മിന്നൽ നീക്കം, വൻ തിരിച്ചടി; വ്യാജ സൗന്ദര്യവർധക വസ്തുക്കൾ വിറ്റവർ കുടുങ്ങി


● തലശ്ശേരി ഡ്യൂട്ടി ഫ്രീ ഷോപ്പിന് 75,000 രൂപ പിഴ.
● കൊടുങ്ങല്ലൂരിലെ സ്ഥാപനത്തിന് 10,000 രൂപ പിഴയും തടവും.
● തൃപ്പൂണിത്തുറയിലെ മെഡിക്കൽസിന് തടവും പിഴയും.
● കാലാവധി കഴിഞ്ഞ മരുന്നുകൾ വിറ്റവർക്കെതിരെയും നടപടി.
● ലൈസൻസില്ലാതെ മരുന്ന് വിറ്റവർക്കെതിരെ കേസെടുത്തു.
തിരുവനന്തപുരം: (KVARTHA) ജനങ്ങൾക്ക് സുരക്ഷിതവും ഫലപ്രാപ്തിയുള്ളതും ഗുണനിലവാരമുള്ളതുമായ മരുന്നുകളും സൗന്ദര്യവർധക വസ്തുക്കളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ച് വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ നേതൃത്വത്തിൽ ജൂൺ, ജൂലൈ മാസങ്ങളിലായി 8 പ്രത്യേക ഡ്രൈവുകളാണ് നടത്തിയത്. നിയമം ലംഘിച്ചവർക്കെതിരെ ഡ്രഗ്‌സ് & കോസ്‌മെറ്റിക്‌സ് നിയമപ്രകാരവും വകുപ്പിന്റെ അധികാരപരിധിയിൽ വരുന്ന മറ്റ് അനുബന്ധ നിയമങ്ങൾ പ്രകാരവും നടപടികൾ സ്വീകരിച്ച് വരികയാണ്. മാത്രമല്ല, ഈ കേസുകൾ കോടതി മുമ്പാകെ എത്തിച്ച് ശിക്ഷാനടപടികളും സ്വീകരിക്കാനായിട്ടുണ്ട്.

ഓപ്പറേഷൻ സൗന്ദര്യ; പിഴയും തടവും വിധിച്ച് കോടതികൾ
ഓപ്പറേഷൻ സൗന്ദര്യയുടെ രണ്ടാം ഘട്ടത്തിൽ മിസ്ബ്രാന്റഡ് കോസ്‌മെറ്റിക്‌സ് വിൽപന നടത്തിയതിന് തലശ്ശേരി എമിറേറ്റ്‌സ് ഡ്യൂട്ടി ഫ്രീ ഡിസ്‌കൗണ്ട് ഷോപ്പിനെതിരെ 2024-ൽ ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് ഫയൽ ചെയ്ത കേസിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, തലശ്ശേരി, പ്രതികൾക്ക് ഓരോരുത്തർക്കും 15,000 രൂപ വീതം ആകെ 75,000 രൂപ പിഴ അടയ്ക്കുന്നതിന് ശിക്ഷ വിധിച്ചു.
അതേസമയം, ഓപ്പറേഷൻ സൗന്ദര്യയുടെ രണ്ടാം ഘട്ടത്തിൽ മിസ്ബ്രാന്റഡ് കോസ്‌മെറ്റിക്‌സ് വിൽപന നടത്തിയതിന് കൊടുങ്ങല്ലൂർ ന്യൂ ലൗലി സെന്റർ ഷോപ്പിനെതിരെ 2024-ൽ ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് ഫയൽ ചെയ്ത കേസിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, കൊടുങ്ങല്ലൂർ, പ്രതികൾക്ക് 10,000 രൂപ പിഴയും കോടതി പിരിയും വരെ തടവ് ശിക്ഷയും വിധിച്ചു.
എറണാകുളം എഡിസി ഓഫീസിൽ ലഭിച്ച 'മരുന്ന് മാറി നൽകി' എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് സ്വീകരിച്ച നടപടികളുടെ ഭാഗമായി എറണാകുളം തൃപ്പൂണിത്തുറ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ കേസിൽ മറിയാ മെഡിക്കൽസ്, സ്റ്റാച്യു ജംഗ്ഷൻ, തൃപ്പൂണിത്തുറ എന്ന സ്ഥാപനത്തിനും അതിന്റെ പാർട്‌ണേഴ്‌സിനും ഒരു വർഷം തടവും 20,000 രൂപ പിഴയും വിധിച്ചു.
ജൂൺ, ജൂലൈ മാസങ്ങളിലെ പ്രധാന പരിശോധനകൾ
കാലാവധി കഴിഞ്ഞ മരുന്നുകൾ രോഗികൾക്ക് നൽകിയതിനെ തുടർന്ന് കോഴിക്കോട് മാറാട് മെഡിക്കൽ സെന്റർ എന്ന സ്ഥാപനത്തിനെതിരെയും കുറ്റകൃത്യം നടത്തിയ ഡോക്ടർക്കെതിരേയും ഡ്രഗ്‌സ് കൺട്രോൾ വിഭാഗം നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. മതിയായ ഡ്രഗ്‌സ് ലൈസൻസുകൾ ഇല്ലാതെ അലോപ്പതി മരുന്നുകൾ വാങ്ങി വിൽപന നടത്തിയത് കണ്ടെത്തിയതിനെ തുടർന്ന് കോട്ടയം ചിങ്ങവനത്ത് പ്രവർത്തിക്കുന്ന കല്യാൺ ഹോമിയോ മെഡിക്കൽസ് എന്ന സ്ഥാപന ഉടമയായ ഹോമിയോ ഡോക്ടർക്കെതിരെ നിയമനടപടി സ്വീകരിച്ചു.
ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ നാർക്കോട്ടിക്, ആന്റിബയോട്ടിക് ഉൾപ്പെടെയുള്ള മരുന്നുകൾ വിൽപന നടത്തിയ കണ്ണൂർ തളിപ്പറമ്പ് പ്രവർത്തിച്ചിരുന്ന അറഫ മെഡിക്കൽസിനെതിരെ നിയമനടപടികൾ സ്വീകരിച്ചു. യാതൊരു രേഖകളുമില്ലാതെ ലൈംഗിക ഉത്തേജക മരുന്നുകൾ ഭീമമായ അളവിലാണ് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്നത്. കോട്ടയം ജില്ലയിൽ മെഫെന്റർമൈൻ സൾഫേറ്റ് ഇൻജക്ഷൻ അനധികൃതമായി വാഹനത്തിൽ കടത്തിക്കൊണ്ടുപോയത് കണ്ടെത്തി. 60,000 രൂപ വിലവരുന്ന മരുന്നുകൾ കസ്റ്റഡിയിൽ എടുത്ത് നിയമനടപടി സ്വീകരിച്ചു.
തൃശ്ശൂർ ജില്ലയിൽ ആലപ്പാട് കേന്ദ്രീകരിച്ച് മതിയായ ഡ്രഗ്‌സ് ലൈസൻസുകൾ ഇല്ലാതെ പ്രവർത്തിച്ചത് കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപന ഉടമയ്‌ക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു. ഇടുക്കി ജില്ലയിൽ നെടുങ്കണ്ടം ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന സെന്റ് ജോർജ് സ്റ്റോഴ്‌സ് എന്ന സ്റ്റേഷനറി സ്ഥാപനത്തിൽ അനധികൃതമായി ഷെഡ്യൂൾ എച്ച് വിഭാഗത്തിൽ ഉൾപ്പെടുന്ന മരുന്നുകൾ വിൽപനയ്ക്കായി സ്റ്റോക്ക് ചെയ്തിരുന്നതിനെ തുടർന്ന് സ്ഥാപന ഉടമയ്‌ക്കെതിരെ ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് നിയമ നടപടി സ്വീകരിച്ചു. തൊടുപുഴ കരിക്കോട് ഒരു വീട്ടിൽ അനധികൃതമായി മെഫെന്റർമൈൻ സൾഫേറ്റ് ഇൻജക്ഷൻ സൂക്ഷിച്ചിരുന്നതിനെ തുടർന്ന് ഉടമയ്‌ക്കെതിരെ ഡ്രഗ്‌സ് ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നിയമ നടപടി സ്വീകരിച്ചു.
എറണാകുളം ജില്ല ഡ്രഗ്‌സ് ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇടുക്കി മൂലമറ്റം ഗൗതം കൃഷ്ണ എന്ന വ്യക്തിയുടെ വീട്ടിൽ മെഫെന്റർമൈൻ സൾഫേറ്റ് ഇൻജക്ഷൻ അനധികൃതമായി സൂക്ഷിച്ചിരുന്നത് കണ്ടെത്തിയതിനെ തുടർന്ന് ഇടുക്കി ഡ്രഗ്‌സ് ഇൻസ്‌പെക്ടർ നിയമനടപടി സ്വീകരിച്ചു.
വ്യാജ മരുന്നുകൾക്കും സൗന്ദര്യവർധക വസ്തുക്കൾക്കുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?
Article Summary: Court upholds action against fake cosmetics and drug sellers.
#KeralaHealth #DrugControl #FakeCosmetics #VeenaGeorge #ConsumerSafety #LegalAction