Cancer | കുട്ടികളിലെ കാന്‍സര്‍: കാരണങ്ങളും ലക്ഷണങ്ങളും എങ്ങനെ അറിയാം? മുതിര്‍ന്നവര്‍ ശ്രദ്ധിക്കേണ്ടതെല്ലാം


രക്തം, മസ്തിഷ്‌കം അല്ലെങ്കില്‍ അസ്ഥികള്‍ എന്നിങ്ങനെ വിവിധ ടിഷ്യൂകളില്‍ ഈ കോശങ്ങള്‍ക്ക് വളരാന്‍ കഴിയും. ജനിതകമായ മാറ്റങ്ങള്‍ കൊണ്ടും കുട്ടിക്കാലത്ത് ഈ രോഗം പിടിപെടാന്‍ സാധ്യതയുണ്ട്
ന്യൂഡൽഹി: (KVARTHA) കുഞ്ഞുങ്ങളെ മുതല്‍ പ്രായമായ ആളുകളെ വരെ പിടിപെടുന്ന മാരക രോഗമാണ് കാന്‍സര്‍. ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും ഈ അസുഖം പിടിപ്പെടാം. ഓരോ വര്‍ഷവും കാന്‍സര്‍ രോഗികളായ കുട്ടികളുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. ഇത് അവരുടെ കുടുംബത്തിന് താങ്ങാവുന്നതിലും അധികം വേദനയാണ് നല്‍കുന്നത്. എന്നാല്‍ എന്തുകൊണ്ട് കുട്ടികളെ ക്യാന്‍സര്‍ പിടികൂടുന്നുവെന്നു ശാസ്ത്രത്തിന് പൂര്‍ണമായും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും ചില പ്രതിരോധ നടപടികള്‍ കൈക്കൊള്ളുന്നത് അപകടസാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്.
കുട്ടിക്കാലത്തെ കാന്‍സറിനെ എങ്ങനെ തിരിച്ചറിയാം
പഠനങ്ങള്‍ പറയുന്നതനുസരിച്ച് കുട്ടികളിലും മുതിര്‍ന്നവരിലുമുള്ള കാന്‍സര്‍ തികച്ചും വ്യത്യസ്തമാണ്. രക്തം, മസ്തിഷ്‌കം അല്ലെങ്കില്‍ അസ്ഥികള്‍ എന്നിങ്ങനെ വിവിധ ടിഷ്യൂകളില്‍ ക്യാന്‍സര്‍ കോശങ്ങള്‍ക്ക് വളരാന്‍ കഴിയും. ജനിതകമായ മാറ്റങ്ങള്‍ കൊണ്ടും കുട്ടികളില്‍ ക്യാന്‍സര്‍ പിടിപെടാന്‍ സാധ്യതയുണ്ട്. ബ്രെയിന്‍ ട്യൂമറുകള്‍, ലിംഫോമകള്‍, രക്താര്‍ബുദം എന്നിവയാണ് പൊതുവെ കാണപ്പെടുന്ന ക്യാന്‍സര്‍ വകഭേദങ്ങള്‍.
പ്രായപൂര്‍ത്തിയായ ആളുകളില്‍ കണ്ടുവരുന്ന അര്‍ബുദങ്ങള്‍ക്ക് കാരണമായ പുകവലി, ഭക്ഷണക്രമം, ജീവിതശൈലി തുടങ്ങിയ ഘടകങ്ങള്‍ ഒന്നും കുട്ടികളുടെ ക്യാന്‍സറിന് കാരണമാകാറില്ല. എന്നിരുന്നാലും, അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനും അവരുടെ കുട്ടിയുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും മാതാപിതാക്കള്‍ക്ക് ഇപ്പോഴും നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്ന് സോനിപത്തിലെ ആന്‍ഡ്രോമിഡ കാന്‍സര്‍ ആശുപത്രിയിലെ പീഡിയാട്രിക് ഓങ്കോളജി ആന്‍ഡ് ഹെമറ്റോളജി ഡയറക്ടര്‍ ഡോ. ഉഷ്മ സിംഗ് പറയുന്നു. കുട്ടികളിലെ കാന്‍സര്‍ തടയാന്‍ എന്തൊക്കെ ചെയ്യണം?
പ്രസവത്തിന് മുമ്പും ശേഷവുമുളള ആദ്യ നാളുകളിലെ സംരക്ഷണം
* മാതൃ ആരോഗ്യം: ഗര്‍ഭകാലത്ത് അമ്മയുടെ ആരോഗ്യം വളരെ പ്രധാനമാണ്. സമീകൃതാഹാരം, ഇടയ്ക്കിടെയുള്ള വൈദ്യ പരിശോധനകള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്ന ചികിത്സ രീതികളും
മയക്കുമരുന്ന്, മദ്യം, പുകയില തുടങ്ങിയ മാരക വസ്തുക്കളില്‍ നിന്നും വിട്ടുനില്‍ക്കുന്നതും പ്രസവ സമയത്തെ അപകടസാധ്യത കുറയ്ക്കുന്നു.
* രോഗങ്ങളെ എങ്ങന തടയാം: ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട പല അസുഖങ്ങളും ഒരു കുഞ്ഞിന് ക്യാന്‍സര്‍ വരാനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. സൈറ്റോമെഗലോവൈറസ്, റുബെല്ല തുടങ്ങിയ അണുബാധകള്‍ തടയുന്നതിന് ഗര്‍ഭിണികള്‍ അടിസ്ഥാന ശുചിത്വം പാലിക്കുകയും അവരുടെ വാക്‌സിനുകള്‍ കാലികമാണെന്ന് ഉറപ്പാക്കുകയും വേണം.
പാരിസ്ഥിതിക ഘടകങ്ങള്‍
* വിഷവസ്തുക്കളില്‍ നിന്ന് അകലം പാലിക്കുക: കീടനാശിനികള്‍, പുക, മലിനീകരണം എന്നിവയുള്‍പ്പെടെയുള്ള പാരിസ്ഥിതിക വിഷവസ്തുക്കളില്‍ നിന്ന് കുട്ടികളെ അകറ്റുന്നത് വളരെ പ്രധാനമാണ്. മാതാപിതാക്കള്‍ വീട്ടില്‍ പ്രകൃതിദത്തമോ വിഷരഹിതമോ ആയ ക്ലീനിംഗ് ഉല്‍പ്പന്നങ്ങളും കീടനാശിനികളും ഉപയോഗിക്കണമെന്നും പുകവലിക്കുന്ന യുവാക്കളുടെ സാന്നിധ്യത്തില്‍ നിന്ന് കുട്ടികളെ ഒഴിവാക്കണമെന്നും ഡോ. സിംഗ് പറയുന്നു.
* സുരക്ഷിതമായ രണ്ട് രാസപ്രയോഗങ്ങള്‍: ഡോ. സിംഗ് പറയുന്നതനുസരിച്ച്, മനഃപൂര്‍വമല്ലാത്ത എക്‌സ്‌പോഷര്‍ ഒഴിവാക്കാന്‍, വീട്ടില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളെ കുറിച്ച് അറിഞ്ഞിരിക്കണം, പെയിന്റുകളും ക്ലീനിംഗ് ഉല്‍പ്പന്നങ്ങളും മറ്റ് അപകടകരമായ വസ്തുക്കളും സുരക്ഷിതമായി സൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കണം.
ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുക്കാം
* ആരോഗ്യകരമായ ഭഷണക്രമം: പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, മാംസം എന്നിവ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും പൊതുവായ ക്ഷേമം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. പഞ്ചസാരയും ചീത്ത കൊഴുപ്പും അടങ്ങിയ സംസ്‌കരിച്ച ഭക്ഷണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതും ഗുണകരമാണ്.
* പതിവായി വ്യായാമം ചെയ്യുക: പതിവായി വ്യായാമം ചെയ്യുന്നത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. പുറത്ത് കളിക്കുകയോ സ്‌പോര്‍ട്‌സിലോ മറ്റ് ഒഴിവുസമയ പ്രവര്‍ത്തനങ്ങളിലോ പങ്കെടുക്കുകയോ ചെയ്യുന്നത് ശാരീരിക പ്രവര്‍ത്തനങ്ങളെ മികച്ച രീതിയില്‍ പ്രോത്സാഹിപ്പിക്കുന്നു.
ജനിതക കൗണ്‍സിലിംഗ്
* കുടുംബ ചരിത്രം: കുടുംബത്തില്‍ ക്യാന്‍സറിന്റെ ചരിത്രമുണ്ടെങ്കില്‍ അപകടസാധ്യത നിര്‍ണയിക്കുന്നതിനും പ്രതിരോധ നടപടികള്‍ നിര്‍ദേശിക്കുന്നതിനും ജനിതക കൗണ്‍സിലിംഗ് സഹായിക്കും. ക്യാന്‍സര്‍ ചരിത്രമോ മറ്റ് ജനിതക പ്രശ്‌നങ്ങളോ ഉള്ള കുടുംബങ്ങള്‍ക്ക് ജനിതക കൗണ്‍സിലര്‍മാരില്‍ നിന്ന് സഹായവും വിവരങ്ങളും ലഭിക്കും.
* ബോധവല്‍ക്കരണവും സ്‌ക്രീനിംഗും: വിശദീകരിക്കാനാകാത്ത ഭാരക്കുറവ്, നിരന്തരമായ അലസത, വിചിത്രമായ മുഴകള്‍ എന്നിങ്ങനെയുള്ള മുന്‍കൂര്‍ മുന്നറിയിപ്പ് സൂചനകളും ലക്ഷണങ്ങളും അറിഞ്ഞിരിക്കുന്നതിലൂടെ കുട്ടികളിലെ ക്യാന്‍സര്‍ നേരത്തേ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും സാധിക്കും.
കുട്ടിയുടെ വളര്‍ച്ചയും ആരോഗ്യവും നിരീക്ഷിക്കുന്നതിന് പതിവായി ശിശുരോഗ പരിശോധനകള്‍ അത്യാവശ്യമാണ്. എല്ലാ പീഡിയാട്രിക് ക്യാന്‍സറും തടയാന്‍ സാധ്യമല്ലെങ്കിലും, അപകടസാധ്യത ഘടകങ്ങള്‍ കുറയ്ക്കുകയും കുട്ടികള്‍ക്ക് ആരോഗ്യകരമായ അന്തരീക്ഷം നല്‍കുകയും ചെയ്യുന്ന നിരവധി പ്രതിരോധ നടപടികള്‍ ഉണ്ട്. എന്തെങ്കിലും ലക്ഷണങ്ങളോ മാറ്റങ്ങളോ ശ്രദ്ധയിൽ പെടുകയാണെങ്കിൽ ഉടൻ ഡോക്ടറെ സമീപിക്കുക.