Accident | യൂട്യൂബര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ വാഹനം കാറുമായി കൂട്ടിയിടിച്ച് അപകടം; 3 പേര്‍ക്ക് പരുക്കേറ്റു


പരുക്കേറ്റവരെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നേരത്തെ ഇ ബുള്‍ജെറ്റിന്റെ വാഹനം രൂപമാറ്റം വരുത്തിയത് വിവാദത്തിന് കാരണമായിരുന്നു.
പാലക്കാട്: (KVARTHA) പ്രശസ്ത യൂട്യൂബ് വ്‌ലോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ വാഹനം അപകടത്തില്‍പെട്ടു. ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരുക്കേറ്റു. ചെര്‍പ്പുളശ്ശേരി - പെരിന്തല്‍മണ്ണ റൂട്ടില്‍ ആലി കുളത്തില്‍ വച്ചാണ് അപകടം.
ഇ ബുള്‍ ജെറ്റ് സഹോദരങ്ങളായ എബിന്റെയും ലിബിന്റെയും കാര്‍, എതിര്‍ ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനത്തില്‍ വ്‌ലോഗര്‍മാര്‍ ഉള്‍പെടെ മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ എബിനും ലിബിനും ഉള്‍പെടെ മൂന്ന് പേര്‍ക്കാണ് പരുക്കേറ്റത്.
ശനിയാഴ്ച (29.06.2024) രാവിലെ പത്തര മണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ വാഹനം തെന്നിയാവാം അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. കൂട്ടിയിടിച്ച വാഹനത്തിലുണ്ടായിരുന്ന പ്രദേശവാസിക്കും പരുക്കുണ്ട്. പരുക്കേറ്റവരെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നേരത്തെ ഇ ബുള്‍ജെറ്റിന്റെ വാഹനം രൂപമാറ്റം വരുത്തിയതും മോടോര്‍ വാഹനവകുപ്പ് വാഹനം പിടിച്ചെടുത്തതും തുടര്‍ന്നുണ്ടായ കേസുമെല്ലാം വലിയ വിവാദത്തിന് കാരണമായിരുന്നു.