കൊല്ലം സ്കൂൾ ദുരന്തം: മിഥുൻ്റെ മരണത്തിൽ വ്യാപക പ്രതിഷേധം; ജില്ലയിൽ വിദ്യാഭ്യാസ ബന്ദ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്കൂളിലെത്തും


● കെഎസ്‌യു, എബിവിപി ആണ് ബന്ദിന് ആഹ്വാനം ചെയ്തത്.
● ബാലാവകാശ കമ്മിഷനും സ്കൂളിലെത്തും.
● 'ഷെഡ് അനുമതിയില്ലാതെ നിർമ്മിച്ചു'.
● പ്രധാന അധ്യാപികയെ സസ്‌പെൻഡ് ചെയ്തേക്കും.
കൊല്ലം: (KVARTHA) തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ ഷെഡിനു മുകളിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കവേ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ്റെ സംഭവത്തിൽ വ്യാപക പ്രതിഷേധം. കെഎസ്‌യു, എബിവിപി സംഘടനകൾ വെള്ളിയാഴ്ച (18.07.2025) ജില്ലയിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. കെഎസ്‌യു, എബിവിപി, ആർഎസ്‌പി, ആർവൈഎഫ് തുടങ്ങിയ സംഘടനകൾ പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും. സംഭവത്തെത്തുടർന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ വെള്ളിയാഴ്ച സ്കൂളിലെത്തി പരിശോധന നടത്തും. ബാലാവകാശ കമ്മിഷനും വെള്ളിയാഴ്ച സ്കൂളിലെത്തും.
പടിഞ്ഞാറേ കല്ലട വലിയപാടം മനുഭവനിൽ മനുവിൻ്റെ മകനായ 13 വയസ്സുകാരൻ മിഥുൻ മനുവാണ് വ്യാഴാഴ്ച (17.07.2025) രാവിലെ മരിച്ചത്. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുവൈറ്റിൽ ജോലി ചെയ്യുന്ന മിഥുൻ്റെ അമ്മ നാട്ടിലെത്തിയശേഷം മാത്രമേ സംസ്കാരം നടത്തു. സിപിഎം പ്രാദേശിക നേതൃത്വത്തിൻ്റെ നിയന്ത്രണത്തിലുള്ള സ്കൂളാണ് തേവലക്കര ബോയ്‌സ് ഹൈസ്‌കൂൾ.
സംഭവത്തിൽ ശാസ്താംകോട്ട പൊലീസ് കേസെടുത്തിട്ടുണ്ട്. ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. അനുമതിയില്ലാതെയാണ് ഷെഡ് നിർമ്മിച്ചതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് വർഗീസ് തരകൻ പറഞ്ഞു. സ്കൂൾ കെട്ടിടത്തിന് പഞ്ചായത്ത് ഫിറ്റ്‌നസ് നൽകിയിട്ടുണ്ടെങ്കിലും ഷെഡിൻ്റെ കാര്യം സ്കൂൾ അധികൃതർ പഞ്ചായത്തിനെ അറിയിച്ചിട്ടില്ല. വൈദ്യുതി ലൈനിൻ്റെ താഴെ കെട്ടിടം പണിയാൻ പാടില്ലെന്നിരിക്കെ, സ്കൂളിന് പഞ്ചായത്ത് നോട്ടീസ് നൽകുമെന്നും പ്രസിഡൻ്റ് വ്യക്തമാക്കി.
വിദ്യാഭ്യാസ വകുപ്പിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സ്കൂളിൻ്റെ പ്രധാന അധ്യാപികയെ സസ്‌പെൻഡ് ചെയ്തേക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്ന് വിശദമായ റിപ്പോർട്ട് സമർപ്പിക്കും. ആരാണ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയതെന്നും അന്വേഷിക്കും. ഈ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും വിശദമായ സുരക്ഷാ പരിശോധനകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.
മിഥുൻ്റെ മരണത്തിൽ നടക്കുന്ന പ്രതിഷേധങ്ങളെയും ബന്ദിനെയുംക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമൻ്റ് ചെയ്യുക.
Article Summary: Protests erupt over student's death in Kollam; education bandh today.
#KollamProtest #SchoolSafety #MithunDeath #EducationBandh #KeralaNews #StudentSafety