Controversy | കണ്ണൂരില്‍ സിപിഎമിന് യാതൊരു പ്രതിസന്ധിയുമില്ല; പാര്‍ടി സ്വീകരിച്ചിരിക്കുന്നത് ശരിയായ നിലപാടെന്നും മന്ത്രി മുഹമ്മദ് റിയാസ്


കാണുന്നത് ഒരു ഘടകത്തില്‍ എന്ത് നടക്കുന്നു എന്നത് സിനിമക്ക് തിരക്കഥ എഴുതുന്നത് പോലെ പുറത്തുവിടുന്ന രീതി
ഓരോ കാര്യങ്ങളും ജനാധിപത്യപരമായി ചര്‍ച ചെയ്യുന്ന രീതിയാണ് തങ്ങള്‍ക്കുള്ളത്
കോഴിക്കോട്: (KVARTHA) കണ്ണൂരില്‍ സിപിഎമിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് വ്യക്തമാക്കി മന്ത്രി മുഹമ്മദ് റിയാസ്. വിഷയത്തില്‍ പാര്‍ടി സ്വീകരിച്ചിട്ടുള്ളത് ശരിയായ നിലപാടാണെന്നും എല്ലാ കാര്യങ്ങളും സംസ്ഥാന സെക്രടറി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. പാര്‍ടി ജില്ലാ സെക്രടേറിയറ്റ് തന്നെ ഇതുസംബന്ധിച്ച് പ്രസ്താവന ഇറക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഒരു ഘടകത്തില്‍ എന്ത് ചര്‍ച നടക്കുന്നു എന്നത് സിനിമക്ക് തിരക്കഥ എഴുതുന്നത് പോലെ പുറത്തുവിടുന്ന രീതിയാണുള്ളത്. ഇതൊക്കെ ആളുകള്‍ക്ക് മനസ്സിലാകും. ഓരോ കാര്യങ്ങളും ജനാധിപത്യപരമായി ചര്‍ച ചെയ്യുന്ന രീതിയാണ് തങ്ങള്‍ക്കുള്ളതെന്ന് പറഞ്ഞ മന്ത്രി യോഗം ചേര്‍ന്നാല്‍ ക്രമസമാധാനപ്രശ്‌നമാകുന്ന രാഷ്ട്രീയ പാര്‍ടികള്‍ ഈ നാട്ടിലുണ്ട് എന്നും ചൂണ്ടിക്കാട്ടി.
എന്നാല്‍ അവരെക്കുറിച്ചൊന്നും പറയാതെ, ജനാധിപത്യപരമായി അടച്ചിട്ട മുറിയില്‍ നടക്കുന്ന ചര്‍ചയില്‍, ആ മുറിയില്‍ ഇല്ലാത്തവര്‍ മുറിയിലുള്ളത് പോലെ തിരക്കഥ എഴുതി പുറത്തിറക്കുന്ന രീതിയാണെന്നും ഇത് ജനങ്ങള്‍ മനസ്സിലാക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം സിപിഐ സംസ്ഥാന സെക്രടറി ബിനോയ് വിശ്വത്തിന്റെ വിമര്‍ശനത്തിന് താന്‍ മറുപടി പറയേണ്ടതില്ലെന്നും റിയാസ് വ്യക്തമാക്കി. കണ്ണൂരില്‍ നിന്നുള്ള സ്വര്‍ണം പൊട്ടിക്കലിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകള്‍ ചെങ്കൊടിക്ക് അപമാനമാണെന്നരീതിയില്‍ ബിനോയ് വിശ്വം സംസാരിച്ചിരുന്നു.
ഇടതുപക്ഷത്തെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയുള്ള വര്‍ത്തമാനമാണ് ഞാന്‍ പറഞ്ഞത്. സിപിഐയുടെ നയങ്ങള്‍ തീരുമാനിക്കുന്നത് പാര്‍ടി ഫോറത്തിലാണ്. സ്വര്‍ണം പൊട്ടിക്കലിന്റെ കഥകള്‍, അധോലോക അഴിഞ്ഞാട്ടങ്ങള്‍ അത് ചെങ്കൊടിയുടെ മറവിലില്ല. കരുവള്ളൂരിലും ഒഞ്ചിയത്തുമടക്കം ഒരുപാട് മനുഷ്യര്‍ ചോര കൊടുത്ത് ഉണ്ടാക്കിയ പാര്‍ടിയാണ്.
ആ ചോരയുടെ നിറമാണ് ചെങ്കൊടിക്കുള്ളത്. അതിന്റെ കീഴില്‍ അധോലോക സംസ്‌കാരം വളരാന്‍ പാടില്ല എന്ന നിലപാട് സിപിഐക്കുണ്ട്. ആ നിലപാട് സിപിഎമിനും ഉണ്ടാകണം. തന്റെ പരാമര്‍ശങ്ങള്‍ രൂക്ഷമായ വിമര്‍ശനമല്ലെന്നും ഏറ്റവും സൗമ്യമായതും ഉചിതമായതുമായ ഭാഷയിലാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സിപിഐ എല്‍ഡിഎഫ് വിട്ടുവരണമെന്ന എംഎം ഹസന്റെ പ്രസ്താവനയെ ചിരിച്ചുകൊണ്ട് തള്ളുന്നുവെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. കേരളം കണ്ട മികച്ച മുഖ്യമന്ത്രി അച്യുതമേനോന്‍ ആണെന്നാണ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ബോധ്യം. അതിന്റെ അര്‍ഥം പിണറായി വിജയന്‍ മോശക്കാരന്‍ എന്നല്ലെന്നും വാര്‍ത്താസമ്മേളനത്തിനിടെ ബിനോയ് വിശ്വം പറഞ്ഞിരുന്നു.