Hypnotism | യുട്യൂബ് നോക്കി പഠിച്ച് സഹപാഠികളെ ഹിപ്നോടൈസ് ചെയ്തു; 4 പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ ബോധരഹിതരായി ആശുപത്രിയില്‍


തൃശ്ശൂര്‍: (KVARTHA) യുട്യൂബ് (Youtube) നോക്കി പഠിച്ച ഹിപ്നോടിസം (Hypnotism) സഹപാഠികളില്‍ (Classmates) പരീക്ഷിച്ച് നോക്കി പത്താം ക്ലാസ് വിദ്യാര്‍ഥി. കൊടുങ്ങല്ലൂരിലുള്ള (Kodungallur) പുല്ലൂറ്റ് (Pullut) വി കെ രാജന്‍ മെമോറിയല്‍ ഹയര്‍ സെകന്‍ഡറി (V K Rajan Memorial GHSS Pullut) സ്‌കൂളിലായിരുന്നു അധ്യാപകരെയും മറ്റു കുട്ടികളെയും പരിഭ്രാന്തിയിലാക്കിയ സംഭവം അരങ്ങേറിയത്.
സഹപാഠികളെ ഹിപ്നോടൈസ് ചെയ്‌തോടെ, നാല് വിദ്യാര്‍ഥികള്‍ ബോധരഹിതരായി വീണു. ഇവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ചയായിരുന്നു സംഭവം. യുട്യൂബില്‍ നിന്ന് കണ്ടുപഠിച്ചായിരുന്നു പത്താം ക്ലാസുകാരന്‍ ഹിപ്നോടിസം പരീക്ഷണം നടത്തിയതാണ് വിനയായതെന്ന് കേരള കൗമുദി റിപോര്‍ട് ചെയ്തു.
തലകുനിച്ച് നിറുത്തി കഴുത്തിലെ ഞരമ്പില്‍ പിടിച്ച് വലിച്ചായിരുന്നു ഹിപ്നോടിസമെന്ന് ദൃക്‌സാക്ഷികളായ മറ്റു വിദ്യാര്‍ഥികള്‍ പറഞ്ഞു. പത്താം ക്ലാസുകാരായ ഒരു ആണ്‍കുട്ടിയും മൂന്ന് പെണ്‍കുട്ടികളുമാണ് ബോധമറ്റ് ആശുപത്രിയിലായത്. സ്‌കൂളില്‍ ബോധമറ്റ് വീണ കുട്ടികളെ അധ്യാപകരും പിടിഎ ഭാരവാഹികളും ചേര്‍ന്ന് മുഖത്ത് വെള്ളം തളിച്ച് വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കുട്ടികളെ കൊടുങ്ങല്ലൂര്‍ താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മൂന്ന് പേരെയാണ് ആദ്യം ആശുപത്രിയില്‍ എത്തിച്ചത്. ബോധരഹിതരായ കുട്ടികള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് പെട്ടെന്ന് ആര്‍ക്കും മനസിലായിരുന്നില്ല. ഇവരുടെ രക്തവും ഇസിജിയും മറ്റും പരിശോധിച്ചു. മറ്റ് ടെസ്റ്റുകളും നടത്തി. പിറകെയാണ് മറ്റൊരു കുട്ടിയെ താലൂക് ആശുപത്രിയില്‍ എത്തിച്ചത്. ഒടുവിലെത്തിച്ച കുട്ടിയെ ഡ്യൂടി ഡോക്ടര്‍, സ്പെഷ്യാലിറ്റി ആശുപത്രിയായ എആര്‍ മെഡികല്‍ സെന്ററിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. വൈകിയാണ് ഹിപ്‌നോടിസം ചെയ്തതെന്ന് മനസിലായത്. വൈകിട്ടോടെ എല്ലാവരും സാധാരണ നിലയിലേക്ക് എത്തി.