Outbreak | ഭക്ഷ്യവിഷബാധയെന്ന് സംശയം; യുഎസില്‍ മക്ഡൊണാള്‍ഡ്സില്‍നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഒരാള്‍ മരിച്ചു, നിരവധി പേര്‍ ആശുപത്രിയില്‍


● 10 പേരാണ് ആശുപത്രിയില്‍ കഴിയുന്നത്.
● കൃത്യമായ ചേരുവ ഏതെന്ന് കണ്ടെത്തിയിട്ടില്ല.
● ഓഹരികള്‍ 6 ശതമാനത്തിലേറെ ഇടിഞ്ഞു.
● ഒരു കുട്ടിയുടെ ആരോഗ്യനില ഗുരുതരം.
വാഷിങ്ടന്‍: (KVARTHA) പ്രശസ്ത ആഗോള ഫാസ്റ്റ്ഫൂഡ് ശൃംഖലയായ മക്ഡൊണാള്‍ഡ്സിനെതിരെ (McDonald's) യുഎസില്‍ ഗുരുതര ഭക്ഷ്യവിഷബാധ ആരോപണം. വിവിധ സംസ്ഥാനങ്ങളാകെ പടര്‍ന്നുപിടിച്ച ഭക്ഷ്യവിഷബാധയാണ് ഇതിന് കാരണം. മക്ഡൊണാള്‍ഡ്സിന്റെ ക്വാര്‍ട്ടര്‍ പൗണ്ടര്‍ ഹാംബര്‍ഗറില്‍നിന്നു കടുത്ത ഇകോളി ബാധയേറ്റ് ഒരാള്‍ മരിച്ചെന്നും ഡസന്‍ കണക്കിന് ആളുകള്‍ക്ക് അസുഖം ബാധിച്ചെന്നും യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (US Centers for Disease Control and Prevention-CDC)) പറഞ്ഞു.
സെപ്റ്റംബര്‍ അവസാനമാണ് രോഗബാധ ആരംഭിച്ചത്. അമേരിക്കയിലെ 10 പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലായി അമ്പതോളം ആളുകള്‍ക്കാണ് മക്ഡൊണാള്‍ഡ്‌സില്‍ നിന്നുള്ള ഭക്ഷണം കഴിച്ചതിന് പിന്നാലെ ഗുരുതരമായ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തത്.
കേസുകളില്‍ ഭൂരിഭാഗവും കൊളറാഡോയിലും നെബ്രാസ്‌കയിലുമാണ്. കൊളറാഡോ, നെബ്രാസ്‌ക സംസ്ഥാനങ്ങളിലെ സ്ഥിതി അല്പം ഗുരുതരമായിരിക്കുകയാണ്. 10 പേരാണ് ആശുപത്രിയില്‍ കഴിയുന്നത്. ഇതില്‍ ഒരു കുട്ടിക്ക് വൃക്കകളിലെ രക്തധമനികളെ ബാധിക്കുന്ന ഗുരുതരമായ ഹീമോലിറ്റിക് യൂറിമിക് സിന്‍ഡ്രോം ഉണ്ടെന്നും പ്രായമായ ഒരാളാണ് കൊളറാഡോയില്‍ മരിച്ചതെന്നും സിഡിസി അറിയിച്ചു.
അസുഖം ബാധിച്ച എല്ലാ ആളുകളിലും ഒരേ ഇകോളിയാണു കണ്ടെത്തിയത്. ഇവരെല്ലാം മക്ഡൊണാള്‍ഡ്‌സില്‍നിന്നു ഭക്ഷണം കഴിച്ചതായും റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, രോഗത്തിന് കാരണമായ കൃത്യമായ ചേരുവ ഏതെന്ന് കണ്ടെത്തിയിട്ടില്ല. ഉള്ളിയും ബീഫ് പാറ്റികളും കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇവ രണ്ടും രോഗബാധിത സംസ്ഥാനങ്ങളിലെ റസ്റ്ററന്റുകളില്‍നിന്ന് ഒഴിവാക്കി. സിഡിസിയുടെ പ്രസ്താവനയ്ക്കു പിന്നാലെ മക്ഡൊണാള്‍ഡ്സിന്റെ ഓഹരികള്‍ 6 ശതമാനത്തിലേറെ ഇടിഞ്ഞു.
#McDonalds #FoodPoisoning #Ecoli #Outbreak #USNews #Health #Safety #FastFood #PublicHealth