ലക്ഷം ഔഷധ ചെടികൾ; നാടിന് പച്ചപ്പ് പകർന്ന് കണ്ണൂരിലെ പരിസ്ഥിതി പ്രവർത്തകൻ
● തന്റെ വീട്ടിൽത്തന്നെ ഔഷധ സസ്യങ്ങൾ ഉത്പാദിപ്പിച്ച് നാടിന് സംഭാവന ചെയ്യുന്നു.
● ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള ക്ലാസുകൾ നയിക്കുന്നു.
● മൂന്ന് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
കനവ് കണ്ണൂർ
കണ്ണൂർ: (KVARTHA) സസ്യ പരിപാലനത്തിന് തൻ്റെ ജീവിതം തന്നെ സമർപ്പിച്ചിരിക്കുകയാണ് കണ്ണൂരിലെ പ്രകൃതി സ്നേഹിയായ പി വി ദാസനെന്ന ദാസൻ മാവിലായി. മുപ്പതുവര്‍ഷം കൊണ്ടു പത്തൊമ്പതു ലക്ഷം ഔഷധ ചെടികളും ഫലവൃക്ഷ തൈകളും ഉല്‍പാദിപ്പിച്ചു സൗജന്യമായി വിതരണം ചെയ്തു കൊണ്ടു നാടിന് തന്നെ പച്ചപ്പു പകരുകയാണ് പെരളശേരി മൂന്നുപെരിയയിലെ ഈ പരിസ്ഥിതി പ്രവര്‍ത്തകന്‍. എല്ലാവര്‍ഷവും ജൂൺമാസം മുതല്‍ സെപത്ംബര്‍ മാസം വരെയാണ് ദാസൻ ഔഷധതൈ സൗജന്യ വിതരണം നടത്തുന്നത്.
ഇതു സ്‌കൂളിലും പരിസ്ഥിതി ക്ലബുകളിലും വായനശാലകള്‍ക്കുമാണ് സൗജന്യമായി വിതരണം ചെയ്യുന്നത്. ഔഷധകൃഷി സൗജന്യമായി വിതരണം ചെയ്യുക മാത്രമല്ല ഔഷധിചെടികളെ കുറിച്ചു അറിവു പകരാൻ ക്ലാസുകള്‍ നയിക്കുകയും ചെയ്യാറുണ്ട് ഇദ്ദേഹം. ആയിരത്തിലേറെ ക്ലാസുകളും ഔഷധചെടികളുടെ ഫോട്ടോ പ്രദര്‍ശനവും ഇതിനകം നടത്തിയിട്ടുണ്ട്. കേരളത്തിലെ ഔഷധസസ്യങ്ങളെ കുറിച്ചുളള മൂന്ന് പുസ്തകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.
അത്യപൂര്‍വമായ ഔഷധസസ്യങ്ങൾ ദാസൻ വിതരണം ചെയ്യുന്നുണ്ട്. വിഷകണ്ഠന്‍, ചായ മാനസ അഥവാ മായന്‍ചീര, ആടലോടകം,വേപ്പ്. അയ്യമ്പന, രാമച്ചം, കരുകൊച്ചി, വയമ്പ്, തൊടുകര്‍ണി മുന്നൂറിലേറെ ചെടികളാണ് സ്വന്തം വീട്ടില്‍വെച്ചു ഉല്‍പാദിപ്പിച്ചു പോളിത്തീന്‍ കവറിലാക്കി കൊടുക്കുന്നത്. പിണറായി സര്‍വീസ് സഹകരണബാങ്കില്‍ നിന്നും അസി. സെക്രട്ടറിയായി വിരമിച്ച പി.വി ദാസന്‍ ഇതിനു ശേഷം പൂര്‍ണമായി പരിസ്ഥിതി, സാമൂഹ്യ പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്.
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഭാരവാഹി കൂടിയാണ് ഇദ്ദേഹം, തന്റെ പരിസ്ഥിതി പ്രേമം സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കോര്‍ത്തിണക്കിയാണ് മുന്‍പോട്ടു പോകുന്നുത്. ചെറുമാവിലായി എ.കെ.ജി വായനശാലയുടെ സെക്രട്ടറിയായി ഏറെക്കാലമായി പ്രവര്‍ത്തിച്ചുവരികയാണ്. പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ ഫോട്ടോഗ്രാഫിയിലും ഇദ്ദേഹത്തിന് താൽപര്യമുണ്ട്. ഉത്തരകേരളത്തിലെ തെയ്യങ്ങളുടെ ഫോട്ടോയും ചരിത്രവും വിവരിച്ചു കൊണ്ടു ഇദ്ദേഹം അതിമനോഹരമായ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപൂര്‍വമായ ഔഷധസസ്യങ്ങളെ തേടിയും അവയെ അറിയുന്നതിനുമായി പി.വി ദാസനെ തേടി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും നൂറുകണക്കിനാളുകളാണ് വീട്ടിലെത്തുന്നത്. ഇവരുടെ സംശയ നിവാരണമുണ്ടാക്കുകയും തന്റെ കയ്യിലുളള ഔഷധ സസ്യങ്ങള്‍ സമ്മാനിച്ചും സന്തോഷമായി മടക്കി അയക്കുന്നു ദാസന്‍. മലബാറിലെ അപൂര്‍വ സസ്യങ്ങളെ കുറിച്ചുളള ആധികാരികമായ ഗ്രന്ഥം ഹോര്‍ത്തൂസ് മലബാറിക്കസാണെങ്കില്‍ അതിൻ്റെ ജീവിക്കുന്ന എഞ്ചുവടിയാണ് ദാസന്‍ മാവിലായി.
റിട്ട. അധ്യാപികയായ ഭാര്യലീനയും രണ്ടു പെണ്‍മക്കളും പി.വി ദാസന്റെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് നിറഞ്ഞ പിന്‍തുണയുമായി കൂടെയുണ്ട്. നിരവധി അംഗീകാരങ്ങൾ നേടിയ ഈ പരിസ്ഥിതി പ്രേമി സ്വന്തം തന്നെയാണ് ഔഷധ സസ്യങ്ങൾ ഉൽപ്പാദിപ്പിക്കുന്നത്. മറ്റുള്ളവർക്ക് വേണ്ടി സമയം കളയാൻ ആർക്കും താൽപ്പര്യമില്ലാത്ത ഇക്കാലത്ത് സ്വന്തം സമയം മുഴുവനായി മറ്റുള്ളവർക്കു വേണ്ടി ഉഴിഞ്ഞു വെച്ചിരിക്കുകയാണ് ഈ പരിസ്ഥിതി പ്രേമി.
#environmentalism #medicinalplants #Kerala #sustainability #natureconservation #India #DasanMavila