Achievement | ചരിത്ര നേട്ടം: തിരുവനന്തപുരം മെഡിക്കൽ കോളജ് എമർജൻസി മെഡിസിൻ വിഭാഗം സെന്റർ ഓഫ് എക്സലൻസ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● തിരുവനന്തപുരം മെഡിക്കൽ കോളേജ് അടിയന്തര ചികിത്സയിൽ മികവ് തെളിയിച്ചു.
● കേന്ദ്ര സർക്കാർ 'സെന്റർ ഓഫ് എക്സലൻസ്' ആയി പ്രഖ്യാപിച്ചു.
● കേരളത്തിലെ ആരോഗ്യ സംവിധാനത്തിന് വലിയ നേട്ടം.
തിരുവനന്തപുരം: (KVARTHA) രാജ്യത്തെ അഞ്ച് പ്രധാന ആശുപത്രികളുടെ പട്ടികയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജും. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ എമർജൻസി മെഡിസിൻ വിഭാഗത്തെ കേന്ദ്ര സർക്കാർ സെന്റർ ഓഫ് എക്സലൻസ് ആയി തിരഞ്ഞെടുത്തു. അത്യാഹിത വിഭാഗ ചികിത്സയുടെ പഠനത്തിനായി നീതി ആയോഗ് - ഐസിഎംആർ തിരഞ്ഞെടുക്കുന്ന രാജ്യത്തെ അഞ്ച് മെഡിക്കൽ കോളേജുകളുടെ പട്ടികയിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജും ഉൾപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ വർഷവും രണ്ടു കോടി രൂപ മെഡിക്കൽ കോളേജിന് ലഭിക്കും. കേരളത്തിൽ നിന്നൊരു മെഡിക്കൽ കോളേജ് ഈ സ്ഥാനത്ത് എത്തുന്നത് ചരിത്രത്തിൽ ആദ്യമായാണ്. മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയെ അപൂർവ രോഗങ്ങളുടെ സെന്റർ ഓഫ് എക്സലൻസ് ആയി ഈ സർക്കാരിന്റെ കാലത്ത് കേന്ദ്ര സർക്കാർ ഉയർത്തിയിരുന്നു. ഇതോടെ മെഡിക്കൽ കോളേജും എസ്.എ.ടി. ആശുപത്രിയും സെന്റർ ഓഫ് എക്സലൻസായി മാറുകയാണ്.
രാജ്യത്തെ അഞ്ച് പ്രധാന ആശുപത്രികൾക്കൊപ്പം തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ എമർജൻസി മെഡിസിൻ വിഭാഗത്തെ സെന്റർ ഓഫ് എക്സലൻസ് ആയി ഉയർത്തുമ്പോൾ വളരെ സന്തോഷമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഈ സർക്കാരിന്റെ തുടക്കകാലത്ത് 2021ൽ തിരുവന്തപുരം മെഡിക്കൽ കോളേജിൽ മുന്നറിയിപ്പില്ലാതെ മന്ത്രി നടത്തിയ സന്ദർശനമാണ് എമർജൻസി മെഡിസിൻ ഡിപ്പാർട്ട്‌മെന്റിന്റെ പ്രവർത്തനങ്ങളിലേക്ക് തുടക്കം കുറിച്ചത്.
പഴയ അത്യാഹിത വിഭാഗം സ്ഥലപരിമിതിയോടെ, അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഞെങ്ങി ഞെരുങ്ങിയാണ് പ്രവർത്തിച്ചു വന്നിരുന്നത്. വെളിച്ചമില്ലാത്ത വരാന്തയിൽ അഞ്ചും ആറും മണിക്കൂറുകളിൽ മതിയായ ചികിത്സ ലഭ്യമാകാതെ സ്ട്രെച്ചറിൽ കാത്തു കിടക്കുന്ന രോഗികളെ കാണാൻ സാധിച്ചു. പലയിടത്ത് നിന്നും ഇസിജി വേരിയേഷൻ രേഖപ്പെടുത്തി വന്നവരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഓരോ ഡോക്ടർമാരുടെ ടേബിളിന് ചുറ്റും മുപ്പതും നാല്‍പതും രോഗികൾ ഉണ്ടായിരുന്നു. സേവനം ലഭിച്ചിരുന്നത് മണിക്കൂറുകള്‍ കഴിഞ്ഞു മാത്രമാണെന്ന് പലരും പരാതി പറഞ്ഞു. അപ്പോഴാണ് ഈ അവസ്ഥ മാറ്റി എമർജൻസി മെഡിസിൻ വിഭാഗം എവിടെ തുടങ്ങും എന്നുള്ള ചിന്ത വന്നത്.
നിർമ്മാണം തുടങ്ങിയെങ്കിലും വളരെക്കാലം നിലച്ചു പോയിരുന്ന കെട്ടിടത്തിൽ നൂതന എമർജൻസി മെഡിസിൻ സംവിധാനങ്ങളൊരുക്കിയാണ് പുതിയ അത്യാഹിത വിഭാഗം പ്രവർത്തനമാരംഭിച്ചത്. ശാസ്ത്രീയമായ ട്രയാജ് സംവിധാനം ആദ്യമായി നടപ്പിലാക്കി. ചെസ്റ്റ് പെയിൻ ക്ലിനിക്, സ്‌ട്രോക്ക് ഹോട്ട്‌ലൈൻ, അത്യാധുനിക പരിശോധനാ സംവിധാനങ്ങൾ, രോഗീ സൗഹൃദ അന്തരീക്ഷം എന്നിവ ഉറപ്പാക്കി. സീനിയർ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കി. മെഡിക്കൽ കോളേജിലെ എല്ലാ തലത്തിലും സൂക്ഷ്മമായ ഇടപെടൽ വേണമെന്ന് കണ്ടതുകൊണ്ട് പുതിയ ഡിപ്പാർട്ട്‌മെന്റുകൾ, പുതിയ സംവിധാനങ്ങൾ, ഫെലോഷിപ്പ് പ്രോഗ്രാം എന്നിവ ആരംഭിച്ചു. എയിംസ്, ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ അത്യാഹിത വിഭാഗം സന്ദർശിച്ച് അഭിനന്ദിച്ചു. എമർജൻസി മെഡിസിനില്‍ മൂന്ന് പിജി സീറ്റുകൾക്ക് അനുമതി ലഭ്യമാക്കി കോഴ്സ് ആരംഭിച്ചു. 100 ഐസിയു കിടക്കകളുള്ള പ്രത്യേക ബ്ലോക്ക്, സ്‌പെക്റ്റ് സ്‌കാന്‍ എന്നിവ സ്ഥാപിച്ചു. പെറ്റ് സ്‌കാന്‍ സ്ഥാപിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു.
ഈ കാലയളവില്‍ ദേശീയ മെഡിക്കൽ വിദ്യാഭ്യാസ റാങ്കിങ്ങില്‍ തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളില്‍ മെഡിക്കൽ കോളേജ് ഉൾപ്പെട്ടു. സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് മെഡിക്കൽ കോളേജില്‍ നടന്നു വരുന്നത്. 85ല്‍ അധികം തവണയാണ് മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളേജ് സന്ദർശിച്ച് ചർച്ച നടത്തിയത്. മാസ്റ്റർപ്ലാനിന്റെ ഭാഗമായി കിഫ്ബി വഴി 717 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് മെഡിക്കൽ കോളേജില്‍ നടന്നു വരുന്നത്. ആദ്യഘട്ടത്തിലെ റോഡും പാലവും നിർമ്മാണം പൂർത്തിയാക്കി 194.32 കോടി അനുവദിച്ച് രണ്ടാംഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. രാജ്യത്ത് ആദ്യമായി സർക്കാര്‍ മേഖലയിലെ ന്യൂറോ കാത്ത് ലാബ് ഉൾപ്പെട്ട 14.3 കോടിയുടെ സമഗ്ര സ്ട്രോക്ക് സെന്റർ സജ്ജമാക്കി. മെഡിക്കൽ കോളേജില്‍ റോബോട്ടിക് സർജറി ആരംഭിക്കുന്നതിന് തുക അനുവദിച്ചിട്ടുണ്ട്.

മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി ആരംഭിച്ചു. ലിനാക്, ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി യൂണിറ്റ്, ബേണ്‍സ് ഐസിയു എന്നിവ സ്ഥാപിച്ചു. രാജ്യത്ത് മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ന്യൂറോ ഇന്റര്‍വെന്‍ഷന്‍ ആരംഭിച്ചു. 23 കോടിയുടെ ലേഡീസ് ഹോസ്റ്റല്‍ യാഥാര്‍ത്ഥ്യമാക്കി. അടുത്തിടെ മെഡിക്കല്‍ കോളേജിനായി 25 അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചു. സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ക്രിറ്റിക്കല്‍ കെയര്‍, ജനറ്റിക്‌സ്, ജെറിയാട്രിക്, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, റുമറ്റോളജി വിഭാഗങ്ങള്‍ ആരംഭിക്കാനുള്ള ജീവനക്കാരെ നിയമിച്ച് നടപടികള്‍ പുരോഗമിക്കുന്നു.
#medicalcollege #healthcare #Kerala #India #emergencymedicine #centerofexcellence #healthcareachievement
