Life | വിശ്രമജീവിതത്തിലെ തിരക്കിട്ട ദിനചര്യകൾ; എന്റെ ഒരു ദിവസം ഇങ്ങനെയൊക്കെയാണ്!

 
 Image Representing Busy Routine in Retirement Life; My Day is Like This!
 Image Representing Busy Routine in Retirement Life; My Day is Like This!

Representational Image Generated by Meta AI

● 2006-ൽ 36 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ചു.
● രാവിലെ 6 മണിക്ക് എഴുന്നേറ്റ് പത്രവായന ആരംഭിക്കുന്നു.
● ഒമ്പതാം ക്ലാസ് മുതൽ ഡയറി എഴുതുന്നു.
● വൈകുന്നേരങ്ങളിൽ സുഹൃത്തുക്കളുമായി കാരംസ് കളിക്കുന്നു.

കൂക്കാനം റഹ്‌മാൻ 

അക്ഷര വെളിച്ചവുമായി നടന്ന ഒരധ്യാപകൻ്റെ ജന്മം, ഭാഗം - 46 

(KVARTHA) റിട്ടയർമെന്റ് ജീവിതം വീട്ടിൽ വിശ്രമിച്ചാൽ എങ്ങിനെ സമയം പോകുമെന്ന വിഷമം അൽപം മുമ്പ് തന്നെ മനസ്സിലുണ്ടായിരുന്നു. എന്നാലിപ്പോ വീട്ടിലിരിപ്പിന് 24 മണിക്കൂറ് തന്നെ തികയാത്ത അവസ്ഥയിലാണ് ഞാൻ. 2006 ൽ 36 വർഷത്തെ സേവനത്തിന് ശേഷമാണ് ഞാൻ സർവീസിൽ നിന്ന് വിരമിച്ചത്. അതിന് ശേഷം 2023 വരെ പാൻടെക്കിൻ്റെ പ്രവർത്തനത്തിലായിരുന്നു മുഴുവൻ സമയവും. രാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ സന്ധ്യക്കാണ് വീട്ടിലെത്തുക. അഞ്ചാറ് മാസമായി കാലിന് ഒരു വേദന, അതിനാൽ പാൻടെക്ക് പ്രവർത്തനത്തിൽ നിന്ന് പൂർണമായി ഒഴിവായി. ഇപ്പോൾ വീട്ടിൽ സ്ഥിര വിശ്രമത്തിലാണ്. പിന്നെ ഇടക്ക് പുറത്തു ചെറിയ മീറ്റിംഗുകൾക്കോ, എന്തെങ്ങിലും പരിപാടിക്കോ പോകും. ഇതാണിപ്പൊ ജീവിതരീതി. 

ഞാൻ 73 ലും ഭാര്യ 67 ലും എത്തി നിൽക്കുന്നു. ചെറിയ ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയായി സന്തോഷത്തോടെ ഇങ്ങനെ പോകുന്നു. ഇന്നും അത് പോലൊരു ദിവസത്തിന്റെ ഇടവേളയിലായിരുന്നു ഞാൻ. മുറിയിലെ ജനൽ പാളിയോട് ചേർന്നിരുന്നു മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ജയമോഹൻ എഴുതിയ 'ചോറ്റു കണക്ക്' എന്ന കഥ വായിക്കുമ്പോഴാണ് സ്ഥിരമായുള്ള  കട്ടൻ ചായയും മുട്ടയുമായി ഭാര്യ അവിടേക്ക് കടന്ന വന്നത്. കഥയിൽ ജയ്മോഹൻ ലളിതമായ ശൈലിയിൽ അദ്ദേഹത്തിൻ്റെയോ എന്നറിയില്ല,ജീവിതം എഴുതിയത്. അപ്പോൾ തോന്നി എൻ്റെ ജീവിതവും ഒന്ന് കുറിച്ചു വെച്ചാലോ എന്ന്. ഇത് 'സെൽഫ് ബൂസ്റ്റിംഗ്' ആയി വായനക്കാർ കരുതല്ലേ എന്നപേക്ഷയുണ്ട്. 

Image Representing Busy Routine in Retirement Life; My Day is Like This!

എന്റെ രാത്രിയുടെ തുടക്കം മകൾ പുതുതായി നിർമ്മിച്ച വീട്ടിൽ നിന്നാണ് ആരംഭിക്കുക. കാരണം ഞാൻ ഇപ്പൊ താമസിക്കുന്ന ഞങ്ങടെ തറവാട് വീട്ടിൽ എന്നെയും ഭാര്യയെയും തനിച്ച് കിടക്കാൻ അവളനുവദിക്കാറില്ല. അവൾ ഞങ്ങൾക്കു വേണ്ടി, അവളുടെ പുതിയ വീട്ടിൽ ഗ്രൗണ്ട് ഫ്ലോറിൽ വിശാലമായ ഒരു ബാത്ത് അറ്റാച്ചഡ് ബെഡ് റൂം ഒരുക്കിയിട്ടുണ്ട്. ഞങ്ങളുടെ വീടിന് തൊട്ടടുത്താണ് അവളുടെ വീട്. അത് കൊണ്ട് തന്നെ ഉറക്കത്തിന് ശേഷം രാവിലെ 6 മണിക്ക് എഴുന്നേറ്റ് ഞാനും ഭാര്യയും തറവാട് വീട്ടിലേക്ക് വരും. മൂന്ന് പത്രങ്ങൾ വരുത്തുന്നുണ്ട് മാതൃഭൂമി, ദേശാഭിമാനി, മലയാള മനോരമ. മൂന്ന് പത്രവായനയും കട്ടനൊപ്പം അടുക്കളയിൽ വെച്ച് നടക്കും. 

വെറും കട്ടൻമാത്രമല്ല കേട്ടോ. അതിന്റെ കൂടെ വയറു നിറയെ എന്തെങ്കിലും കഴിക്കണം എന്നാലേ 'ശോധന' നടക്കൂ. രണ്ട് കഷണം റൊട്ടി ചൂടാക്കിയതും പുഴുങ്ങിയ ഒരു നേന്ത്രപ്പഴവും  നിർബന്ധമായും വേണം. ആ സമയമാവുമ്പോഴേക്കും ബാത്ത്റൂം വിളി വരും. അതിന് ശേഷം പത്രങ്ങളിലെ എഡിറ്റ് പേജും മുഖപ്രസംഗവും വായിച്ചു തീർക്കും. അപ്പോഴേക്കും 9.30 മണിയാവും. തുടർന്നാണ് പ്രഭാത ഭക്ഷണം. ദോശ, ഇഡലി, കലത്തപ്പം, വെള്ളയപ്പം ഇത് മാറി മാറി ഓരോ ദിവസവുമുണ്ടാവും. അതിൽ ഏതായാലും നാലെണ്ണം കഴിക്കും. അതോടനുബന്ധിച്ച് ഷുഗർ, ഹാർട്ട്, കാല് വേദന ഇവയ്കുള്ള 6 ടാബ്ലറ്റുകൾ കൃത്യമായും ഭാര്യ വേറൊരു പ്ലേറ്റിൽ റെഡിയാക്കി മുമ്പിൽ കൊണ്ടു വെക്കും. 

പിന്നെ പത്തു മുതൽ 11.30 വരെ വായനയാണ്. ഇന്ന് വായിച്ചത് അരുന്ധതിറോയിയുടെ 'Finish the job , But do it kindly' എന്ന പുസ്തകമാണ്. ഈ പുസ്തകമെനിക്ക് സമ്മാനമായി 'പുകസ' പാലക്കുന്ന് യൂണിറ്റ് സംഘടിപ്പിച്ച അനുമോദനത്തിൽ വെച്ച് കിട്ടിയതാണ്. തുടർന്ന് ഈ ആഴ്ചത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബെന്യാമിൻ്റെ 'മൾബറി' എന്ന നോവലിൻ്റെ ആദ്യ അധ്യായം വായിച്ചു. അത് കഴിഞ്ഞപ്പോൾ 12 മണിക്ക് എന്നും കഴിക്കാറുള്ള കട്ടൻചായയും പുഴുങ്ങിയ മുട്ടയും  ഭാര്യ വഴി റെഡിയായി മേശയുടെ മുകളിൽ വന്നിരിക്കും. അതിനിടയിൽ അരമണിക്കുറെങ്കിലും പൊതു കാര്യങ്ങളോ വീട്ടുകാര്യങ്ങളോ സംസാരിച്ചിരിക്കും. 

അപ്പോഴേക്കും നീട്ടിയൊരു വിളിയോടെ മീൻകാരൻ സുകുമാരൻ വരും. എനിക്ക് ഇഷ്ടപ്പെട്ട മീൻ ചിലപ്പോഴേ കിട്ടൂ. പക്ഷേ ശ്രീമതിക്ക് മീനുണ്ടായാലേ ചോറ് പറ്റൂ. തുടർന്ന് അവൾ കുറച്ചു നേരം മീനുമായുള്ള യുദ്ധത്തിൽ ഏർപ്പെടും. രണ്ടു മണിയാകുമ്പോഴേക്കും ഉച്ചഭക്ഷണത്തിന് റഡിയായി ഞാനടുക്കളയിലെത്തും. വെളുത്ത അരിച്ചോറാണെനിക്കിഷ്ടം. ഏതെങ്കിലും ചാറുകറിയുണ്ടാവണം. പച്ചക്കറി ഉപ്പേരി നിർബ്ബന്ധം. പിന്നെ എന്തെങ്കിലും ഒരു പൊരിയും. മീനോ, പപ്പടമോ, ഓംലെറ്റോ ഏതെങ്കിലുമൊന്ന് മതി. വർത്തമാനം പറച്ചിലും ഭക്ഷണം കഴിക്കലും കഴിയുമ്പോഴേക്ക് 3 മണിയാവും. 

ഉച്ചയുറക്കമെന്ന പേരിൽ അരമണിക്കൂർ ഒരു കിടത്തം. 3.30 മുതൽ വാട്സ്ആപ്പ്, ഫേസ്ബുക് നോക്കലും എന്തെങ്കിലും കുറിക്കലുമൊക്കെ നടക്കും. അപ്പോഴേക്കും 5 മണിയോടടുത്തിട്ടുണ്ടാകും. ആ സമയമാവുമ്പോൾ പഴയ സതീർത്ഥ്യനും ഫോട്ടോഗ്രാഫറുമൊക്കെയായ പ്രഭാകരൻ വീട്ടിലെത്തും. കാരം ബോർഡ് കളിയാണ് പിന്നീട്. പ്രഭാകരൻ കാരംസ് കളിയിൽ നല്ല എക്സ്പർട്ടാണ്. 6 മണിക്ക് ഞങ്ങൾ രണ്ടു പേരും കൂടി അല്പം നടക്കും. കാല് വേദനയ്ക്ക് മുമ്പാണെങ്കിൽ വൈകീട്ട് 5 മണി മുതൽ 6 മണി വരെ നടക്കുമായിരുന്നു. പക്ഷെ ഇപ്പൊ നടത്തം അല്പം കുറച്ചു. പിന്നെ ഏഴു മണിക്ക് വിശദമായ ഒരു കുളി. ചൂടുവെള്ളം നിർബ്ബന്ധമാണ്. 

വെയിലുണ്ടെങ്കിൽ സൗരോർജ ചൂടുവെള്ളം അല്ലെങ്കിൽ ഇലകട്രിക്ക് ഹീറ്റർ ഉപയോഗിചുള്ള ചൂടുവെള്ളം. തുടർന്ന് പ്രാർത്ഥന. രാത്രി സ്ഥിരമായി വിളിക്കുന്ന നാലഞ്ചു സുഹൃത്തുക്കളുണ്ട് അവരുമായി സൗഹൃദസംഭാഷണം. പിന്നെ എന്തെങ്കിലും കുറിപ്പ് തയ്യാറാക്കും. സ്ഥിരമായിട്ട് 'കെവാർത്ത" എന്ന ഓൺലൈൻ മാധ്യമത്തിലേക്ക് ലേഖന പരമ്പരയും കാരവൽ പത്രത്തിൽ 'സ്ത്രീപക്ഷം' എന്ന കോളവും ആഴ്ചയിൽ ചെയ്യുന്നുണ്ട്. അതൊക്കെ എഴുതി റെഡിയാക്കി വെക്കും. 

പിന്നെ എല്ലാം കഴിഞ്ഞ് 10.45 ന് ഒരു ഡയറി എഴുത്തും കൂടെ ഉണ്ടാകും. ഒമ്പതാം ക്ലാസ് മുതൽ എഴുതാൻ തുടങ്ങിയതാണ് അത് ഇന്ന് വരെ നിർത്തിയിട്ടില്ല. അതിന്നും തുടരുന്നു. എല്ലാം കഴിഞ്ഞു  11 മണി 11.15 മണിയാകുമ്പോ മനോഹരമായൊരു പ്രഭാതത്തെ പ്രതീക്ഷിച്ചു കൊണ്ട് ഞാൻ വീണ്ടും ഉറങ്ങാൻ കിടക്കും.

ഈ വാർത്ത നിങ്ങൾക്ക് ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യൂ, നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ!

The author shares his daily routine after retirement. His day starts with reading newspapers, having breakfast, and taking medicines. He spends his time reading books, writing articles, and playing carroms with his friend. He also mentions his wife's support and their daily conversations.

#RetirementLife #DailyRoutine #Kerala #LifeExperience #Reading #Writing

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia