Accident | കളര്‍കോട് അപകടം: 4 വിദ്യാര്‍ഥികളുടെ ആരോഗ്യനില മെച്ചപ്പെട്ടു, ഒരാളെ എറണാകുളത്തേക്ക് മാറ്റി; കാര്‍ ഉടമയെ ആര്‍ടിഒ വിളിപ്പിച്ചുവരുത്തി
● നാലുപേരുടെ ആരോഗ്യനിലയിൽ ഗണ്യമായ പുരോഗതി
● ഒരു വിദ്യാർത്ഥിയെ തുടർ ചികിത്സയ്ക്കായി എറണാകുളത്തേക്ക് മാറ്റി
● അപകടത്തിൽ അഞ്ച് വിദ്യാർത്ഥികൾ മരിച്ചിരുന്നു
ആലപ്പുഴ: (KVARTHA) കളര്‍കോട് വാഹനാപകടത്തില്‍ പരുക്കേറ്റ അഞ്ച് എംബിബിഎസ് വിദ്യാര്‍ഥികളില്‍ നാലുപേരുടെ ആരോഗ്യനിലയില്‍ ഗണ്യമായ പുരോഗതിയെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപോര്‍ട്്. എന്നാല്‍, ഗുരുതരാവസ്ഥയിലായിരുന്ന ആല്‍ബിനെ തുടര്‍ ചികിത്സയ്ക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. തിങ്കളാഴ്ച രാത്രി കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ ഈ അപകടത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ ദാരുണമായി മരിച്ചിരുന്നു.
ആനന്ദ് മനു, ഗൗരി ശങ്കര്‍, മുഹ്സിന്‍, കൃഷ്ണദേവ് എന്നിവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതായി മെഡിക്കല്‍ ബോര്‍ഡ് റിപോര്‍ട് വ്യക്തമാക്കുന്നു. വെന്റിലേറ്ററില്‍ ഉണ്ടായിരുന്ന രണ്ട് പേരെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയെന്നും റിപോര്‍ടിലുണ്ട്. വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.
കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം (19), മലപ്പുറം സ്വദേശി ദേവനന്ദന്‍ (19), ആലപ്പുഴ സ്വദേശി ആയുഷ് ഷാജി (19), പാലക്കാട് സ്വദേശി ശ്രീദീപ് (19) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. ദേവാനന്ദിന്റെ സംസ്‌കാരം കോട്ടയം പാല മറ്റക്കരയിലെ തറവാട് വീട്ടിലും, ആയുഷ് ഷാജിയുടെ സംസ്‌കാരം കാവാലം നെല്ലൂരിലെ കുടുംബ വീട്ടിലുമായി ബുധനാഴ്ച നടന്നു. നിരവധി പേര്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
അതേസമയം അപകടത്തില്‍പ്പെട്ട കാറിന്റെ ഉടമയായ ഷാമില്‍ ഖാന്‍ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയ്ക്ക് മുന്നില്‍ ഹാജരായി. പൊലീസ് നല്‍കിയ നോട്ടീസിനെ തുടര്‍ന്നാണ് അദ്ദേഹം ഹാജരായത്. ഷാമില്‍ കാര്‍ വില്‍ക്കുകയും വാടകയ്ക്ക് നല്‍കുകയും ചെയ്യുന്നതായി പൊലീസ് പറയുന്നു. ഷാമിലിന്റെ മൊഴി രേഖപ്പെടുത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും പൊലീസ് അറിയിച്ചു. എന്നാല്‍ സൗഹൃദത്തിന്റെ പുറത്താണ് വിദ്യാര്‍ഥികള്‍ക്ക് വാഹനം നല്‍കിയതെന്നാണ് ഷാമില്‍ ഖാന്‍ പറയുന്നത്.വാഹനം വാടകക്ക് നല്‍കിയതാണോയെന്ന് അറിയാന്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥികളുടെ മൊഴിയെടുക്കുമെന്നും ആര്‍ടിഒ വ്യക്തമാക്കിയിട്ടുണ്ട്.
#KeralaAccident #KalarkodeAccident #MedicalStudents #RoadSafety #KeralaNews #IndiaNews #Tragedy #RIP #Condolences