Allegation | ഭക്ഷ്യവിഷബാധയെന്ന് സംശയം; ചൂരല്‍മല ദുരന്തബാധിതര്‍ താമസിക്കുന്ന ഫ്‌ലാറ്റിലെ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം


● 3 കുട്ടികള്‍ക്കാണ് ശാരീരിക അസ്വസ്ഥത നേരിട്ടത്.
● ഒരാളെ വൈത്തിരിയിലെ ആശുപത്രിയിലേക്ക് മാറ്റി.
● വിവരമറിഞ്ഞ് മന്ത്രി പി പ്രസാദ് ആശുപത്രിയിലെത്തി.
വയനാട്: (KVARTHA) ചൂരല്‍മല (Chooralmala) ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ താമസിക്കുന്ന ഫ്‌ലാറ്റില്‍ ഭക്ഷ്യവിഷബാധയെന്ന് (Food Poison) പരാതി. ഇവിടെ താമസിക്കുന്ന കുടുംബങ്ങളുടെ മൂന്ന് കുട്ടികള്‍ക്കാണ് ശാരീരിക അസ്വസ്ഥത നേരിട്ടത്. ഇവരില്‍ ഒരാളെ വൈത്തിരിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഏഴു് വയസ്സുള്ള ഒരു കുട്ടിയാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
വയനാട്ടിലെ മേപ്പാടിയില്‍ കഴിഞ്ഞ ദിവസം ദുരന്തബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കളായിരുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭക്ഷ്യവിഷബാധയെന്ന ആരോപണവും ഉയര്‍ന്നിരിക്കുന്നത്. ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഭക്ഷ്യ കിറ്റിലെ സോയാബീന്‍ പാകം ചെയ്ത് കഴിച്ചതിന് പിന്നാലെയാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പരാതി.
വിവരമറിഞ്ഞ് മന്ത്രി പി പ്രസാദ് താലൂക്ക് ആശുപത്രിയിലെത്തി. കുഞ്ഞിന്റെ ഭക്ഷ്യവിഷബാധയില്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് ചിലര്‍ പറയുന്നുവെന്ന് വിതുമ്പി കരഞ്ഞുകൊണ്ട് കുട്ടിയുടെ അമ്മ മന്ത്രിയോട് പറഞ്ഞു. ഭീഷണിയുണ്ടെങ്കില്‍ അറിയിക്കണമെന്നും ഒപ്പമുണ്ടെന്നും മന്ത്രി കുട്ടിയുടെ അമ്മയോട് പറഞ്ഞു.
ഭക്ഷണസാമഗ്രികളുടെ ഗുണനിലവാരം പരിശോധിക്കുവാന്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി പി പ്രസാദ് പ്രതികരിച്ചു. ഗുണനിലവാര പരിശോധന നടത്താന്‍ എല്ലാ സംവിധാനങ്ങളും നിലവിലുണ്ട്. കിറ്റിനകത്തെ ഭക്ഷണ സാമഗ്രികളുടെ പ്രശ്‌നമാണെങ്കില്‍ ഗൗരവതരമാണ്. ആരുടെ വീഴ്ചയാണെന്നതില്‍ പരിശോധന വേണമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളാണ് മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്തതെന്നാണ് പരാതി ഉയര്‍ന്നത്. പുഴുവരിച്ച അരി, കട്ടപ്പിടിച്ച റവ ഉള്‍പ്പടെയുള്ളവയാണ് വിതരണം ചെയ്തെന്നായിരുന്നു പരാതി. മൃഗങ്ങള്‍ക്ക് പോലും നല്‍കാന്‍ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നല്‍കിയിരിക്കുന്നതെന്നും വസ്ത്രങ്ങള്‍ ഉപയോഗിച്ചവയാണെന്നും ദുരന്ത ബാധിതര്‍ ആരോപിച്ചിരുന്നു.
എന്നാല്‍, സന്നദ്ധ സംഘടനകളും റവന്യു വകുപ്പും നല്‍കിയ ഭക്ഷ്യകിറ്റുകളാണ് ദുരന്തബാധിതര്‍ക്ക് നല്‍കിയതെന്നാണ് മേപ്പാടി ഗ്രാമപഞ്ചായത്ത് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രിമാരായ ജെ ആര്‍ അനിലും ഒ ആര്‍ കേളുവും വ്യക്തമാക്കിയിരുന്നു.
ഭക്ഷ്യസാധനങ്ങളുമായി ദുരന്തബാധിതര്‍ പഞ്ചായത്തിലെത്തി പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പഞ്ചായത്തില്‍ പ്രതിഷേധവുമായെത്തി. പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയിലേക്ക് പ്രതിഷേധക്കാര്‍ കയറാന്‍ ശ്രമിച്ചത് നേരിയ തോതിലുള്ള സംഘര്‍ഷത്തിലേക്ക് നയിച്ചു. പോലീസ് എത്തിയാണ്
പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചത്.
#foodpoisoning, #reliefcamp, #wayanad, #kerala, #healthcrisis