Hygiene | വന്ദേ ഭാരതിലെ ഭക്ഷണത്തില്‍ പ്രാണികളെ കണ്ടെത്തിയ സംഭവത്തില്‍ ക്ഷമാപണം നടത്തി ദക്ഷിണ റെയില്‍വേ; ഏജന്‍സിക്ക് അരലക്ഷം രൂപ പിഴ ചുമത്തി
● കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കി.
● ട്രെയിനിലെ നിരവധി യാത്രക്കാര്‍ പരാതിപ്പെട്ടു.
● പാത്രത്തിന്റെ അടപ്പിലാണ് പ്രാണികളെ കണ്ടെത്തിയത്.
ചെന്നൈ: (KVARTHA) തിരുനെല്‍വേലി-ചെന്നൈ എഗ് മോര്‍ വന്ദേ ഭാരത് എക്‌സ്പ്രസില്‍ (Vande Bharat Express) യാത്രക്കാര്‍ക്ക് വിളമ്പിയ സാമ്പാറില്‍ ചെറിയ പ്രാണിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷണ കരാറുകാരന് ദക്ഷിണ റെയില്‍വേ 50,000 രൂപ പിഴ ചുമത്തി. യാത്രക്കാര്‍ക്ക് വിതരണം ചെയ്ത ഭക്ഷണത്തില്‍ ചെറുപ്രാണികളെ കണ്ട സംഭവത്തില്‍ ദക്ഷിണ റെയില്‍വേ ക്ഷമാപണവും നടത്തി.
കഴിഞ്ഞ ശനിയാഴ്ച പ്രഭാതഭക്ഷണത്തോടൊപ്പം വിളമ്പിയ സാമ്പാറിലാണ് യാത്രക്കാരന്‍ പ്രാണിയെ കണ്ടെത്തിയത്. മധുരയില്‍നിന്ന് ട്രെയിന്‍ പുറപ്പെട്ടതിന് തൊട്ടുപിന്നാലെ ഇദ്ദേഹം ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കി. ദിണ്ടിഗലില്‍ നിന്ന് യാത്രക്കാരന് പകരം ഭക്ഷണം വാഗ്ദാനം ചെയ്‌തെങ്കിലും അദ്ദേഹം നിരസിച്ചു. തുടര്‍ന്ന്, റെയില്‍വേ അധികൃതര്‍ യാത്രക്കാരനോട് ക്ഷമാപണം നടത്തുകയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.
പിന്നാലെ, മലിനീകരണത്തിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം നടത്തി. ബൃന്ദാവന്‍ ഫുഡ് പ്രോഡക്റ്റ്‌സിന്റെ നിയന്ത്രണത്തിലുള്ള തിരുനെല്‍വേലി ബേസ് കിച്ചന്‍ വിതരണം ചെയ്യുന്ന ഭക്ഷണം, ഓണ്‍ബോര്‍ഡ് മാനേജര്‍, ചീഫ് കേറ്ററിങ് ഇന്‍സ്പെക്ടര്‍ (സിഐആര്‍), ചീഫ് കമേഴ്‌സ്യല്‍ ഇന്‍സ്പെക്ടര്‍ (സിസിഐ), അസിസ്റ്റന്റ് കമേഴ്സ്യല്‍ മാനേജര്‍ (എസിഎം) എന്നിവര്‍ പരിശോധിച്ചപ്പോള്‍ കാസ്‌റോള്‍ കണ്ടെയ്നറിന്റെ അടപ്പില്‍ ഇത്തരം പ്രാണികളുള്ളതായി കണ്ടെത്തി. തുടര്‍ന്നാണ് നടപടിയെടുത്തത്.
സാമ്പാറില്‍ കറുത്ത പ്രാണികള്‍ പൊങ്ങിക്കിടക്കുന്നതായി യാത്രക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ കാണാമായിരുന്നു. ഇതോടെ ട്രെയിന്‍ സര്‍വീസ് മികച്ചതാണെങ്കിലും നല്‍കുന്ന ഭക്ഷണം തൃപ്തികരമല്ലെന്ന് തിരുനെല്‍വേലിയില്‍ നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിനിലെ നിരവധി യാത്രക്കാര്‍ പരാതിപ്പെട്ടു.
കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്ത് ഇത്തരത്തിലുള്ള ഒരു പ്രശ്‌നം പരിഹരിക്കാന്‍ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് അറിയാന്‍ ശ്രമിച്ചു. ശുചിത്വത്തെക്കുറിച്ചും ഐആര്‍സിടിസിയുടെ ഉത്തരവാദിത്തത്തെക്കുറിച്ചും യാത്രക്കാര്‍ ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിനും പ്രീമിയം ട്രെയിനുകളില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
'പ്രിയപ്പെട്ട, നരേന്ദ്രമോദി ജി, നിങ്ങളുടെ ഭക്ഷണത്തില്‍ 8 മാസം ആവര്‍ത്തിച്ച് പാറ്റകളെയും പ്രാണികളെയും വിളമ്പുന്നത് സങ്കല്‍പ്പിക്കുക. ഇതിന് പരിഹാരമായി ഉത്തരവാദിത്തപ്പെട്ടവര്‍ വെറും 50,000 പിഴ നല്‍കിയാല്‍ മതിയാകുമോ? യാത്രക്കാരുടെ സുരക്ഷയ്ക്കും അന്തസ്സിനും വേണ്ടിയുള്ള കര്‍ശന നടപടികളും വ്യവസ്ഥാപരമായ പരിഷ്‌കാരങ്ങളും പുനഃപരിശോധിക്കേണ്ടതാണ്.'- ട്വിറ്ററില്‍ കുറിച്ചു.
#VandeBharat #foodcontamination #SouthernRailway #India #hygiene #railwayfood
Dear @narendramodi ji,
— Manickam Tagore .B🇮🇳மாணிக்கம் தாகூர்.ப (@manickamtagore) November 17, 2024
imagine being served cockroaches & insects in your meals repeatedly 8 months.
Will a mere ₹50,000 fine suffice to ensure accountability?
Strict action & systemic reforms are overdue for passenger safety & dignity. #RailwayQuality #VandeBharatExpress https://t.co/MLO0fj4pGq pic.twitter.com/L8NE0DZ6vU