Arrested | കൂത്തുപറമ്പില്‍ സ്വര്‍ണവ്യാപാരികളെ കാറില്‍ തട്ടിക്കൊണ്ടുപോയി അരക്കോടി രൂപ കവര്‍ന്നുവെന്ന കേസിലെ മുഖ്യപ്രതി അറസ്റ്റില്‍ 
 

 
Koothuparamba, gold robbery, arrest, MG Sujith, Kerala

Photo: Arranged

 പ്രതിയെ പിടികൂടിയത് കൂത്തുപറമ്പ് എസിപി എം കൃഷ്ണന്‍, കൂത്തുപറമ്പ് പൊലീസ് ഇന്‍സ്പെക്ടര്‍ കെവി ഹരിക്കുട്ടന്‍ എന്നിവരുടെ നേതൃത്വത്തിലുളള പൊലീസ് സംഘം

കണ്ണൂര്‍: (KVARTHA) കൂത്തുപറമ്പ് നഗരസഭയിലെ നിര്‍മലഗിരിയില്‍ സ്വര്‍ണവ്യാപാരികളെ തട്ടിക്കൊണ്ടുപോയി അരക്കോടി  രൂപ കവര്‍ന്നുവെന്ന കേസിലെ മുഖ്യപ്രതിയെ കൂത്തുപറമ്പ് പൊലീസ് അറസ്റ്റു ചെയ്തു. വയനാട് ജില്ലയിലെ പുല്‍പളളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എംജി സുജിത്തിനെയാ(29)ണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്തത്. കൂത്തുപറമ്പ് എസിപി എം കൃഷ്ണന്‍, കൂത്തുപറമ്പ് പൊലീസ് ഇന്‍സ്പെക്ടര്‍ കെവി ഹരിക്കുട്ടന്‍ എന്നിവരുടെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് കഴിഞ്ഞ ദിവസം പ്രതിയെ അറസ്റ്റു ചെയ്തത്. 


മഹാരാഷ്ട്ര സാംഗ്ളി സ്വദേശികളായ സന്തോഷ് മിശ്ര, അമല്‍ സാഗര്‍ എന്നിവര്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ കഴിഞ്ഞ ജൂലായ് 27-ന്  രാത്രി കൂത്തുപറമ്പ്-മട്ടന്നൂര്‍ റോഡിലെ നിര്‍മലഗിരിയില്‍ വെച്ച് സുജിത്തിന്റെ നേതൃത്വത്തിലുളള സംഘം മറ്റൊരു കാറില്‍ പിന്തുടരുകയും ഇവരെ കാറില്‍ നിന്നും പിടിച്ചിറക്കി തങ്ങളുടെ വാഹനത്തില്‍ ബലമായി പിടിച്ചുകയറ്റി തട്ടിക്കൊണ്ടു പോവുകയുമായിരുന്നു എന്നാണ് പരാതി. 


ഇവരില്‍ നിന്നും അന്‍പതുലക്ഷം രൂപ തട്ടിയെടുത്തതിനു ശേഷം വഴിയില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞുവെന്നും പരാതിയില്‍ പറയുന്നു. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി കേന്ദ്രീകരിച്ച് പഴയ സ്വര്‍ണം വാങ്ങി വില്‍ക്കുന്നവരെയാണ് കൊളളയടിച്ചത്. മഹാരാഷ്ട്ര സ്വദേശികളുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ച കൂത്തുപറമ്പ് പൊലീസ് പ്രതികള്‍ സഞ്ചരിച്ച കാര്‍ സുജിത്തിന്റേതാണെന്നു തിരിച്ചറിയുകയായിരുന്നു. 

തുടര്‍ന്ന് സിസിടിവി ക്യാമറാദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തട്ടിക്കൊണ്ടുപോകലിന്റെ മുഖ്യസൂത്രധാരനായ സുജിത്ത് വയനാട്ടിലേക്ക് കടന്നതായി വിവരം ലഭിച്ചത്. ഇയാളുടെ താമസസ്ഥലമായ പുല്‍പളളിയിലെത്തിയ പൊലീസ് പ്രതിയെ വീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു. 

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റംസമ്മതിക്കുകയായിരുന്നു. ഇയാളോടൊപ്പമുണ്ടായിരുന്ന കൂട്ടാളികളുടെ വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായി കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ തിരച്ചില്‍ നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia