Nipah Virus | നിപ സ്ഥിരീകരിച്ച വിദ്യാര്‍ഥിക്ക് രോഗം പകര്‍ന്നത് എങ്ങനെയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല; കുഴങ്ങി ആരോഗ്യ വകുപ്പ്; യാത്രകളും കഴിച്ച ഭക്ഷണങ്ങളും പഠന വിധേയമാക്കും


ചികിത്സയില്‍ കഴിയുന്ന 14 കാരന്‍ അമ്പഴങ്ങ തിന്നതായും സൂചന
മാസ്‌ക് നിര്‍ബന്ധമാക്കി
രോഗത്തിന്റെ പ്രഭവ കേന്ദ്രമായ പാണ്ടിക്കാട് മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണം
മലപ്പുറം: (KVARTHA) നിപ സ്ഥിരീകരിച്ച വിദ്യാര്‍ഥിക്ക് രോഗം പകര്‍ന്നത് എങ്ങനെയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. അതുകൊണ്ടുതന്നെ കുട്ടിയുടെ ഇക്കാലയളവിലെ യാത്രകളും കഴിച്ചഭക്ഷണങ്ങളെയും പറ്റി വിശദമായി പഠിച്ചുവരികയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
കുട്ടിയും കുടുംബവും വയനാട്ടിലേക്ക് യാത്ര നടത്തിയിരുന്നു. എന്നാല്‍ അത് ഒരു മാസം മുന്‍പാണെന്നാണ് അറിയുന്നത്. കുട്ടി എവിടെ നിന്നോ അമ്പഴങ്ങ തിന്നതായും സൂചനയുണ്ട്. ഇവയൊന്നും കൃത്യമായി ചോദിച്ചറിയാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നിപ വൈറസിന്റെ പ്രഭവകേന്ദ്രമായ മലപ്പുറത്തെ പാണ്ടിക്കാട് മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച കുട്ടിയുടെ വീട് പാണ്ടിക്കാട് പഞ്ചായത് പരിധിയിലും പഠിക്കുന്നത് ആനക്കയം പഞ്ചായത് പരിധിയിലുമാണ്. ഈ സാഹചര്യത്തില്‍ ഇരു പഞ്ചായതുകളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
കുട്ടിയുമായി സമ്പര്‍ക്കമുള്ളവര്‍ക്ക് ആശുപത്രിയില്‍ പ്രവേശിക്കാന്‍ ആംബുലന്‍സ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവരുടെ സാംപിള്‍ പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ജനങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കണം. രോഗിയുമായി സമ്പര്‍ക്കമുണ്ടായ എല്ലാവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 214 പേരാണ് നിരീക്ഷണത്തിലുള്ളത്. 60 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലുണ്ടെന്നും മന്ത്രി അറിയിച്ചു.
നിപയുടെ പശ്ചാത്തലത്തില്‍ മലപ്പുറത്ത് ആരോഗ്യ വകുപ്പ് കണ്‍ട്രോള്‍ സെല്‍ തുറന്നു. മലപ്പുറം പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ സെല്ലാണ് തുറന്നത്. 0483-2732010 ആണ് കണ്‍ട്രോള്‍ റൂം നമ്പര്‍.
ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ജില്ലയില്‍ ക്യാംപ് ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. രോഗചികിത്സയ്ക്കാവശ്യമായ മോണോക്ലോണല്‍ ആന്റി ബോഡി പുനെ വൈറോളജി ലാബില്‍നിന്ന് അയച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ ലഭിക്കും. മരുന്നുകള്‍, മാസ്‌ക്, പിപിഇ കിറ്റ്, പരിശോധനാ കിറ്റുകള്‍ തുടങ്ങിയവ എത്തിക്കുന്നതിനായി കെ എം എസ് സി എലിന് നിര്‍ദേശം നല്‍കി. മഞ്ചേരി മെഡികല്‍ കോളജില്‍ 30 ഐസൊലേഷന്‍ റൂമുകള്‍ ഇതിനായി സജ്ജീകരിച്ചു. ആറ് ബെഡുള്ള ഐസിയുവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
ജൂലൈ 10ന് പനി ബാധിച്ച 14 കാരന്‍ 12ന് സ്വകാര്യ ക്ലിനികില്‍ ചികിത്സ തേടിയിരുന്നു. 13ന് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും കാണിച്ചു. 15ന് ഇതേ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഇവിടെ നിന്നും ശേഖരിച്ച സാംപിളിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ കോഴിക്കോട് മെഡികല്‍ കോളജിലേക്ക് മാറ്റി.
മലപ്പുറം ജില്ലയിലെ പൊതുനിന്ത്രണങ്ങള്‍
1. പൊതുജനങ്ങള്‍ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.
2. പുറത്തിറങ്ങുന്ന സമയത്തും, യാത്രകളിലും, മറ്റു കൂടിച്ചേരലുകളിലും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കേണ്ടതാണ്.
3. സ്‌കൂള്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവര്‍ സ്‌കൂള്‍ പ്രവൃത്തി സമയങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കേണ്ടതാണ്.
4. വിവാഹം/മരണം/മറ്റ് ആഘോഷങ്ങള്‍ എന്നിവയിലും കൂടിച്ചേരലുകള്‍ പരമാവധി കുറക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്.
5. പനി മുതലായ രോഗ ലക്ഷണങ്ങള്‍ കാണുന്ന സമയത്ത് സ്വയം ചികിത്സിക്കാന്‍ പാടില്ലാത്തതും, ഒരു രെജിസ്‌ട്രേഡ് മെഡികല്‍ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതുമാണ്.
6. പക്ഷികള്‍, വവ്വാലുകള്‍, മറ്റു ജീവികള്‍ കടിച്ചതോ, ഫലവൃക്ഷങ്ങളില്‍ നിന്നും താഴെ വീണ് കിടക്കുന്നതോ ആയ പഴങ്ങള്‍ യാതൊരു കാരണവശാലും കഴിക്കാന്‍ പാടില്ല. പഴം, പച്ചക്കറികള്‍ എന്നിവ നന്നായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
7. പനി, ഛര്‍ദി മറ്റു ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുന്ന പക്ഷം രെജിസ്‌ട്രേഡ് മെഡികല്‍ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതും ഇവ പകരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ 0483-2732010, 0483-2732050, 0483-2732060, 0483-2732090 എന്നീ നമ്പറുകളില്‍ വിളിച്ച് അറിയിക്കേണ്ടതുമാണ്.