Nipah Suspicion | നിപ സംശയം: 'സമ്പർക്ക പട്ടികയിൽ 75 പേർ, 16 ടീമുകൾ രൂപീകരിച്ചു, ആശുപതികളിലെ അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കണം', മന്ത്രി വീണ ജോർജ്

 


കോഴിക്കോട്: (www.kvartha.com) ജില്ലയിൽ രണ്ട് അസ്വാഭാവിക മരണങ്ങള്‍ റിപോര്‍ട് ചെയ്തതിന് പിന്നാലെ നിപ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നാല് പേരാണ് ചികിൽസയിലുള്ളതെന്നും വൈറസ് ബാധ സ്ഥിരീകരിക്കുകയാണെങ്കിൽ നേരിടാനുളള മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി വീണാ ജോർജ്. ഒരാൾ വെന്റിലേറ്ററിൽ ചികിത്സയിലാണ്. മരിച്ച മരുതോങ്കര സ്വദേശിയുടെ ഭാര്യയും നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു. പൂനെ എൻഐവിയിൽ നിന്നുള്ള ഫലം ഇന്ന് വൈകിട്ടോടെ പുറത്തു വരും. അതിന് ശേഷം വൈകീട്ട് 6 മണിയോടെ വീണ്ടും യോഗം ചേരുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

Nipah Suspicion | നിപ സംശയം: 'സമ്പർക്ക പട്ടികയിൽ 75 പേർ, 16 ടീമുകൾ രൂപീകരിച്ചു, ആശുപതികളിലെ അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കണം', മന്ത്രി വീണ ജോർജ്

മന്ത്രി പറഞ്ഞത്: 'രണ്ട് അസ്വാഭാവിക പനി മരണങ്ങളാണ് ഇന്നലെ കോഴിക്കോട് ഉണ്ടായത്. നിപ ആണെന്ന സംശയമുളള സാഹചര്യത്തില്‍ പ്രാഥമിക പരിശോധനകള്‍ നടത്തി. എന്‍ഐവി പൂനയിലേക്ക് സാംപിളുകള്‍ അയച്ചിട്ടുണ്ട്. ഇന്നലെ രാത്രി തന്നെ ആരോഗ്യവകുപ്പ് അടിയന്തരമായി ഉന്നതതല യോഗം ചേര്‍ന്നു. നിപ ആണെങ്കില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ചര്‍ച്ച ചെയ്തു. ജില്ലയിലെ മുഴുവന്‍ ആരോഗ്യ സംവിധാനങ്ങളും ജാഗ്രതയോടെ ഇരിക്കണം. സമ്പര്‍ക്കത്തിലുളളവരെ അപകട സാധ്യത അനുസരിച്ച് പട്ടിക തിരിക്കണം. 

പൂനയില്‍ നിന്നുളള പരിശോധനാ ഫലം വൈകിട്ട് ലഭിക്കും. നിപ ആണെങ്കില്‍ നേരിടാനുളള മുന്നൊരുക്ക പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ആ പഞ്ചായത്തില്‍ സമ്പര്‍ക്കമുളളവരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇപ്പോള്‍ ചെയ്യുന്നത് ഹൈ റിസ്‌ക് സാധ്യത ഉളളവരെ കണ്ടെത്തുക എന്നതാണ്. ഈ പ്രദേശത്തെ പനി, മുന്‍പ് അസ്വാഭാവിക പനിമരണങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നുളള കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. മരണപ്പെട്ടരോഗിക്ക് ലിവര്‍ സിറോസിസ് ആണെന്നാണ് കണ്ടെത്തിയിരുന്നത്.

അതുകൊണ്ടാണ് ആദ്യ ഘട്ടത്തില്‍ സംശയിക്കാതിരുന്നത്. മരിച്ച ആളുടെ 9 വയസ്സുളള മകന്‍ വെന്റിലേറ്ററിലാണ് ഉളളത്. ഇപ്പോള്‍ ആരോഗ്യം ഗുരുതരമല്ല. സഹോദരന്റെ പത്ത് മാസം പ്രായമുളള കുഞ്ഞിനും ലക്ഷണങ്ങളുണ്ട്. അങ്ങനെയാണ് നിപാ എന്ന സംശയത്തിലേക്ക് എത്തിയത് കോഴിക്കോട് മെഡികല്‍ കോളജില്‍ ഐസൊലേഷന്‍ ക്രമീകരിച്ചിട്ടുണ്ട്'  മന്ത്രി പറഞ്ഞു.

നിപ നിയന്ത്രണങ്ങൾക്കായി 16 ടീമുകൾ രൂപീകരിച്ചു. ജില്ലയിൽ കൺട്രോൾ റൂം തുറക്കും, ആശുപത്രികളിലും ജാഗ്രത ശക്തമാക്കും. കൂടാതെ ആശുപതികളിലെ അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. നിപ ലക്ഷണങ്ങളുള്ളവരുമായി അടുത്ത ബന്ധം പുലർത്തിയവരെ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റുമെന്നും നിലവിൽ സമ്പർക്ക പട്ടികയിൽ 75 പേരാണ് ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, മരുതോങ്കരയിൽ പനി ബാധിച്ചു മരിച്ച ആളുമായി സമ്പർക്കം പുലർത്തിയ എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നിപ സംശയത്തെ തുടർന്നാണ് മരിച്ചയാളുടെ കോണ്ടാക്റ്റ് ലിസ്റ്റിലുള്ളവരെ കണ്ടെത്തിയെന്നും ഇവരോട് ജാഗ്രത പുലർത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ആർക്കും രോഗ ലക്ഷണങ്ങൾ ഇല്ല. പഞ്ചായത്തിൽ കണ്ട്രോൾ റൂം തുറന്നിട്ടുണ്ട്. പനി ബാധിതരെ കണ്ടെത്താൻ സർവേ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചർത്തു. 

Keywords: News, Kerala, Kerala-News, Health, Health-News, Kozhikode News, Kerala News, Test Results, Waiting, Nipah suspicion: '75 people on contact list, 16 teams formed, unnecessary visits to hospitals should be avoided', Minister Veena George.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia