Arjun Rescue | ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം ഞായറാഴ്ച പുനരാരംഭിക്കും
മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ ഉള്‍പ്പെടെയുള്ള സംഘം ഉണ്ടാകും
ഷിരൂർ: (KVARTHA) മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം ഞായറാഴ്ച പുനരാരംഭിക്കും.
ദിവസങ്ങളായി നടന്ന തെരച്ചിൽ, ഗംഗാവലി നദിയിലെ ശക്തമായ അടി ഒഴുക്കിന്റെ കാരണം നിർത്തിവച്ചിരുന്നു. എന്നാൽ ഇപ്പോൾ ഒഴുക്കിന്റെ ശക്തി കുറഞ്ഞതോടെ രക്ഷാപ്രവർത്തനം വീണ്ടും ആരംഭിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
മണ്ണിടിച്ചിലിൽ കാണാതായവരെ കണ്ടെത്താനുള്ള തിരച്ചിൽ ഞായറാഴ്ച ആരംഭിക്കുമെന്ന് കർണാടക സർക്കാർ അറിയിച്ചതായി എം കെ രാഘവൻ എം പി പറഞ്ഞു. മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ ഉൾപ്പെടെയുള്ള സംഘമാണ് ഞായറാഴ്ച പുഴയിലിറങ്ങി തിരച്ചിൽ നടത്തുക.
അതേസമയം, ഷിരൂരിലെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലാണെന്ന് അർജുന്റെ സഹോദരീഭർത്താവ് ജിതിൻ പറഞ്ഞിരുന്നു. തിരച്ചിൽ എപ്പോൾ പുനരാരംഭിക്കുമെന്ന കാര്യത്തിൽ തനിക്ക് വിവരം ലഭിച്ചിട്ടില്ലെന്നും ജിതിൻ പറഞ്ഞു. എന്നാൽ, ജലനിരപ്പ് കുറഞ്ഞതോടെ ഞായറാഴ്ച സ്വമേധയാ തിരച്ചിൽ ഇറങ്ങുമെന്ന് ഈശ്വർ മാൽപെ അറിയിച്ചതായും ജിതിൻ പറഞ്ഞു. ജില്ലാ കളക്ടർ, സ്ഥലം എംഎൽഎ എന്നിവരെ ബന്ധപ്പെടാൻ കഴിയാത്തതിൽ ജിതിൻ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് എം കെ രാഘവൻ എം പി കർണാടക സർക്കാരുമായി ബന്ധപ്പെട്ടത്.