Health Alert | വേദന, മൂത്രത്തിൽ മാറ്റം? ഇവയെല്ലാം വൃക്കയിലെ കല്ലുകളുടെ ലക്ഷണമാവാം! ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


വേദന, മൂത്രത്തിൽ മാറ്റം തുടങ്ങിയ ലക്ഷണങ്ങൾ കരുതിയിരിക്കണം
ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും പ്രതിരോധത്തിന് സഹായിക്കും
കൊച്ചി: (KVARTHA) ഇന്ന്, നമ്മുടെ ഭക്ഷണക്രമവും ജീവിതശൈലിയും മാറി മറിഞ്ഞതോടെ വൃക്കയിലെ കല്ലുകൾ (Kidney Stone) സാധാരണ കാഴ്ചയായി മാറിയിരിക്കുന്നു. അനാരോഗ്യകരമായ ഭക്ഷണം, വെള്ളം കുറവ് കുടിക്കുക തുടങ്ങിയവ ഇതിന് പ്രധാന കാരണങ്ങളാണ്. എന്നാൽ ഇത് നിസ്സാരമായി കരുതരുത്. കാരണം, വൃക്കയിലെ കല്ലുകൾ പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം.

മറ്റു പല രോഗങ്ങളെ പോലെ ഇതും ഒരു ജീവിത ശൈലി രോഗമാണ് (Diseases). മറ്റു കാരണങ്ങൾ കൊണ്ടും ആവാമെങ്കിലും കൂടുതൽ സാധ്യത നമ്മുടെ തെറ്റായ രീതിയിലുള്ള ജീവിത ശൈലിയാണ്. വൃക്കയിലെ കല്ലുകൾ അപകടമാവാറുണ്ടെങ്കിലും പ്രാരംഭ ഘട്ടത്തിൽ തന്നെയുള്ള ചികിത്സയും ശ്രദ്ധയും അപകടം ഒഴിവാക്കാവുന്നതാണ്.
എന്താണ് വൃക്കയിലെ കല്ലുകൾ?
വൃക്കയിലെ കല്ലുകൾ കാൽസ്യം (Calcium), യൂറിക് ആസിഡ് (Urik Acid) തുടങ്ങിയ ധാതുക്കളുടെയും (Minerals) ഉപ്പിന്റെയും (Salt) ശേഖരമായാണ് രൂപപ്പെടുന്നത്. അമിതവണ്ണം, അനിയന്ത്രിതമായ ജീവിതശൈലി എന്നിവ ഇതിന് കാരണമാകാം.
ലക്ഷണങ്ങൾ
* മൂത്രം ഒഴിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട്, കഠിനമായ വേദന
* അടിവയറ്റിലെ ശക്തമായ വേദന
* പുറകിലോ ഒരു വശത്തോ പെട്ടെന്ന് ഉണ്ടാകുന്ന വേദന
* ഓക്കാനം, ചർദി
* മൂത്രത്തിന്റെ (Urine) നിറത്തിൽ ഉണ്ടാകുന്ന വ്യത്യാസം. പിങ്ക്, തവിട്ട് അല്ലെങ്കിൽ ചുവപ്പ് നിറത്തിലാവുക
* പെട്ടന്നുണ്ടാകുന്ന വിറയലും പനിയും
എങ്ങനെയാണ് കണ്ടെത്തുന്നത്?
സിടി സ്കാൻ പോലുള്ള ഇമേജിങ് പരിശോധനകളിലൂടെ വൃക്കയിലെ കല്ലുകൾ എളുപ്പത്തിൽ കണ്ടെത്താം. കല്ലിന്റെ വലുപ്പം, ആകൃതി, സ്ഥാനം എന്നിവയെല്ലാം ഈ പരിശോധനകളിലൂടെ കൃത്യമായി മനസ്സിലാക്കാം. കല്ലിന്റെ വലുപ്പം, സ്ഥാനം, രോഗിയുടെ ആരോഗ്യനില എന്നിവയെ ആശ്രയിച്ചിരിക്കും ചികിത്സ. ചെറിയ കല്ലുകൾ സ്വയം പുറത്തേക്ക് പോകാറുണ്ട്. എന്നാൽ വലിയ കല്ലുകൾക്ക് ശസ്ത്രക്രിയ അല്ലെങ്കിൽ മറ്റ് ചികിത്സാ രീതികൾ ആവശ്യമായി വന്നേക്കാം.
തടയാനാകും
വൃക്കയിലെ കല്ലുകൾ പൂർണമായും തടയാൻ കഴിയണമെങ്കിൽ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരണം.
* ധാരാളം വെള്ളം കുടിക്കുക: ദിവസം 2-3 ലിറ്റർ വെള്ളം കുടിക്കുന്നത് കല്ലുകൾ രൂപപ്പെടുന്നത് തടയാൻ സഹായിക്കും.
* ആരോഗ്യകരമായ ഭക്ഷണം: കാൽസ്യം, സോഡിയം എന്നിവ കുറഞ്ഞ ഭക്ഷണം കഴിക്കുക.
* ശാരീരിക പ്രവർത്തനം: ദിവസവും വ്യായാമം ചെയ്യുക.
* ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക
ഓർമ്മിക്കുക
വൃക്കയിലെ കല്ലുകൾ അവഗണിക്കരുത്. പ്രാരംഭ ഘട്ടത്തിൽ തന്നെ ചികിത്സ തേടിയാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാം. ഈ വിവരങ്ങൾ പൊതു വിവരണത്തിനും അറിവിനുമായി മാത്രം നൽകിയിരിക്കുന്നതാണ്. ഏതെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ ഉടൻ ഡോക്ടറെ സമീപിക്കുക.