Student Drowned | കണ്ണൂരില്‍ പുഴയില്‍ ഒലിച്ചുപോയ വിദ്യാര്‍ഥിനികളിലൊരാളുടെ മൃതദേഹം കണ്ടെത്തി, നാടിന്റെ ദു:ഖമായി ശഹര്‍ബാന
കൂടെ കാണാതായ ചക്കരക്കല്‍ സ്വദേശിനി സൂര്യയെ ഇനിയും കണ്ടെത്താനുണ്ട്.
എന്‍ഡിആര്‍എഫ് സംഘം വ്യാഴാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിട്ടിയത്.
കെ സുധാകരന്‍ എം പി, സജീവ് ജോസഫ് എം എല്‍ എ, പി കെ ശ്രീമതി, എം വി ജയരാജന്‍ തുടങ്ങിയവര്‍ അപകടസ്ഥലം സന്ദര്‍ശിച്ചിരുന്നു.
ഇരിട്ടി: (KVARTHA) പഴശ്ശി ജലാശയത്തിന്റെ ഭാഗമായ ഇരിക്കൂര്‍ പടിയൂര്‍ പൂവന്‍ പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ ഒരു വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. എടയന്നൂര്‍ ഹഫ്സത്ത് മന്‍സിലില്‍ പരേതനായ അഹമ്മദ് കുട്ടിയുടെയും ഹഫ്സത്തിന്റെയും മകള്‍ ശഹര്‍ബാന(20)യാണ് മരിച്ചത്. വ്യാഴാഴ്ച (04.07.2024) രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
ഇരുവരും മുങ്ങിത്താണ സ്ഥലത്തുനിന്നും ഏതാനും അകലെയാണ് മൃതദേഹം ലഭിച്ചത്. ശഹര്‍ബാനക്കൊപ്പം ഒഴുക്കില്‍പെട്ട് കാണാതായ ചക്കരക്കല്‍ നാലാംപീടിക സ്വദേശിനി സൂര്യയെ ഇനിയും കണ്ടെത്താനുണ്ട്. ഇരിട്ടി, മട്ടന്നൂര്‍ അഗ്നിരക്ഷാ സേനകള്‍ നടത്തിയ തിരച്ചില്‍ വിഫലമായതിനെ തുടര്‍ന്ന് ബുധനാഴ്ച (03.07.2024) സന്ധ്യയോടെ എത്തിയ 30 അംഗ എന്‍ഡിആര്‍എഫ് സംഘം വ്യാഴാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇരിക്കൂര്‍ സിഗ്ബാ കോളജിലെ ബി എസ് സി സൈകോളജി അവസാനവര്‍ഷ വിദ്യാര്‍ഥിനിയാണ് ശഹര്‍ബാന. കാഞ്ഞിരോട് പഴയപളളിക്ക് സമീപം താമസിക്കുന്ന പളളിക്കച്ചാലില്‍ ശെഫീഖ് ആണ് ഇവരുടെ ഭര്‍ത്താവ്.
കണ്ണൂരില്‍ പുഴയില്‍ ഒലിച്ചുപോയ വിദ്യാര്‍ഥിനികളിലൊരാളുടെ മൃതദേഹം കണ്ടെത്തി, നാടിന്റെ ദു:ഖമായി ശഹര്‍ബാന pic.twitter.com/220rS16BuO
— kvartha.com (@kvartha) July 4, 2024
ഇരിക്കൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്കായി പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടവിവരമറിഞ്ഞ് കെ സുധാകരന്‍ എം പി, സജീവ് ജോസഫ് എം എല്‍ എ, പി കെ ശ്രീമതി, എം വി ജയരാജന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.