ടിടി വാക്‌സിന്‍ കിട്ടാനില്ല, സര്‍ക്കാര്‍ വില കുറച്ചപ്പോള്‍ കമ്പനിയുടെ അട്ടിമറി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 19.03.2017) സംസ്ഥാനത്തെ ആശുപത്രികളില്‍ ടെറ്റനസ് കുത്തിവയ്പ്പിന് വാക്‌സിന്‍ ലഭ്യമല്ല. മരുന്ന് കമ്പനികള്‍ വില്‍പന നിര്‍ത്തിവച്ചതാണ് കാരണം. കേന്ദ്ര സര്‍ക്കാര്‍ ടെറ്റനസ് ടോക്‌സോയ്ഡിന്റെ (ടിടി ഇന്‍ജക്ഷന്‍) വില വെട്ടിക്കുറച്ചിരുന്നു. ഈ കുത്തിവയ്പ്പില്ലാത്തത് അണുബാധയേറ്റുള്ള മരണങ്ങള്‍ക്കിടയാക്കും. വിലനിയന്ത്രണം വരും മുന്‍പ് ടിടി കുത്തിവയ്പ്പിന് ആശുപത്രികള്‍ ഈടാക്കിയിരുന്നത് 11 മുതല്‍ 15 രൂപ വരെ. വില അഞ്ച് രൂപയായി കേന്ദ്രം വെട്ടിക്കുറച്ചു. എന്നാല്‍, മരുന്നുകമ്പനികള്‍ ഇത് അട്ടിമറിക്കുകയാണ്. മൊത്തക്കച്ചവടക്കാരില്‍ നിന്ന് കമ്പനികള്‍ കൂടിയ വിലയുടെ മരുന്നുകള്‍ തിരിച്ചെടുത്തെങ്കിലും പുതുക്കി നിശ്ചയിച്ച വിലയ്ക്ക് പുതിയ സ്‌റ്റോക്ക് നല്‍കിയിട്ടില്ല.

ടിടി വാക്‌സിന്‍ കിട്ടാനില്ല, സര്‍ക്കാര്‍ വില കുറച്ചപ്പോള്‍ കമ്പനിയുടെ അട്ടിമറി

സ്‌റ്റോക്ക് തിരിച്ചെടുക്കാതെ പുതുക്കിയ വിലയുടെ സ്റ്റിക്കര്‍ പതിച്ച് വില്‍പന നടത്തണമെന്നാണ് നിയമം. എന്നാല്‍, കമ്പനികള്‍ ഇതു പാലിക്കുന്നില്ല. ആശുപത്രി ഫാര്‍മസികല്‍ ടിടി വാക്‌സിന്‍ തീര്‍ന്നിട്ട് ദിവസങ്ങളായി. ടിടി കുത്തിവയ്പ്പ് നല്‍കാനാകാതെ അധികൃതര്‍ വിഷമിക്കുന്നു. ഒരു ദിവസം കേരളത്തില്‍ മാത്രം രണ്ട് ലക്ഷത്തില്‍ പരം ടി.ടി. ഇന്‍ജക്ഷനാണ് ആവശ്യം. മുറിവുകളില്‍ അണുബാധ ഉണ്ടാകാതിരിക്കാന്‍ അത്യാവശ്യമായി എടുക്കേണ്ട കുത്തിവയ്പ്പില്ലാത്തത് ആശുപത്രികളില്‍ സംഘര്‍ഷത്തിനും കാരണമാകുന്നു. ആശുപത്രികളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നു. മാത്രമല്ല സംസ്ഥാനത്ത് ടെറ്റനസ് ബാധിച്ച് മരണ നിരക്ക് വര്‍ധിക്കാനും ഇടവരും.

പ്രതിരോധ കുത്തിവയ്പ്പുകള്‍ വഴി പൂര്‍ണമായി പ്രതിരോധിക്കാന്‍ കഴിയുന്ന ഒരു രോഗമാണ് ടെറ്റനസ്. 'വലിയുക' എന്നര്‍ത്ഥമുള്ള ടെറ്റനോസ എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ഈ രോഗത്തിന്റെ പേര് ഉത്ഭവിച്ചത്. മലിനമായതും, ആഴത്തിലുള്ളതുമായ മുറിവുകളിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന ക്ലോസ്ട്രീഡിയം ടെറ്റനി എന്ന ബാക്ടീരിയയാണ് ഇതിന്റെ രോഗഹേതു. മുറിവുകളിലൂടെ മാത്രമല്ല, തീപ്പൊള്ളല്‍, മൃഗങ്ങളില്‍ നിന്നുള്ള കടി, മലിനമായ ശസ്ത്രക്രിയാ ഉപകരണങ്ങള്‍, പല്ലിലും മോണയിലും ഉണ്ടാകുന്ന പഴുപ്പ് എന്നിവയിലൂടെയും ഈ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുന്നു. ഇവ വന്‍കുടലില്‍ പെരുകുന്നതിനോടൊപ്പം അത്യന്തം മാരകമായ ടെറ്റനോ സ്പാസ്മിന്‍ എന്ന ടോക്‌സിന്‍ അഥവാ ജൈവിക വിഷം പുറപ്പെടുവിക്കുന്നു. ഈ വിഷം ശരീരത്തിലെ നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങള്‍ പാടേ തകരാറിലാക്കുന്നു. പേശികള്‍ ക്രമമായി സങ്കോചിക്കുകയും അയയുകയും ചെയ്യുന്നതാണ് നമ്മുടെ ശരീര വ്യവസ്ഥയുടെ നിലനില്‍പ്പിനാധാരം. ഈ വിഷത്തിന്റെ മാരകമായ പ്രവര്‍ത്തനം മൂലം ശരീരപേശികള്‍ സങ്കോചിത അവസ്ഥയില്‍ തന്നെ മിനുട്ടുകളോളം തുടരുന്നു. ഈ അവസ്ഥമൂലം രോഗിക്ക് കഠിനമായ വേദന അനുഭവപ്പെടുന്നു. ഈ ജൈവിക വിഷം പ്രധാന നാഡികളെ ബാധിക്കുമ്പോള്‍ ശ്വസനപേശികള്‍ക്കും, അന്നനാളപേശികള്‍ക്കും മുന്‍സൂചിപ്പിച്ച അവസ്ഥ നേരിടുകയും, രോഗി അതിഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യുന്നു. 15 മുതല്‍ 55 ശതമാനം വരെയാണ് ഈ രോഗത്തിന് മരണസാധ്യത.

ലക്ഷണങ്ങള്‍
രോഗാണു ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ 3 മുതല്‍ 20 ദിവസം വരെ സമയത്തിനുള്ളില്‍ രോഗലക്ഷണങ്ങളായ പനി, തലവേദന, രക്തസമ്മര്‍ദ്ദ വ്യതിയാനങ്ങള്‍, കഠിനമായ ശരീരവേദന, പേശീസങ്കോചം ഇവ പ്രത്യക്ഷപ്പെടുന്നു. രോഗത്തിനു കാരണമാകുന്ന ടോക്‌സിന്‍ എത്രവേഗത്തില്‍ തലയിലെ നാഡീവ്യവസ്ഥകളിലേക്കെത്തുന്നുവോ, അത്രയും വേഗത്തില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയും, അതനുസരിച്ച് രോഗത്തിന്റെ സങ്കീര്‍ണ്ണാവസ്ഥ കൂടുകയും ചെയ്യുന്നു. മുഖത്തേയും താടിയിലേയും പേശികളെ ഈ രോഗം പെട്ടെന്ന് ബാധിക്കുന്നതുമൂലം 'ലോക്ക്‌ജോ' അഥവാ താടിയെല്ലുകള്‍ അനക്കുവാന്‍ വയ്യാത്ത അവസ്ഥ സംജാതമാകുന്നു. അതോടൊപ്പം തന്നെ ശ്വസനവ്യവസ്ഥയുടെയും അന്നനാളത്തിന്റെയും പേശികളിലും ഈ അവസ്ഥ ഉണ്ടാകുകയും രോഗി മരണത്തെ സമീപിക്കുകയും ചെയ്യുന്നു.

ചികിത്സ
ബാക്ടീരിയ ഉത്പ്പാദിപ്പിക്കുന്ന ടോക്‌സിനെ പ്രതിരോധിക്കുന്ന പ്രതിവിഷം (ആന്റി ടോക്‌സിന്‍) ആണ് ചികിസ്തയുടെ കാതല്‍. അതോടൊപ്പം തന്നെ ആന്റി ബയോട്ടിക്‌സ്, പേശികളെ അയയുവാന്‍ സഹായിക്കുന്ന മരുന്നുകള്‍ ഇവയും നല്‍കുന്നു. ശ്വസനം തകരാറിലായ രോഗികളെ വെറ്റിലേറ്ററിന്റെ സഹായത്തോടെ സംരക്ഷിക്കാവുന്നതാണ്.

പ്രതിരോധം
മുറിവുകള്‍ അണുനാശിനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കുന്നത്, രോഗാണുബാധ ഒരു പരിധിവരെ തടയുന്നതാണ്.

പ്രതിരോധ കുത്തിവയ്പ്പുകള്‍

പ്രതിരോധകുത്തിവയ്പ്പുകള്‍ വഴി ടെറ്റനസ് ബാധയെ പൂര്‍ണ്ണമായി തടയാം. നവജാത ശിശുക്കളില്‍ 6,10,14 ആഴ്ചകളിലും തുടര്‍ന്ന് ശിശുക്കളില്‍ 1 1/2 വയസിലും, പിന്നീട് 5 വയസ്സിലും, മറ്റു പ്രതിരോധ കുത്തിവയ്പ്പുകളോട്(പെന്റാവാലന്റ്) ചേര്‍ത്ത് ടെറ്റനസ് വാക്‌സിന്‍ നല്‍കുന്നു. തുടര്‍ന്ന് 10 വയസിലും, പിന്നീട് 15 വയസിലും ടെറ്റനസ് വാക്‌സിന്‍ കുട്ടികള്‍ക്ക് നല്‍കുന്നു. ഈ കുത്തിവയ്പുകള്‍ ടെറ്റനസ് ബാധയെ പ്രതിരോധിക്കാന്‍ ശരീരത്തെ സര്‍വ്വസജ്ജമാക്കുന്നു.

ടെറ്റനസ് ബാധയെ പ്രതിരോധിക്കാന്‍ ശരീരത്തിന് ആവശ്യമായ ആന്റിബോഡിയുടെ അളവ് കൃത്യമായ നിലനിര്‍ത്താന്‍ തുടര്‍ന്ന് 10 വര്‍ഷത്തിലൊരിക്കല്‍ ഒരു ബൂസ്റ്റര്‍ ഡോസ് കുത്തിവയ്പ്പ് മതിയാകും. പ്രതിരോധ കുത്തിവയ്പ്പുകള്‍ ശരിയായ ക്രമത്തില്‍ എടുത്തിട്ടുണ്ടോ എന്ന് അറിഞ്ഞുകൂടാത്ത ആളുകളില്‍, ആഴത്തിലുള്ള മലിനമായ മുറിവുകള്‍ ഉണ്ടാകുന്ന അവസരങ്ങളില്‍ പ്രതിരോധശേഷിക്കായി ഉടന്‍ തന്നെ ശരീരത്തെ സജ്ജമാക്കാന്‍ ടെറ്റനസ് ഇമ്മ്യൂണോഗ്ലോബുലിന്‍ ആവശ്യമാണ്. ഭാവിയിലേക്കുള്ള മുറിവുകള്‍ക്കുള്ള സുരക്ഷ എന്ന രീതിയില്‍ ടെറ്റനസ് പ്രതിരോധ കുത്തിവയ്പ്പും നല്‍കാവുന്നതാണ്. ഗര്‍ഭിണികളില്‍ ടെറ്റനസ് കുത്തിവയ്പ്പുകള്‍ നല്‍കുന്നത് നവജാതശിശുക്കളിലെ ടെറ്റനസ് പൂര്‍ണ്ണമായി പ്രതിരോധിക്കുന്നു. ആദ്യ കുത്തിവയ്പ്, ഗര്‍ഭംധരിച്ചതായി അറിയുന്ന അവസരത്തില്‍ തന്നെയും, അടുത്ത ഡോസ് മുപ്പതു ദിവസങ്ങള്‍ക്കു ശേഷവും എടുക്കേണ്ടതാണ്. ഈ രീതിയില്‍ രണ്ടു കുത്തിവയ്പുകള്‍ ലഭിച്ച ഒരു സ്ത്രീയ്ക്ക് അടുത്ത ഗര്‍ഭധാരണം മൂന്നുവര്‍ഷത്തിനുള്ളില്‍ സംഭവിക്കുകയാണെങ്കില്‍, ആ ഗര്‍ഭകാലയളവില്‍ ആദ്യം തന്നെ ഒരു ബൂസ്റ്റര്‍ ഡോസ് മാത്രം എടുത്താല്‍ മതിയാകും.

മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് ഈ രോഗം പകരുന്നില്ല. എന്നാല്‍ ടൈറ്റനസ് പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുത്തിട്ടില്ലാത്ത അമ്മയില്‍ നിന്നും നവജാതശിശുവിലേക്ക്, ഈ രോഗം പകരാവുന്നതാണ് നവജാതശിശുക്കള്‍ക്കുണ്ടാകുന്ന ടെറ്റനസ് 60 മുതല്‍ 70 ശതമാനം വരെ കുഞ്ഞിന്റെ മരണത്തില്‍ കലാശിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kochi, Kerala, Health, Hospital, TT vaccine not available in Hospitals.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia