കാൻസർ പ്രതിരോധത്തിന് പുത്തൻ ഉണർവ്: പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് വാക്സിൻ


● ഒരാഴ്ചക്കകം അന്തിമ തീരുമാനമുണ്ടാകും.
● 9-14 വയസ്സിൽ വാക്സിൻ ഫലപ്രദം.
● 26 വയസ്സുവരെ വാക്സിൻ നൽകാം.
● 17 ലക്ഷം പേർക്ക് സ്ക്രീനിംഗ് നടത്തി.
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് ഗർഭാശയഗള കാൻസർ പ്രതിരോധത്തിനായി പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥിനികൾക്ക് എച്ച്പിവി (HPV) വാക്സിനേഷൻ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതിനായി ഒരാഴ്ചയ്ക്കുള്ളിൽ ടെക്നിക്കൽ കമ്മിറ്റി യോഗം ചേർന്ന് വാക്സിൻ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. സ്ത്രീകളെ ഏറ്റവുമധികം ബാധിക്കുന്ന കാൻസറുകളിലൊന്നാണ് ഗർഭാശയഗള കാൻസർ. 9 മുതൽ 14 വയസ്സുവരെയാണ് എച്ച്പിവി വാക്സിൻ ഏറ്റവും ഫലപ്രദം. അതേസമയം, 26 വയസ്സുവരെ ഈ വാക്സിൻ നൽകാവുന്നതാണ്. വാക്സിൻ ഉപയോഗിച്ച് പ്രതിരോധിക്കാൻ സാധിക്കുന്ന കാൻസറാണിത്. ഇത് മുന്നിൽ കണ്ടാണ് മുഖ്യമന്ത്രിയുടെ നിർദേശാനുസരണം സംസ്ഥാനം ഈ സുപ്രധാന തീരുമാനമെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.

കാൻസർ മുക്ത കേരളത്തിനായുള്ള ശ്രമങ്ങൾ
'ഗർഭാശയഗള കാൻസർ മുക്ത കേരളം' എന്ന ലക്ഷ്യം കൈവരിക്കാനായി സംസ്ഥാനം വലിയ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. എച്ച്പിവി വാക്സിനേഷനെക്കുറിച്ചുള്ള അവബോധ ക്യാമ്പയിനും സംഘടിപ്പിക്കും. ടെക്നിക്കൽ കമ്മിറ്റിയുടെ മാർഗനിർദേശമനുസരിച്ചായിരിക്കും അവബോധ സന്ദേശങ്ങൾ തയ്യാറാക്കുക. പ്ലസ് വൺ, പ്ലസ് ടു തലത്തിലെ കുട്ടികളായതിനാൽ സ്കൂൾ തലത്തിൽ പ്രത്യേക അവബോധം നൽകും. ഇതിനൊപ്പം രക്ഷിതാക്കൾക്കും ബോധവൽക്കരണം നൽകുന്നതാണ്.
ആരോഗ്യ വകുപ്പിന്റെ കാൻസർ പ്രതിരോധ പ്രവർത്തനങ്ങൾ
കാൻസർ പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ശക്തമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. കാൻസർ കെയർ ഗ്രിഡ് രൂപീകരിച്ച് രോഗനിർണയവും ചികിത്സയും ഏകോപിപ്പിച്ചു. കാൻസർ പ്രതിരോധത്തിന്റെ ഭാഗമായി 'ആരോഗ്യം ആനന്ദം അകറ്റാം അർബുദം' എന്ന ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിൻ ആരംഭിച്ചു. ഇതിലൂടെ 17 ലക്ഷത്തിലധികം പേർ സ്‌ക്രീനിംഗ് നടത്തി. ക്യാമ്പയിൻ കൂടുതൽ ശക്തിപ്പെടുത്താൻ മന്ത്രി നിർദേശം നൽകി.
ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, എസ്.എച്ച്.എ. എക്സിക്യൂട്ടീവ് ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, എംസിസി, സിസിആർസി ഡയറക്ടർമാർ, ആർസിസി ഗൈനക്കോളജി വിഭാഗം മേധാവി, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാർ, ആരോഗ്യ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ഉന്നതതല യോഗത്തിൽ പങ്കെടുത്തു.
ഗർഭാശയഗള കാൻസർ വാക്സിനേഷനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്?
Article Summary: Kerala to provide HPV vaccine to Plus One, Plus Two girls.
#HPVVaccine #CervicalCancer #KeralaHealth #CancerPrevention #VeenaGeorge #HealthInitiative