പഴഞ്ചൻ കെട്ടിടം തകർന്ന് വീഴ്ച: കോട്ടയം മെഡിക്കൽ കോളേജിൽ ദാരുണ മരണം, സർക്കാരിനെതിരെ രൂക്ഷ വിമർശനം

 
Collapsed building at Kottayam Medical College
Collapsed building at Kottayam Medical College

Image Credit: Facebook/ V N Vasavan

● കെട്ടിടത്തിന്റെ ബലക്ഷയം മുൻപേ അറിയിച്ചിട്ടും നടപടിയുണ്ടായില്ല.
● ആശുപത്രി സൂപ്രണ്ട് അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
● പുതിയ കെട്ടിടത്തിനായി ഫണ്ട് ലഭിച്ചെങ്കിലും കോവിഡ് കാരണം നിർമ്മാണം വൈകി.
● അപകടസമയത്ത് കെട്ടിടത്തിനുള്ളിൽ ആരുമില്ലെന്നായിരുന്നു പ്രാഥമിക വിവരം.

കണ്ണൂർ: (KVARTHA) കോട്ടയം മെഡിക്കൽ കോളേജിലെ പഴകിയ കെട്ടിടം തകർന്ന് മകൾക്ക് കൂട്ടിരിക്കാനെത്തിയ താലയോലപ്പറമ്പിലെ ബിന്ദു എന്ന വീട്ടമ്മ മരണപ്പെട്ട സംഭവത്തിൽ ആരോഗ്യ വകുപ്പ് കടുത്ത പ്രതിരോധത്തിൽ. സർക്കാരിന്റെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നും, ഉദ്യോഗസ്ഥരുടെ തലയിൽ ഉത്തരവാദിത്വം കെട്ടിവെച്ച് തടിയൂരാനാണ് സർക്കാരും ആരോഗ്യ വകുപ്പും ശ്രമിക്കുന്നതെന്നുമാണ് പ്രധാന ആരോപണം. 

ഫിറ്റ്നസില്ലാത്ത ഈ കെട്ടിടം നേരത്തെ തന്നെ പൊളിച്ചു നീക്കേണ്ടതായിരുന്നുവെന്നും, ഇക്കാര്യം ആരോഗ്യ വകുപ്പിനെ അറിയിച്ചിട്ടും കുറ്റകരമായ അനാസ്ഥയാണ് അധികൃതർ കാട്ടിയതെന്നും വിമർശനം ഉയർന്നിട്ടുണ്ട്.
 

അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു. താൻ 2012-ലാണ് കോട്ടയം മെഡിക്കൽ കോളേജിൽ ചുമതലയേറ്റതെന്നും, കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് നേരത്തെ തന്നെ ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷമാണ് ഇതുസംബന്ധിച്ച് കൃത്യമായ പഠനം നടത്തി റിപ്പോർട്ട് ലഭിച്ചത്.

പുതിയ കെട്ടിടത്തിന് 2016-ലെ കിഫ്ബി ഫണ്ടിൽ നിന്ന് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും, പഴയ കെട്ടിടത്തിൽ നിന്ന് മാറാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും സൂപ്രണ്ട് അറിയിച്ചു. ഈ കെട്ടിടം പൂർണമായും അടച്ചിടണമെന്ന് പറയേണ്ടിയിരുന്നുവെന്നും എന്നാൽ എല്ലാ സേവനങ്ങളും നിർത്തിവെക്കുന്നത് സാധ്യമല്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 

അപകടസമയത്ത് കെട്ടിടത്തിനുള്ളിൽ ആരും ഉണ്ടായിരുന്നില്ലെന്നാണ് ആദ്യം ലഭിച്ച വിവരമെന്നും, മന്ത്രി വന്നപ്പോഴും താൻ ഇതേ കാര്യമാണ് പറഞ്ഞതെന്നും സൂപ്രണ്ട് പറഞ്ഞു. പിന്നീട് മിസ്സിംഗ് വിവരം ലഭിച്ചതിനെ തുടർന്നാണ് വീണ്ടും തിരച്ചിൽ നടത്തിയത്. ആരെയും ഡിസ്ചാർജ് ചെയ്ത് വിട്ടിട്ടില്ലെന്നും, അപകടം നടന്ന കെട്ടിടത്തിൽ നിന്ന് എല്ലാവരെയും മാറ്റിയെന്നും അദ്ദേഹം ഉറപ്പുനൽകി.

ശസ്ത്രക്രിയാ വിഭാഗങ്ങൾ മാറ്റിയിട്ടുണ്ട്. എട്ട് തിയറ്ററുകളിൽ രണ്ട് ഷിഫ്റ്റുകളിലായി ശസ്ത്രക്രിയകൾ വേഗത്തിലാക്കും. പുതിയ കെട്ടിടത്തിനായി 564 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും കോവിഡ് കാരണം നിർമ്മാണം നടന്നില്ല. ശുചിമുറി ആളുകൾ ഉപയോഗിച്ചിരുന്നിരിക്കാമെന്നും, 10 വാർഡുകളിലുള്ളവരാണ് ഇത് ഉപയോഗിച്ചിരുന്നതെന്നും, പൂർണ്ണ തോതിൽ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും സൂപ്രണ്ട് പറഞ്ഞു.
 

അപകടം നടന്നയുടൻ താനാണ് ആദ്യം സ്ഥലത്തെത്തിയത്. അവിടെ കൂടിനിന്നവരോട് അന്വേഷിച്ചപ്പോൾ ആരും കെട്ടിടത്തിനുള്ളിൽ ഇല്ലെന്നാണ് അവർ പറഞ്ഞത്. ഫയർ ഫോഴ്സും പോലീസും അവിടെ ഉണ്ടായിരുന്നു. അടിയിൽ ആരും കാണാൻ സാധ്യതയില്ലെന്നാണ് എല്ലാവരും പറഞ്ഞതെന്നും, ഇതിന്റെ അടിസ്ഥാനത്തിലാണ് ആരും ഇല്ലെന്ന് താൻ പറഞ്ഞതെന്നും സൂപ്രണ്ട് വിശദീകരിച്ചു. 

ഒരു കുട്ടിയുടെ അമ്മയെ കാണാനില്ലെന്ന് സംശയം പറഞ്ഞപ്പോൾ പിന്നീട് കാഷ്വാലിറ്റിയിൽ അമ്മയെ കണ്ടെത്തിയെന്നും പറഞ്ഞു. മിസ്സിംഗ് വിവരം അറിയാൻ വൈകിയെന്നും അദ്ദേഹം സമ്മതിച്ചു. അപകടം വ്യാഴാഴ്ച രാവിലെ 10.50-നാണ് നടന്നത്. 10.51-ന് പോലീസിനെയും 10.55-ന് ഫയർ ഫോഴ്സിനെയും വിവരമറിയിച്ചു. 11.03-ന് ഫയർ ഫോഴ്സ് സ്ഥലത്തെത്തി. 
 

15 മിനിറ്റിനുള്ളിൽ ഫയർ ഫോഴ്സ് എത്തിയെന്നും, ഈ സമയം കൊണ്ട് മൂന്ന് വാർഡുകളിലെയും ആളുകളെ മാറ്റിയെന്നും സൂപ്രണ്ട് വ്യക്തമാക്കി. അപകടകാരണം അന്വേഷിച്ച് ആരോഗ്യ വകുപ്പിന് അടിയന്തര റിപ്പോർട്ട് നൽകാൻ മന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സർക്കാരിനെ വെള്ള പൂശിക്കൊണ്ടുള്ള റിപ്പോർട്ട് നൽകാനാണ് സാധ്യതയെന്നും വിമർശനമുയർന്നിട്ടുണ്ട്.


ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായം രേഖപ്പെടുത്തൂ.

Article Summary: Kottayam Medical College building collapse, one dead, government criticized.

#Kottayam #MedicalCollege #BuildingCollapse #KeralaNews #GovernmentCriticism #TragicDeath

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia