Died | തലശ്ശേരിയില്‍ ഓവുചാലില്‍ വീണ് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു


സ്ലാബ് ഇട്ട് മൂടാത്ത ഓവുചാലിലാണ് വീണത്.
ഇതുവഴി പോകുന്നവരാണ് ഒരാള്‍ ഓവുചാലില്‍ വീണ് കിടക്കുന്നതായി കണ്ടത്.
പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
കണ്ണൂര്‍: (KVARTHA) തലശ്ശേരി മഞ്ഞോടി കണ്ണച്ചിറ റോഡില്‍ സെക്യൂരിറ്റി ജീവനക്കാരനെ ഓവുചാലില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പള്ളൂര്‍ ഇ പ്‌ളാനറ്റിലെ ജീവനക്കാരനായ കോടിയേരി മൂളിയില്‍ നടയിലെ മമ്പള്ളി വീട്ടില്‍ വയലോമ്പ്രന്‍ രഞ്ജിത്ത് കുമാറാണ് (63) അതിദാരുണമായി മരിച്ചത്. തിങ്കളാഴ്ച (24.06.2024) രാവിലെയാണ് അപകടം. ഇവിടെനിന്ന് വീട്ടിലേക്ക് പോകാന്‍ ബസ് കാത്ത് നില്‍ക്കുന്നതിനിടെ അപകടത്തില്‍പെട്ടതാണെന്നാണ് സൂചന.
സ്ലാബ് ഇട്ട് മൂടാത്ത ഓവുചാലാണ് ഇവിടെയുള്ളത്. യാത്രക്കാര്‍ക്ക് അപകടകരമായ വിധത്തില്‍ ഓവുചാല്‍ തുറന്നിട്ടത് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ചയായിരുന്നു. ഇതുവഴി പോകുന്നവരാണ് ഒരാള്‍ ഓവുചാലില്‍ വീണ് കിടക്കുന്നതായി കണ്ടത്. മഴയില്‍ ചൂടിയ കുടയും പൊട്ടി തകര്‍ന്ന നിലയില്‍ സമീപമുണ്ടായിരുന്നു.
വിവരമറിയിച്ചതിനെ തുടര്‍ന്ന് തലശ്ശേരി ടൗണ്‍ പൊലീസും അഗ്നിരക്ഷാസേനയുമെത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴേക്കും മരിച്ചിരുന്നതായി അധികൃതര്‍ അറിയിച്ചു. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്കായി തലശ്ശേരി ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
ദാമോദരന്‍ - ശാന്ത ദമ്പതികളുടെ മകനാണ് മരിച്ച രഞ്ജിത്ത് കുമാര്‍. ഭാര്യ: സിന്ധു (ലുലു സാരീസ് തലശ്ശേരി). മക്കള്‍: അക്ഷയ് (ആയുര്‍വേദം- വയനാട്), ആദിത്യ (ബെംഗ്‌ളൂറു). സഹോദരങ്ങള്‍: സുബിന ദിനേശന്‍, പരേതരായ രജുല, രാജേഷ്.