Probe | വീണ്ടും ജീവനെടുക്കുന്ന കളികള്‍ കുട്ടികളെ നിയന്ത്രിക്കുന്നുവോ? എറണാകുളത്ത് 15 വയസുകാരന്റെ മരണത്തിന് പിന്നില്‍ ഓണ്‍ലൈന്‍ 'ഡെവിള്‍' ഗെയിമാണെന്ന് സംശയം; പൊലീസ് അന്വേഷണം തുടങ്ങി


എറണാകുളം: (KVARTHA) കഴിഞ്ഞ ദിവസം ചെങ്ങമനാട് പൊലീസ് സ്റ്റേഷന്‍ (Chengamanad Police Station) പരിധിയില്‍ 15 വയസുകാരന്‍ ജീവനൊടുക്കിയതിന് പിന്നില്‍ ഓണ്‍ലൈന്‍ ഗെയിമിന്റെ (Online Game) സ്വാധീമാണെന്ന് സംശയം. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം (Probe) തുടങ്ങി.
വെള്ളിയാഴ്ച (12.07.2024) രാത്രിയാണ് വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വൈകിട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയ ശേഷമായിരുന്നു സംഭവം. വാതില്‍ തുറക്കാതായതോടെ ചവിട്ടി തുറക്കുകയായിരുന്നു. മുറി തുറന്നപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി കൈകളും കാലുകളും കെട്ടി വായ ടേപ് കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഓണ്‍ലൈന്‍ ഗെയിമിലെ ടാസ്‌കിന്റെ ഭാഗമായാണ് കുട്ടി തൂങ്ങിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 'ഡെവിള്‍' എന്ന പേരിലുള്ള ഒരു ഗെയിം കുട്ടിയുടെ അമ്മയുടെ മൊബൈല്‍ ഫോണില്‍ നിന്ന് കണ്ടെത്തിയതായാണ് വിവരം. ഈ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ലോകത്ത് ആകമാനം 200 പേരുടെ മരണത്തിന് കാരണമായ 'ജീവനൊടുക്കുന്ന ഗെയിം' എന്നറിയപ്പെട്ടിരുന്ന 'ബ്ലൂവെയില്‍ ഗെയിം' (Blue Whale) നേരത്തെ കേരളത്തിലും നടന്നിട്ടുണ്ടെന്ന് റിപോര്‍ട് ചെയ്തിരുന്നു. 2017 ല്‍ കേരളത്തില്‍ 2000ത്തോളം പേര്‍ ഈ ഗെയിം കളിക്കുന്നുണ്ടെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.
സമൂഹമാധ്യമങ്ങള്‍ വഴിയാണ് വിദ്യാര്‍ഥികള്‍ ഗെയിം കളിച്ചു തുടങ്ങിയത്. ഒരു അഡ്മിനിസ്‌ട്രേറ്ററും കളിക്കുന്നയാളുമാണ് ബ്ലൂവെയില്‍ ഗെയിമില്‍ ഉണ്ടാവുക. സാഹസികവും ചെയ്യാന്‍ ഭയമുള്ളതുമായ പ്രവര്‍ത്തികളാണ് ഗെയിമില്‍ പങ്കെടുക്കുന്നവര്‍ക്ക് ചെയ്യാനായി നല്‍കുന്നത്. 50 ദിവസത്തെ കാലയളവിലേക്കാണ് കഠിനമേറിയ ടാസ്‌കുകള്‍ നല്‍കുക. തുടക്കത്തില്‍ ലളിതമായ ടാസ്‌കുകളാവുമെങ്കിലും പിന്നീട് സ്വയം മുറിവേല്‍പ്പിക്കുന്നതടക്കമുള്ള ടാസ്‌കുകള്‍ നല്‍കി വരാറുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)