Incident | വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ: ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
ADVERTISEMENT
● നടപടി ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരം.
● സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു.
● അന്വേഷണം പൂര്‍ത്തിയായാല്‍ കൂടുതല്‍ നടപടി.
തിരുവനന്തപുരം: (KVARTHA) എറണാകുളത്ത് വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ച് സര്‍ക്കാര്‍. ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുകയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. അന്വേഷണം പൂര്‍ത്തിയായാല്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും.
കോഴിക്കോട് കാരുണ്യതീരം സ്‌പെഷ്യല്‍ സ്‌കൂളില്‍നിന്ന് എറണാകുളത്തേക്ക് വിനോദയാത്രയ്ക്കു വന്ന കുട്ടികളും അനുഗമിച്ചവരും ഉള്‍പ്പെടെ 85 പേരാണ് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്. അതേസമയം, പത്തനംതിട്ടയിലെ ഒരു ഹോസ്റ്റലില്‍ ഭക്ഷണത്തില്‍ പുഴു കണ്ടെത്തിയ പരാതിയില്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ ദിവസം കാറ്ററിംഗ് യൂണിറ്റുകളില്‍ വ്യാപകമായ പരിശോധന നടത്തിയിരുന്നു. 28 സ്‌ക്വാഡുകളായി തിരിഞ്ഞ് 186 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതില്‍ 10 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ഹോസ്റ്റലുകളിലും പരിശോധന തുടരുന്നു.
ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷനോ ലൈസന്‍സോ നിര്‍ബന്ധമാണ്. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പഴകിയ ഭക്ഷണം നല്‍കാനോ ഭക്ഷണത്തില്‍ മായം ചേര്‍ക്കാനോ പാടില്ല.
#foodpoisoning, #foodsafety, #kerala, #health, #hygiene, #foodinspection
