Healthcare | തെളിവധിഷ്ഠിത ഗവേഷണത്തിലൂടെ മുന്നേറാനാകണം; 4 പുതിയ സിദ്ധ വര്‍മ്മ യൂണിറ്റുകളും 2 സ്പെഷ്യാലിറ്റി ക്ലിനിക്കുകളും ഈ വര്‍ഷം പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ്

 
Kerala Government to Expand Siddha Medicine Facilities
Kerala Government to Expand Siddha Medicine Facilities

Photo Credit: PRD Kerala

● കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങളിലൂടെ പാരമ്പര്യ വൈദ്യശാസ്ത്രം ജനകീയമാകണം.
● ചെന്നൈ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധയുമായി ചേര്‍ന്ന് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും.
● സിദ്ധയെ ജനകീയമാക്കുന്നതിന് സൂക്ഷമങ്ങളായ പ്രവര്‍ത്തനങ്ങള്‍ ആവശ്യം.

തിരുവനന്തപുരം: (KVARTHA) തെളിവധിഷ്ഠിതമായ ഗവേഷണത്തിലൂടെ സിദ്ധ വൈദ്യശാസ്ത്രത്തിന് മുന്നേറാനാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങളിലൂടെ പാരമ്പര്യ വൈദ്യശാസ്ത്രം ജനകീയമാകുകയും വേണമെന്ന് സിദ്ധ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. 

ഏത് വൈദ്യശാസ്ത്രത്തിലും ഗവേഷണം വളരെ പ്രധാനമാണ്. ഭാരതീയ ചികിത്സാ ശാസ്ത്രത്തിന് കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. അതിനുതകുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. വെല്‍നസിനായും ചികിത്സയ്ക്കായും ആഗോളതലത്തില്‍ നിന്നും ധാരാളം പേര്‍ കേരളത്തിലെത്തുന്നുണ്ട്. കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കുമ്പോള്‍ അതില്‍ ആയുഷിന്റെ എല്ലാ മേഖലയേയും പരിഗണിക്കും. 

4 പുതിയ സിദ്ധ വര്‍മ്മ യൂണിറ്റുകളും ജീവിതശൈലി രോഗ നിവാരണത്തിനുള്ള 2 സ്പെഷ്യാലിറ്റി ക്ലിനിക്കുകളും ഈ വര്‍ഷം പ്രവര്‍ത്തനമാരംഭിക്കുന്നതാണ്. ചെന്നൈ ആസ്ഥാനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധയുമായി ചേര്‍ന്ന് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. എട്ടാമത് സിദ്ധ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം പൂജപ്പുര സരസ്വതീ മണ്ഡപത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഭാരതീയ ചികിത്സ സമ്പ്രദായങ്ങളില്‍ ഏറ്റവും പഴക്കം ചെന്നതും ദക്ഷിണ ഭാരതത്തില്‍ പ്രചാരത്തില്‍ ഉള്ളതുമായ വൈദ്യ ശാസ്ത്രമാണ് സിദ്ധ വൈദ്യം. സിദ്ധ വൈദ്യശാസ്ത്രത്തിന് കാലഘട്ടത്തിന് അനുസൃതമായുള്ള ജനകീയ അടിത്തറയും മുന്നോട്ട് പോക്കും ആവശ്യമാണ്. വര്‍ത്തമാന കാലഘട്ടത്തില്‍ സിദ്ധയെ ജനകീയമാക്കുന്നതിന് സൂക്ഷമങ്ങളായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. അതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് അടിസ്ഥാന സൗകര്യ വികസനങ്ങളൊരുക്കുകയും ഗവേഷണത്തിന് പിന്തുണ നല്‍കുകയും ചെയ്തു.

സിദ്ധ പരമാവധി ജനകീയമാക്കുന്ന കര്‍മ്മപരിപാടി ആവിഷ്‌കരിച്ചിട്ടുണ്ട്. ഭാരതീയ ചികിത്സാ വകുപ്പിന്റെ 20 കിടക്കകളോട് കൂടിയ ആശുപത്രി, 6 ഡിസ്‌പെന്‍സറികള്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്റെ കീഴില്‍ 28 സ്ഥാപനങ്ങള്‍, നാഷണല്‍ ആയുഷ് മിഷന്റെ കീഴില്‍ 3 ട്രൈബല്‍ യൂണിറ്റുകള്‍, ഭാരതീയ ചികിത്സാ വകുപ്പിന്റെ ആശുപത്രികളില്‍ 10 അറ്റാച്ച്ഡ് യൂണിറ്റുകള്‍, 3 ഇന്റഗ്രേറ്റഡ് ആയുഷ് മെഡിക്കല്‍ യൂണിറ്റുകള്‍ എന്നിവ സംസ്ഥാനത്ത് സിദ്ധ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സ്ത്രീകളും പെണ്‍കുട്ടികളും അഭിമുഖീകരിക്കുന്ന വിളര്‍ച്ചാ രോഗം, ഇതര സ്ത്രീരോഗങ്ങള്‍ എന്നിവ അകറ്റി ആരോഗ്യ പൂര്‍ണമായ ഭാവി തലമുറ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടു കൂടി ഭാരതീയ ചികിത്സാ വകുപ്പും നാഷണല്‍ ആയുഷ് മിഷനും ചേര്‍ന്ന് 'മഗളിര്‍ ജ്യോതി' എന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി മലപ്പുറം, പാലക്കാട് എന്നീ ജില്ലകളില്‍ ഈ പദ്ധതി വിജയകരമായി നടപ്പിലാക്കി വരുന്നു. അസ്ഥി സന്ധി രോഗ ചികിത്സക്കായി 3 സിദ്ധ വര്‍മ യൂണിറ്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. സിദ്ധ വിഭാഗത്തിലെ പാലിയേറ്റിവ് കെയര്‍ യൂണിറ്റ് ആലപ്പുഴ മണ്ണഞ്ചേരിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.

നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭാരതീയ ചികിത്സ വകുപ്പ് ഡയറക്ടര്‍ ഡോ. പ്രിയ കെ.എസ്, ഹോമിയോപ്പതി വകുപ്പ് വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. ബീന എം.പി., ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ടി.ഡി. ശ്രീകുമാര്‍, ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് പിസിഒ ഡോ. ടി.കെ. വിജയന്‍, ഭാരതീയ ചികിത്സ വകുപ്പ് ജോ. ഡയറക്ടര്‍ ഡോ. പി.ആര്‍. സലജ കുമാരി, സിദ്ധ പ്രാദേശിക ഗവേഷണ കേന്ദ്രം, പൂജപ്പുര റിസര്‍ച്ച് ഓഫീസര്‍ (സിദ്ധ) & ഇന്‍ ചാര്‍ജ് ഡോ. നടരാജന്‍ എസ് , തിരുവനന്തപുരം ഐഎസ്എം ഡിഎംഒ ഇന്‍ ചാര്‍ജ് ഡോ. അജിത അതിയേടത്ത്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ തിരുവനന്തപുരം ഡിപിഎം ഡോ. ആശ വിജയന്‍, ദേശീയ ആയുഷ് മിഷന്‍ സംസ്ഥാന പ്രോഗ്രാം മാനേജര്‍മാരായ ഡോ. ജയനാരായണന്‍. ആര്‍, ഡോ. സജി പി.ആര്‍. എന്നിവര്‍ പങ്കെടുത്തു.

#Siddhamedicine, #Kerala, #Ayurveda, #health, #wellness, #traditionalmedicine, #research, #governmentinitiative

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia