ബംഗാളിൽ വീണ്ടും നിപ്പ; ഏഷ്യൻ രാജ്യങ്ങളിൽ അതീവ ജാഗ്രത, കേരളവും മുൻകരുതൽ എടുക്കണം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● തായ്‌ലൻഡ്, സിംഗപ്പൂർ, ഹോങ്കോങ്, മലേഷ്യ വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കി.
● ഇന്ത്യയിൽ നിന്നെത്തുന്ന യാത്രക്കാർക്ക് സിംഗപ്പൂർ വിമാനത്താവളത്തിൽ താപനില പരിശോധന നിർബന്ധമാക്കി.
● വവ്വാലുകൾ കടിച്ച പഴങ്ങളിലൂടെയും സ്രവങ്ങളിലൂടെയുമാണ് പ്രധാനമായും രോഗം പകരുന്നത്.
● വവ്വാലുകൾ കടിച്ച പാടുള്ള പഴങ്ങൾ ഭക്ഷിക്കരുത്; അവ മണ്ണിൽ കുഴിച്ചു മൂടണം.
● പഴങ്ങൾ സോപ്പുവെള്ളത്തിൽ കഴുകി ഉപയോഗിക്കുന്നത് വൈറസിനെ നശിപ്പിക്കാൻ സഹായിക്കും.
● രോഗബാധിതർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായുവിലൂടെ രോഗം പകരാൻ സാധ്യതയുണ്ട്.
ന്യൂഡൽഹി: (KVARTHA) പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ രണ്ട് നിപ്പ കേസുകൾ സ്ഥിരീകരിച്ചതിന് പിന്നാലെ ഏഷ്യൻ രാജ്യങ്ങളിൽ കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മുൻപ് നിപ്പ ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കിഴക്കനേഷ്യൻ രാജ്യങ്ങളാണ് വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയത്. തായ്‌ലൻഡ്, സിംഗപ്പൂർ, ഹോങ്കോങ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ ഇറങ്ങുന്ന യാത്രക്കാരെ കർശന പരിശോധനയ്ക്ക് വിധേയരാക്കും. ഇന്ത്യയിൽ നിന്നും എത്തുന്ന യാത്രക്കാർക്ക് സിംഗപ്പൂർ വിമാനത്താവളത്തിൽ താപനില പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.
കേരളത്തിലും ജാഗ്രത അനിവാര്യം
ബംഗാളിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളവും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. ദശലക്ഷക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് കേരളത്തിൽ ജോലിക്കായി എത്തുന്നത്. ഇതിൽ ഭൂരിഭാഗവും ബംഗാളിൽ നിന്നുള്ളവരാണ്. നിലവിൽ ബംഗാളിലേക്കും തിരിച്ചും ആയിരക്കണക്കിന് തൊഴിലാളികളാണ് കേരളത്തിൽ നിന്നും യാത്ര ചെയ്യുന്നത്. അതിനാൽ സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കേണ്ടത് അത്യാവശ്യമാണ്.
പകരുന്നത് എങ്ങനെ?
വവ്വാലുകൾ, പന്നികൾ എന്നിവയിലൂടെയാണ് നിപ്പ രോഗാണു പ്രധാനമായും മനുഷ്യരിലേക്ക് കടക്കുന്നത്. ഇവ കടിച്ചിടുന്ന പഴങ്ങൾ ഭക്ഷിക്കുന്നതിലൂടെ രോഗം മനുഷ്യരിലെത്തുന്നു. തുടർന്ന് രോഗബാധിതനായ വ്യക്തിയിൽ നിന്ന് മറ്റു വ്യക്തികളിലേക്കും രോഗം പടരും. മാരകമാണെങ്കിലും ചിക്കൻഗുനിയ, ഡെങ്കിപ്പനി എന്നിവ പോലെ നിപ്പ വ്യാപകമായി പടരില്ല. എങ്കിലും കൃത്യമായ കരുതൽ നിർബന്ധമാണ്. പ്രധാനമായും നാലു തരത്തിലാണ് നിപ്പ പകരുന്നത്:
-
രോഗം ബാധിച്ചവർ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ രോഗാണുക്കൾ വായു കണികയിലൂടെ പകരും.
-
രോഗിയുടെ ശരീര സ്രവങ്ങളിലൂടെ.
-
രോഗാണുവാഹകരായ വവ്വാലുകളിൽ നിന്ന് മറ്റു ജന്തുക്കളിലേക്കും അവയിൽ നിന്ന് മനുഷ്യരിലേക്കും.
-
രോഗികൾ കൈകാര്യം ചെയ്ത സാധനങ്ങളിലൂടെ (ഉദാഹരണത്തിന് സോപ്പ്, വസ്ത്രം തുടങ്ങിയവ).
മുൻകരുതലുകൾ ശ്രദ്ധിക്കുക
വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യശരീരത്തിൽ എത്തിയാൽ രോഗം ബാധിക്കാൻ സാധ്യതയുണ്ട്. വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഒഴിവാക്കണം. വവ്വാലുകൾ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാമ്പഴം തുടങ്ങിയവ ഭക്ഷണത്തിനായി ഉപയോഗിക്കരുത്. വീുമുറ്റത്തും പറമ്പിലും വീണുകിടക്കുന്ന പഴങ്ങൾ എടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. വവ്വാൽ കടിച്ച പഴങ്ങളിൽ അതിന്റെ പാടുണ്ടാകും. അങ്ങനെയുള്ള പഴങ്ങൾ എടുത്താൽ കൈകളിലേക്ക് വൈറസ് പകരാൻ സാധ്യതയുണ്ട്.
വവ്വാൽ കടിച്ചതെന്ന് സംശയിക്കുന്ന പഴങ്ങൾ കഴിക്കരുത്; അവ മണ്ണിൽ കുഴിച്ചു മൂടണം. ഇത്തരം പഴങ്ങൾ മൃഗങ്ങൾക്കും കഴിക്കാൻ നൽകരുത്. ഇത്തരം പഴങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കൈകൾ വൃത്തിയായി കഴുകണം. എന്നാൽ, വിപണിയിൽ ലഭിക്കുന്നത് ഉൾപ്പെടെയുള്ള മറ്റു പഴങ്ങൾ കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല. മുൻകരുതൽ എന്ന നിലയിൽ പഴങ്ങൾ ആദ്യം സോപ്പുവെള്ളത്തിലും പിന്നീട് നല്ല വെള്ളത്തിലും കഴുകി ഉപയോഗിക്കാം. സോപ്പുവെള്ളത്തിൽ കഴുകുമ്പോൾ ഒട്ടുമിക്ക വൈറസുകളും നശിക്കും.
ശുചിത്വം പ്രധാനം
രോഗം സ്ഥിരീകരിച്ചാൽ രോഗിയുമായുള്ള സമ്പർക്കത്തിന് ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകണം. സോപ്പ് അല്ലെങ്കിൽ ആൽക്കഹോൾ ഹാൻഡ് റബ്ബുകൾ ഉപയോഗിച്ച് കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. രോഗിയുടെ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ പ്രത്യേകം സൂക്ഷിക്കുകയും കഴുകി ഉണക്കുകയും വേണം.
ഇതര സംസ്ഥാന തൊഴിലാളികൾ ധാരാളമുള്ള നമ്മുടെ നാട്ടിൽ പരിശോധനകളും ജാഗ്രതയും ഇനിയും ശക്തമാക്കേണ്ടതുണ്ടോ? നിങ്ങളുടെ അഭിപ്രായം പറയൂ.
Article Summary: West Bengal reports new Nipah virus cases, prompting high alerts in Asian countries like Singapore and Thailand. Kerala urged to stay vigilant due to migrant worker influx.
#NipahVirus #HealthAlert #KeralaNews #WestBengal #VirusUpdate #TravelAdvisory
