SWISS-TOWER 24/07/2023

കാർഡിയോളജി, നെഫ്രോളജി, ഓങ്കോളജി: കണ്ണൂരിൽ പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്

 
New super specialty block building at Kannur District Hospital.
New super specialty block building at Kannur District Hospital.

Photo: Special Arrangement

● അഞ്ച് നിലകളിലായി കാർഡിയോളജി, ഓങ്കോളജി ഒ.പി.കളുണ്ട്.
● മൂന്ന് ഓപ്പറേഷൻ തിയേറ്ററുകളും ഡയാലിസിസ് യൂണിറ്റും സജ്ജമാണ്.
● 'ആർദ്രം' മിഷനിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്.
● ദിവസവും 3000-ത്തിലധികം രോഗികൾ ആശുപത്രിയിൽ എത്തുന്നുണ്ട്.

കണ്ണൂർ: (KVARTHA) ജില്ലയിലെ പൊതുജനാരോഗ്യരംഗത്ത് ശ്രദ്ധേയമായ ചുവടുവെപ്പായി കണ്ണൂർ ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഓഗസ്റ്റ് 11ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആരോഗ്യം, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷയാവും. നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ, രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ വിശിഷ്ടാതിഥികളാകും. 

Aster mims 04/11/2022

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്നകുമാരി സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് എം.കെ. റിപ്പോർട്ട് അവതരിപ്പിക്കും. എം.പി.മാരായ കെ. സുധാകരൻ, ഡോ. വി. ശിവദാസൻ, അഡ്വ. സന്തോഷ് കുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ സംബന്ധിക്കും.

അഞ്ച് നിലകളുള്ള കെട്ടിടത്തിൽ കാർഡിയോളജി, നെഫ്രോളജി, ഓങ്കോളജി ഒ.പി.കളുണ്ടെന്നും മൂന്ന് ഓപ്പറേഷൻ തിയേറ്ററുകൾ, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, മെഡിക്കൽ ഐ.സി.യു, സർജിക്കൽ ഐ.സി.യു, ഡയാലിസിസ് യൂണിറ്റ് എന്നിവയും വിവിധ നിലകളിലായി 23 എക്‌സിക്യൂട്ടീവ് പേ വാർഡുകളും പ്രവർത്തനസജ്ജമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്നകുമാരി ജില്ലാ ആശുപത്രിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

'ആർദ്രം' മിഷനിൽ ഉൾപ്പെടുത്തി കണ്ണൂർ ജില്ലാ ആശുപത്രി വികസനത്തിന്റെ ഒന്നാം ഘട്ടത്തിലാണ് പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമാണം ഉൾപ്പെടുത്തിയത്. 61.72 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് അഞ്ച് നിലകളിലാണ് കെട്ടിടം നിർമിച്ചത്. സിവിൽ ജോലികൾക്ക് 39.8 കോടിയും ഇലക്ട്രിക്കൽ ജോലികൾക്ക് 21.9 കോടി രൂപയുമാണ് ചെലവഴിച്ചത്. 

ബി.എസ്.എൻ.എൽ ആണ് സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ. പി ആൻഡ് സി പ്രൊജക്ട്‌സ് ആണ് നിർമാണം നടത്തിയത്. ശുദ്ധജല ശേഖരണ സംവിധാനം, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ആന്തരിക റോഡുകൾ, കോമ്പൗണ്ട് വാൾ എന്നിവയും നിർമിച്ചിട്ടുണ്ട്. രണ്ട് ലിഫ്റ്റുകളും പുതുതായി പ്രവർത്തനമാരംഭിച്ചു.

അഞ്ച് നിലകൾക്കും 1254 ചതുരശ്ര മീറ്റർ വീതം വിസ്തീർണമുണ്ട്. ഏറ്റവും താഴത്തെ നിലയിൽ സ്വീകരണമുറി, വാഹന പാർക്കിങ്, 110 കെ.വി. സബ്സ്റ്റേഷൻ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. ഒന്നാം നിലയിൽ 150 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന കാത്തിരിപ്പ് ലോഞ്ചോടുകൂടിയ ഒമ്പത് ഒ.പി. കൺസൾട്ടേഷൻ റൂമുകൾ, യു.പി.എസ് റൂം, ഫാർമസി, ടോയ്‌ലെറ്റുകൾ തുടങ്ങിയവ ഉൾപ്പെടുന്നു.

രണ്ടാം നിലയിൽ മൂന്ന് മോഡുലാർ ഓപ്പറേഷൻ തിയേറ്ററുകളാണ് ഉള്ളത്. ഇതിൽ ഒ.ടി. സ്റ്റോർ, നഴ്സിങ് സ്റ്റേഷൻ, ഡോക്ടറുടെ മുറി, പ്രീ-അനസ്തേഷ്യ റൂം എന്നിവയുണ്ടാവും. മെഡിക്കൽ, സർജിക്കൽ ഐ.സി.യു, കാത്തിരിപ്പ് സ്ഥലം, നഴ്സ് റൂം, അനസ്തേഷ്യ കൺസൾട്ടേഷൻ റൂം, ടോയ്‌ലെറ്റുകൾ എന്നിവയുമുണ്ടാകും.

മൂന്നാം നിലയിൽ 30 കിടക്കകൾ വീതമുള്ള ജനറൽ വാർഡും 22 മെഷീനുകളോടുകൂടിയ ഡയാലിസിസ് യൂണിറ്റും സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ കാത്തിരിപ്പ് കേന്ദ്രം, പോസ്റ്റ് ഡയാലിസിസ് റൂം, അഞ്ച് പേ വാർഡുകൾ, പെരിറ്റോണിയൽ ഡയാലിസിസ് റൂം, സ്റ്റോർ സംവിധാനങ്ങൾ എന്നിവയും ഉൾപ്പെടുന്നു. നാലാം നിലയിൽ 30 കിടക്കകളുള്ള ജനറൽ വാർഡും നഴ്സിങ് സ്റ്റേഷനും ടോയ്‌ലെറ്റുകളും ഒരുക്കിയിരിക്കുന്നു.

സൈറ്റ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി മലിനജല ശുദ്ധീകരണ പ്ലാന്റ്, എസ്.ടി.പി.യുമായി ബന്ധിപ്പിച്ച പുതിയ ഡ്രെയിനേജ് സിസ്റ്റം, മാൻഹോളുകൾ, പൈപ്പ് ലൈൻ ശൃംഖല, 1,30,000 ലിറ്ററിന്റെ ഓവർഹെഡ് ടാങ്ക് എന്നിവയും പൂർത്തിയാക്കി. 

അഗ്‌നിശമന സംവിധാനങ്ങൾ, ഗാർഹിക ആവശ്യങ്ങൾ, മഴവെള്ള സംഭരണം എന്നിവയ്ക്കായി ഒമ്പത് ലക്ഷം ലിറ്ററിന്റെ ഭൂഗർഭ സംപ്, ജീവനക്കാർക്കുള്ള പാർക്കിങ് സൗകര്യം, ഇന്റർലോക്ക് പാകിയ റോഡുകളും സ്ട്രെച്ചർ പാതകളും, ആർ.സി.സി. ഡ്രെയിനുകൾ, എസ്.എസ്. ബ്ലോക്കിനുള്ള കേന്ദ്രീകൃത മെഡിക്കൽ ഗ്യാസ് പൈപ്പിങ് സിസ്റ്റം (എം.ജി.പി.എസ്.) എന്നിവയും പൂർത്തീകരിച്ചു.

നിലവിൽ പ്രവർത്തിച്ചുവരുന്ന സർജിക്കൽ ബ്ലോക്ക്, ട്രോമാ കെയർ, അഡ്മിൻ ബ്ലോക്ക്, അമ്മയും കുഞ്ഞും പരിചരണ ബ്ലോക്ക് എന്നിവയ്ക്കുള്ള സബ് പാനലുകളും പ്രവർത്തനസജ്ജമാണ്. പ്രതിദിനം മൂവായിരത്തിലേറെ രോഗികളാണ് ജില്ലാ ആശുപത്രിയിലെ 16 ഒ.പി.കളിലായി എത്തുന്നത്.

വിവിധ സ്പെഷ്യാലിറ്റി സേവനങ്ങൾ രോഗീ സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഒരുക്കിയിരിക്കുന്നത്. ജനറൽ മെഡിസിൻ, ജനറൽ സർജറി, ഓർത്തോ, ഗൈനക്, ഡെന്റൽ, സൈക്യാട്രി, നെഫ്രോളജി, കാർഡിയോളജി, ചെസ്റ്റ്, ഇ.എൻ.ടി., സ്കിൻ, പീഡിയാട്രിക്, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ തുടങ്ങിയ ഒ.പി.കൾക്കു പുറമേ കൗമാര ക്ലിനിക്, ജീവിതശൈലീ രോഗ ക്ലിനിക്, ട്രോമാകെയർ, ബ്ലഡ് ബാങ്ക് എന്നിവയും മികച്ച നിലയിൽ പ്രവർത്തിക്കുന്നു.

വാർത്താസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ അഡ്വ. ടി. സരള, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം.കെ. ഷാജ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ, ഡോ. പി.കെ. അനിൽകുമാർ, ആർ.എം.ഒ. ഡോ. സുമിൻ മോഹൻ തുടങ്ങിയവർ പങ്കെടുത്തു.

കണ്ണൂരിന്റെ ആരോഗ്യമേഖലയിൽ വലിയൊരു മാറ്റത്തിന് വഴിയൊരുക്കുന്ന ഈ വാർത്ത നിങ്ങൾ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കൂ.

Article Summary: Inauguration of a new super-specialty block at Kannur District Hospital.

#Kannur #KeralaHealth #Hospital #PinarayiVijayan #VeenaGeorge #HealthCare

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia