Ethical | വെന്റിലേറ്ററിലായ യുവാവിന്റെ ബീജം സൂക്ഷിക്കാന്‍ ഹൈക്കോടതി അനുമതി
കൊച്ചി: (KVARTHA) വാഹനാപകടത്തില്‍ ഗുരുതരാവസ്ഥയിലായ യുവാവിന്റെ ബീജം (Sperm) സൂക്ഷിക്കാന്‍ ഹൈക്കോടതി (High Court) അനുമതി നല്‍കിയിരിക്കുന്നു. യുവാവിന്റെ ഭാര്യയായ 34-കാരിയുടെ ഹര്‍ജിയില്‍ (Plea) പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ജസ്റ്റിസ് വി.ജി. അരുണ്‍ ഇടക്കാല ഉത്തരവിട്ടത് (Court Order).
കഴിഞ്ഞ വര്‍ഷം വിവാഹിതരായ ഈ ദമ്പതികള്‍ക്ക് മക്കളില്ല. യുവാവ് വെന്റിലേറ്ററില്‍ ആയതിനാല്‍, അദ്ദേഹത്തിന്റെ ബീജം സൂക്ഷിക്കുന്നത് ഭാവിയില്‍ മക്കളെ ഉണ്ടാക്കാനുള്ള അവരുടെ ആഗ്രഹം സാക്ഷാത്കരിക്കുന്നതിന് സഹായിക്കുമെന്നാണ് ഭാര്യ വ്യക്തമാക്കിയത്.
ഭർത്താവിന്റെ കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നതിനായി ‘അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി’ (എആർടി)ക്കുവേണ്ടി ഉപയോഗിക്കുന്നതിനായി ബീജം എടുത്തുസൂക്ഷിക്കാൻ അനുമതി ആവശ്യപ്പെട്ടാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.
ഭര്‍ത്താവിന്റെ ആരോഗ്യനില ഗുരുതരമാണെന്നും അനുദിനം വഷളാവുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഭര്‍ത്താവിന്റെ രേഖാമൂലമുള്ള സമ്മതം ലഭിക്കുക അസാധ്യമാണെന്നും വിഷയം ഇനിയും വൈകിയാല്‍ കൈവിട്ടുപോകുമെന്നും ഭാര്യയുടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. മേല്‍പ്പറഞ്ഞ ഘടകങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
എന്നാല്‍, തുടര്‍ നടപടികള്‍ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലേ ഉണ്ടാകാവൂ എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ ഹര്‍ജി സംബന്ധിച്ച അടുത്ത കേള്‍വി 9 ന് ആയിരിക്കും.
#medicalethics #reproductive rights #India #healthcare #law #courtdecision