അഡ്വ. പി ഇന്ദിര കണ്ണൂർ കോർപറേഷൻ മേയറാകും; ഡെപ്യൂട്ടി മേയർ സ്ഥാനം മുസ്ലിം ലീഗിന്

 
Adv P Indira Kannur Mayor
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ശ്രീജ മഠത്തിൽ, ലിഷാ ദീപക്ക് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ടായിരുന്നു.
● കെഎസ് യുവിലൂടെ രാഷ്ട്രീയത്തിൽ എത്തിയ ഇന്ദിര അഭിഭാഷക കൂടിയാണ്.
● വികസന പദ്ധതികൾ ഒറ്റക്കെട്ടായി നടപ്പിലാക്കുമെന്ന് മേയർ സ്ഥാനാർത്ഥി.
● കോർപറേഷൻ കാര്യാലയം, സ്റ്റേഡിയം നവീകരണം എന്നിവയ്ക്ക് മുൻഗണന.

കണ്ണൂർ: (KVARTHA) കോർപറേഷൻ മേയറായി അഡ്വ. പി ഇന്ദിരയെ കോൺഗ്രസ് കോർ കമ്മിറ്റി നിശ്ചയിച്ചു. വ്യാഴാഴ്ച, (ഡിസംബർ 18) കണ്ണൂർ ഡിസിസി കോർ കമ്മിറ്റി യോഗം ചേർന്ന് ഇന്ദിരയെ മേയർ സ്ഥാനത്തേക്ക് തീരുമാനിച്ചത്. പയ്യാമ്പലം ഡിവിഷനിൽ നിന്നാണ് ഇത്തവണ ഇന്ദിര വിജയിച്ചത്. നിലവിൽ കോർപറേഷൻ ഡെപ്യൂട്ടി മേയറായി പ്രവർത്തിച്ചു വരികയായിരുന്നു.

Aster mims 04/11/2022

ഇത്തവണ കണ്ണൂർ കോർപറേഷനിൽ മേയർ സ്ഥാനം വനിതാ സംവരണമാണ്. ഇന്ദിരയെ കൂടാതെ മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ, ലിഷാ ദീപക്ക് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ടായിരുന്നു. ഭരണപരിചയവും നേതൃത്വത്തിന്റെ പിന്തുണയുമാണ് ഇന്ദിരയ്ക്ക് അനുകൂലമായത്. 

കൊച്ചിയിൽ മേയർ സ്ഥാനത്തെ ചൊല്ലി അനിശ്ചിതത്വം നിലനിൽക്കവെയാണ് കണ്ണൂരിൽ പ്രഖ്യാപനം നടന്നത്. സംസ്ഥാനത്ത് ആദ്യമായാണ് കോൺഗ്രസ് ഒരു വനിതാ മേയറെ പ്രഖ്യാപിക്കുന്നത്.

പയ്യാമ്പലത്ത് കോൺഗ്രസ് വിമതയുൾപ്പെടെ നാല് സ്ഥാനാർത്ഥികൾ മത്സരിച്ച വാശിയേറിയ പോരാട്ടത്തിൽ 48 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇന്ദിര വിജയിച്ചത്. 2015-ൽ കോർപറേഷൻ രൂപീകരിച്ചതുമുതൽ ഇന്ദിര കൗൺസിലറാണ്. 

മൂന്ന് തവണയും മൂന്ന് വ്യത്യസ്ത ഡിവിഷനുകളിൽ നിന്നാണ് ഇവർ ജനവിധി തേടി വിജയിച്ചത്. രാഷ്ട്രീയ രംഗത്തും സാമൂഹിക രംഗത്തും ദീർഘകാലത്തെ പ്രവർത്തന പരിചയം ഇന്ദിരയ്ക്കുണ്ട്.

കെഎസ് യുവിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായ ഇന്ദിര, എസ്എഫ്ഐക്ക് വലിയ ആധിപത്യമുള്ള പള്ളിക്കുന്ന് ഗവ. കൃഷ്ണമേനോൻ കോളേജിൽ ചെയർപേഴ്സണായി അട്ടിമറി വിജയം നേടി ചരിത്രം കുറിച്ചിട്ടുണ്ട്. കൃഷ്ണമേനോൻ കോളേജിലെ ആദ്യ കെഎസ് യു ചെയർപേഴ്സണായിരുന്നു ഇന്ദിര. 

1991-ൽ ജില്ലാ കൗൺസിലിലേക്ക് മുൻ മന്ത്രി പി കെ ശ്രീമതിക്കെതിരെ മത്സരിച്ചിരുന്നു. 2010-ൽ കണ്ണൂർ നഗരസഭയിലെ കണ്ണോത്തുംചാൽ ഡിവിഷനിൽ നിന്നും ജയിച്ചു. 2011-ൽ കല്യാശേരി നിയമസഭാ മണ്ഡലത്തിൽ ടി വി രാജേഷിനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

പഴയങ്ങാടി വെങ്ങരയിൽ പരേതനായ ബാലകൃഷ്ണൻ - ശാന്ത ദമ്പതികളുടെ മകളായ ഇന്ദിര നിലവിൽ കണ്ണൂർ കോടതിയിൽ അഭിഭാഷകയായി പ്രവർത്തിക്കുന്നു. രാഷ്ട്രീയത്തിന് പുറമെ ലോയേഴ്സ് കോൺഗ്രസ് ജില്ലാ സെക്രട്ടറി, കണ്ണൂർ വിമൻസ് ഇംപ്രൂവ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി അധ്യക്ഷ, ഒബിസി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. 

തെക്കി ബസാറിൽ വനിതകൾക്കായി ഷീ ലോഡ്ജ് യാഥാർത്ഥ്യമാക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. സ്കൂൾ ഓഫ് മാത്തമാറ്റിക്സിലെ കെ വി പ്രേമാനന്ദാണ് ഭർത്താവ്. അക്ഷത, നീരജ് എന്നിവർ മക്കളാണ്.

മേയർ സ്ഥാനാർത്ഥിയായി ഇന്ദിരയെ നിശ്ചയിച്ചതോടെ ഡെപ്യൂട്ടി മേയർ സ്ഥാനം മുസ്ലിം ലീഗിന് ലഭിക്കും. ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ പി താഹിർ ഡെപ്യൂട്ടി മേയറാകാനാണ് സാധ്യത. പാർട്ടി തന്ന ഏറ്റവും വലിയ അംഗീകാരമാണ് മേയർ പദവിയെന്നും വികസന പദ്ധതികൾ ഒറ്റക്കെട്ടായി നടപ്പിലാക്കുമെന്നും ഇന്ദിര പറഞ്ഞു. 

കോർപറേഷൻ കാര്യാലയ നിർമ്മാണം, ജവഹർ സ്റ്റേഡിയം പുനർനിർമ്മാണം, പഴയ ബസ് സ്റ്റാൻഡ് നവീകരണം തുടങ്ങിയ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് പുതിയ ഭരണസമിതി ലക്ഷ്യമിടുന്നത്.

കണ്ണൂരിന്റെ പുതിയ മേയറെ കുറിച്ച് അറിയാൻ ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. 

Article Summary: Adv. P Indira has been selected as the new Mayor of Kannur Corporation by the Congress Core Committee.

#KannurMayor #IndiraMayor #KannurPolitics #Congress #MuslimLeague #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia