Health Progress | കണ്ണു തുറന്നു, കൈകാലുകള്‍ അനക്കി: ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി 

 
Uma Thomas health recovery update in ventilator
Uma Thomas health recovery update in ventilator

Photo Credit: Facebook/Uma Thomas

● ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി.
● വെന്റിലേറ്ററിലായിരിക്കെ ആവശ്യമായ ചികിത്സ ലഭിക്കുന്നു.
● മസ്തിഷ്‌ക പരുക്കുകള്‍ ഗുരുതരമല്ലെന്ന് ഡോക്ടര്‍ അറിയിച്ചു.

കൊച്ചി: (KVARTHA) കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി. കണ്ണു തുറന്നതായും കൈകാലുകള്‍ അനക്കിയതായും അവരോട് അടുപ്പമുള്ള വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. റിനെ മെഡിസിറ്റിയില്‍ വെന്റിലേറ്ററിലാണ് ഉമ തോമസ്. രാവിലെ മകന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള ഉമ തോമസിനെ കണ്ടു. ഉമ തോമസിനെ കണ്ടശേഷം മകനാണ് അമ്മ കണ്ണു തുറന്നുവെന്നും കൈ കാലുകള്‍ അനക്കിയെന്നും പറഞ്ഞത്.

രാവിലെ 8.30ന് ഉമ തോമസ് എംഎല്‍എയെ ബ്രോഹ്‌കോസ്‌കോപ്പി ടെസ്റ്റിന് വിധേയമാക്കിയിരുന്നു. ഇതുവരെ ഉമ തോമസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്നായിരുന്നു ഞായറാഴ്ച രാത്രിവരെ റിനൈ മെഡിസിറ്റിയിലെ മെഡിക്കല്‍ സംഘം അറിയിച്ചിരുന്നത്. ശ്വാസകോശത്തിനേറ്റ പരുക്കു ഗുരുതരമായതിനാല്‍ കൂടുതല്‍ ദിവസം വെന്റിലേറ്റര്‍ ചികിത്സ വേണ്ടി വന്നേക്കാമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. 

കണ്ണുകള്‍ തുറന്നതും കൈകാലുകള്‍ അനക്കിയതും ശുഭപ്രതീക്ഷ നല്‍കുന്നതാണ്. നിലവിലെ ആരോഗ്യസ്ഥിതി സംബന്ധിച്ച കൃത്യമായ വിവരം രാവിലെ 10 മണിക്ക് ശേഷം ചേരുന്ന മെഡിക്കല്‍ ബുള്ളറ്റിന്‍ വരുമ്പോള്‍ ആയിരിക്കും ലഭിക്കുക.

മസ്തിഷ്‌കത്തിലെ പരുക്കുകള്‍ ഗുരുതരമല്ലെന്നത് ആശ്വാസമാണ്. ശ്വാസകോശത്തിലെ ചതവും രക്തസ്രാവവുമാണു വെല്ലുവിളിയെന്നു റിനൈ മെഡിസിറ്റി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞു. മൂക്കിലെ എല്ലിനും വാരിയെല്ലുകള്‍ക്കും നട്ടെല്ലിനും ഒടിവുണ്ട്. കോട്ടയം ഗവ. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ വിദഗ്‌ധോപദേശവും ചികിത്സയ്ക്കായി ലഭ്യമാക്കിയിട്ടുണ്ട്.

ഡിസംബര്‍ 29നായിരുന്നു അപകടം. നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ടു 11,600 നര്‍ത്തകരുടെ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിന് എത്തിയതായിരുന്നു ഉമ തോമസ്. മന്ത്രി സജി ചെറിയാന്‍ ഉള്‍പ്പെടെയുള്ളവര്‍ വേദിയിലിരിക്കെയാണ് അപകടം. 

അതേസമയം, ഉമ തോമസ് എംഎല്‍എയ്ക്ക് അപകടം ഉണ്ടായ സംഭവത്തില്‍ സംയുക്ത പരിശോധന റിപ്പോര്‍ട്ടും പുറത്തുവന്നു. കലൂര്‍ സ്റ്റേഡിയത്തില്‍ വന്‍ സുരക്ഷാ വീഴ്ച എന്നാണ് സംയുക്ത പരിശോധന റിപ്പോര്‍ട്ട്. പൊലീസും ഫയര്‍ ഫോഴ്‌സും പൊതുമരാമത്ത് വിഭാഗങ്ങളാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സ്റ്റേജ് നിര്‍മിച്ചത് അപകടകടമായി തന്നെയാണെന്നും അധികമായി നിര്‍മിച്ച ഭാഗത്തിനു വേണ്ട ഉറപ്പ് ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിഐപി സ്റ്റേജിന് അടുത്തായി ആംബുലന്‍സ് ഇല്ലാതിരുന്നത് അടിയന്തര വൈദ്യ സഹായം ലഭ്യമാക്കാന്‍ വൈകിയെന്നും പരിശീലനം ലഭിക്കാത്തവരാണ് ഉമ തോമസിനെ ആംബുലന്‍സിലേക്ക് മാറ്റിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

#UmaThomas #HealthUpdate #MLARecovery #KochiNews #KeralaNews #MedicalRecovery

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia