'ച്യൂയിങ് ഗം സുയിപ്പാണ്' മൈക്രോ പ്ലാസ്റ്റിക് ബോധവത്കരണ പദ്ധതിക്ക് തുടക്കം

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഓരോ ച്യൂയിങ് ഗമ്മിലൂടെയും ആയിരക്കണക്കിന് മൈക്രോ പ്ലാസ്റ്റിക്കുകൾ ശരീരത്തിലെത്തുന്നു.
● മൈക്രോ പ്ലാസ്റ്റിക്കുകൾ നാഡീവ്യവസ്ഥയെ ബാധിച്ച് മറവിരോഗം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും.
● പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. എം.കെ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പഠന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് രൂപം നൽകിയത്.
● പോളി എത്തിലിൻ, പോളി വിനെയിൽ അസറ്റെയ്റ്റ് തുടങ്ങിയ സിന്തറ്റിക് പോളിമറുകൾ ച്യൂയിങ് ഗമ്മിൽ അടങ്ങിയിട്ടുണ്ട്.
● വിദ്യാലയങ്ങളിൽ ച്യൂയിങ് ഗം നിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി ബ്ലോക്ക് പഞ്ചായത്ത് മുന്നോട്ട് പോകുന്നു.
കണ്ണൂർ: (KVARTHA) ഓരോ ച്യൂയിങ് ഗം ചവയ്ക്കുമ്പോഴും ആയിരക്കണക്കിന് മൈക്രോ പ്ലാസ്റ്റിക്കുകൾ (Micro Plastics-അതിസൂക്ഷ്മ പ്ലാസ്റ്റിക് കണികകൾ) മനുഷ്യ ശരീരത്തിലെത്തുന്നുവെന്ന് പഠനങ്ങൾ. ഈ മൈക്രോ പ്ലാസ്റ്റിക്കുകൾ നാഡീവ്യവസ്ഥയെ തന്നെ ബാധിക്കുമെന്നും മറവിരോഗം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നും പഠന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഈ ഭീഷണിക്കെതിരായ അവബോധം വളർത്താൻ ലക്ഷ്യമിട്ടാണ് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് 'ച്യൂയിങ് ഗം സുയിപ്പാണ്' എന്ന പേരിൽ മൈക്രോ പ്ലാസ്റ്റിക്ക് രണ്ടാംഘട്ട പദ്ധതി ആരംഭിക്കുന്നത്.

പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. എം.കെ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പഠന സംഘമാണ് കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിനുവേണ്ടി മൈക്രോ പ്ലാസ്റ്റിക്കിനെ കുറിച്ചുള്ള വിശദമായ പഠനം നടത്തിയത്. ഈ പഠന റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ് വിവിധങ്ങളായ പദ്ധതികൾക്ക് ബ്ലോക്ക് പഞ്ചായത്ത് രൂപം നൽകിയിട്ടുള്ളത്. മൈക്രോ പ്ലാസ്റ്റിക് മണ്ണിലും വിണ്ണിലും മനുഷ്യരിലും ഉണ്ടാക്കുന്ന ആഘാതത്തെ കുറിച്ചുള്ളതായിരുന്നു കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ആദ്യം തയ്യാറാക്കിയ പദ്ധതി.
ശരീരത്തിനും പ്രകൃതിക്കും വിനാശകരം
പോളി എത്തിലിൻ (Polyethylene), പോളി വിനെയിൽ അസറ്റെയ്റ്റ് (Polyvinyl Acetate) തുടങ്ങിയ സിന്തറ്റിക് പോളിമറുകൾ (Synthetic Polymers-കൃത്രിമമായി നിർമ്മിക്കുന്ന പദാർത്ഥങ്ങൾ) അടങ്ങിയതാണ് ച്യൂയിങ് ഗം. ഇത് ശാരീരികമായ പ്രയാസങ്ങൾക്ക് പുറമെ പ്രകൃതിക്കും ജലത്തിനും വിനാശകരമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ച്യൂയിങ് ഗമ്മിൽ അടങ്ങിയ മൈക്രോപ്ലാസ്റ്റിക്കുകളും നിറത്തിനായി ഉപയോഗിക്കുന്ന രാസവസ്തുക്കളും ഉമിനീരിലൂടെ ആമാശയത്തിൽ എത്തുക വഴി മാരകമായ രോഗങ്ങൾക്ക് ഇടയാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. കുട്ടികളും മുതിർന്നവരും പല തരത്തിലും നിറങ്ങളിലുമുള്ള ച്യൂയിങ് ഗം ഉപയോഗിച്ചു വരുന്നതായി പഠനങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് ഈ ബോധവത്കരണ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്.
ച്യൂയിങ് ഗം മനുഷ്യശരീരത്തിലും പ്രകൃതിക്കും ഉണ്ടാക്കുന്ന മാരകമായ ആഘാതത്തിനെതിരെയുള്ള സന്ദേശം പ്രചരിപ്പിക്കുന്നതിനുള്ള വിവിധ പരിപാടികൾ പദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷനുമായി ചേർന്ന് സംഘടിപ്പിക്കും. പദ്ധതി പ്രവർത്തനത്തിന്റെ ഭാഗമായി ബ്ലോക്ക് പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽ ഒക്ടോബർ ഏഴ് മുതൽ ബോധവത്കരണമടക്കമുള്ള വ്യത്യസ്ത പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. വിദ്യാലയങ്ങളിൽ ച്യൂയിങ് ഗം നിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനുള്ള ശ്രമത്തിലാണ് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്.
പദ്ധതി പ്രവർത്തനങ്ങളുടെ വിജയത്തിനായുള്ള ആസൂത്രണ യോഗത്തിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സി ജിഷ, വൈസ് പ്രസിഡന്റ് അബ്ദുൾ നിസാർ വായപ്പറമ്പ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സീമ കുഞ്ചാൽ, ഹരിത കേരള മിഷൻ റിസോഴ്‌സ് പേഴ്സൺ ശ്രീരാഗ് രമേഷ് എന്നിവർ പങ്കെടുത്തു.
വിദ്യാലയങ്ങളിൽ ച്യൂയിങ് ഗം നിരോധിക്കാനുള്ള ബ്ലോക്ക് പഞ്ചായത്തിൻ്റെ നീക്കത്തെ നിങ്ങൾ പിന്തുണയ്ക്കുന്നുണ്ടോ? അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: Kannur Block Panchayat launched 'Chewing Gum Suippanu', a microplastic awareness campaign based on studies showing chewing gum introduces microplastics, which can affect the nervous system and cause memory loss.
#Microplastic #ChewingGum #KannurNews #HealthAlert #BlockPanchayat #KeralaEnvironment